ജെസ്‌നയുടെ തിരോധാനം; അന്വേഷണം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക്

കോട്ടയം: പത്തനംതിട്ടയിലെ മുക്കൂട്ടുതറയില്‍ നിന്നും മാസങ്ങള്‍ക്ക് മുമ്ബ് കാണാതായ ജെസ്‌നയ്ക്ക് എന്തു സംഭവിച്ചു എന്ന കാര്യത്തില്‍ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ഈ കേസില്‍ പുതിയ അന്വേഷണ സംഘം എത്തിയിട്ടും ഒന്നും സംഭവിക്കാത്ത അവസ്ഥയാണിപ്പോള്‍. ജെസ്‌നയോട് സാദൃശ്യമുള്ള യുവതിയെ പലയിടങ്ങളില്‍ കണ്ടതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എങ്കിലും അന്വേഷണത്തില്‍ യുവതിയെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചില്ല.ഇപ്പോള്‍ പുതിയ വഴികള്‍ തേടുകയാണ് അന്വേഷണ സംഘം.

അതിനിടെ കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ വിശദമായ മറ്റൊരു അന്വേഷണത്തിനും അന്വേഷണ സംഘം ഒരുങ്ങുകയാണ്. കാസര്‍കോട് കുമ്ബളയില്‍ നിന്നും കാണാതായ യുവതിയെ അസമിലെ ബംഗ്ലാദേശ് കുടിയേറ്റ മേഖലയില്‍ നിന്നു കുമ്ബള പൊലീസ് കണ്ടെത്തിയത് അടുത്തിടെയാണ്.ഒപ്പം പോയ യുവാവ് പൊലീസ് എത്തിയപ്പോഴേക്കും കടന്നുകളഞ്ഞു. ഒരു മാസം മുന്‍പാണു കടയിലേക്കാണെന്നു പറഞ്ഞു വീട്ടില്‍ നിന്നു പോയ പേരാല്‍ നീരോളിയിലെ 26 വയസ്സുള്ള യുവതിയെ കാണാതായത്.

കുമ്ബള മൊഗ്രാല്‍ ബേക്കറിയില്‍ ജീവനക്കാരനായ അസം നൗകാവ് റുപ്പായ്ഹട്ട് പശ്ചിം സല്‍പാറ സ്വദേശി അഷ്‌റഫുല്‍(24)മായി പ്രണയത്തില്‍ ആയിരുന്നു യുവതി. ഇരുവരുടെയും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു സൈബര്‍ സെല്‍ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് യുവതി അസമിലുണ്ടെന്നു മനസ്സിലായത്. തുടര്‍ന്നു ജില്ലാ പൊലീസ് മേധാവി അസം നൗകാവ് ജില്ല പൊലീസ് മേധാവിയുടെ സഹായം തേടിയാണ് അന്വേഷണം നടത്തിയത്.

ഈ സംഭവം പുറത്തുവന്നതോടെ അന്വേഷണ സംഘ മറ്റുവിധത്തിലാണ് ചിന്തിച്ചു തുടങ്ങിയത്. ജെസ്‌നയുടെ പിതാവ് നിര്‍മ്മാണ മേഖലയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. അതുകൊണ്ട് തന്നെ നിരവധി ഇതര സംസ്ഥാന തൊഴിലാളികളും ഇവടെ ജോലിക്കെത്താറുണ്ട്. ഇവരില്‍ ആര്‍ക്കെങ്കിലും ജെസ്‌നയുടെ തിരോധാനവുമായി ബന്ധമുണ്ടാകുമോ എന്ന അന്വേഷണം നടത്താനാണ് പൊലീസ് ഒരുങ്ങുന്നത്. ജെസ്‌നയെ തട്ടിക്കൊണ്ടു പോയിരിക്കുമോ എന്ന അന്വേഷണത്തിലാണ് പൊലീസ് ഒരുങ്ങുന്നത്. കാസര്‍കോട്ടെ സംഭവത്തിന് സമാനമായ കേസുകള്‍ ഇപ്പോള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്. ഈ സാചര്യത്തില്‍ കൂടുതല്‍ ജാഗ്രതയോടെ ആ വഴിക്കും അന്വേഷണം നടത്താനാണ് പൊലീസ് ഒരുങ്ങുന്നത്.

ഇതിനായി ജെസ്‌നയെ കാണാതാകുമ്ബോള്‍ പിതാവിനൊപ്പം ജോലി ചെയ്തിരുന്ന ഇതര സംസ്ഥാനക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘം ഉദ്ദേശിക്കുന്നത്. നിലവിലെ അന്വേഷണത്തില്‍ ജെസ്‌ന ഒളിച്ചോടിയോ ജീവിപ്പിച്ചിരിപ്പുണ്ടോ എന്ന കാര്യത്തില്‍ യാതൊരു വ്യക്തതയും ഇല്ല. ഇതിനിടെ ക്രൈംബ്രാഞ്ച് സംഘംജെസ്‌നയുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ കാണിച്ചു തെളിവുകള്‍ മുണ്ടക്കയത്തു നിന്നും ശേഖരിച്ചിരുന്നു. ക്രൈംബ്രാഞ്ചിന്റെ മുപ്പതംഗ സംഘമാണ് ഇപ്പോള്‍ കേസന്വേഷിക്കുന്നത്. ഇവര്‍ എല്ലാ സാധ്യതകളും പരിശോധിക്കുന്ന കൂട്ടത്തിലാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ കാര്യത്തിലും അന്വേഷണം നടത്തുന്നത്.