ജെഡിയു ശരദ് യാദവ് വിഭാഗം ഇനി ലോക് താന്ത്രിക് ജനതാദള്‍; പാര്‍ട്ടിക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരമായി

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: ജെഡിയു (ശരദ് യാദവ് വിഭാഗം) പുതിയ രാഷ്ട്രീയ പാര്‍ട്ടിയായി. ലോക് താന്ത്രിക് ജനതാദള്‍ എന്നാണ് പാര്‍ട്ടിയുടെ പേര്. കഴിഞ്ഞ ദിവസം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ പാര്‍ട്ടിയുടെ പേര് അംഗീകരിച്ചു.

കര്‍ഷകനോട് സാമ്യമുള്ള ഒരു ചിഹ്നം ലോക് താന്ത്രിക് ജനതാദളിന് അനുവദിച്ച് തരണമെന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോട് ശരദ് യാദവ് ആവശ്യപ്പെട്ടിട്ടുണ്ട്. അക്കാര്യം വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി അംഗീകരിച്ച് കൊടുക്കാനേ സാധ്യതയുള്ളൂ.

ലോക് താന്ത്രിക് ജനതാദളിന് പിറവിയായതോടെ ദേശീയ തലത്തില്‍ ശക്തമായ ഒരു രാഷ്ട്രീയ പ്രസ്ഥാനം കൂടി രൂപം കൊള്ളുകയാണ്. പരസ്പരം ചേരിതിരിഞ്ഞു പോരാടിക്കൊണ്ടിരിക്കുന്ന ഇന്ത്യയിലെ പ്രതിപക്ഷ നിരയെ ഒരു കുടക്കീഴിലാക്കുകയാണ് ലോക് താന്ത്രിക് ജനതാദളിന്റെ ലക്‌ഷ്യം.

മേയ്‌ 18ന് ഡല്‍ഹിയില്‍ തല്‍ക്കത്തോറ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് പുതിയ പാര്‍ട്ടി പ്രഖ്യാപനം നടക്കുന്നത്. ശരദ് യാദവുമായി അടുപ്പം സൂക്ഷിക്കുന്ന ജനതാദള്‍ നേതാക്കള്‍ മുഴുവന്‍ പാര്‍ട്ടിയുടെ പ്രഖ്യാപനത്തിനു കാതോര്‍ക്കാന്‍ തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ എത്തും.

പാര്‍ട്ടിയുടെ രാജ്യസഭാ അംഗങ്ങള്‍, ഗുജറാത്ത് നിയമസഭയിലെ പാര്‍ട്ടി അംഗങ്ങള്‍, മഹാരാഷ്ട്രാ ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ ഒരംഗം, അയ്യായിരത്തോളം പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍
സമ്മേളനത്തില്‍ പങ്കെടുക്കും. രാജ്യത്തെ പ്രമുഖ പ്രതിപക്ഷ നേതാക്കളെ തല്‍ക്കത്തോറയിലേയ്ക്ക്‌
ക്ഷണിക്കാനും ലോക് താന്ത്രിക് ജനതാദള്‍ ലക്ഷ്യമിടുന്നുണ്ട്.

‘രാജ്യത്തെ പ്രതിപക്ഷ കക്ഷികളെ ഒരു വേദിയില്‍ കൊണ്ടുവരാനും വര്‍ഗീയതയ്ക്കെതിരെ മതേതര ബദല്‍ സൃഷ്ടിക്കാനും പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം വഴി സാധ്യമാകും’ ജെഡിയു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വര്‍ഗീസ്‌ ജോര്‍ജ് 24 കേരളയോട് പറഞ്ഞു.

ഇപ്പോഴത്തെ പ്രതിപക്ഷ നിരയുടെ യോജിപ്പിനായി സൃഷ്ടിച്ചിരിക്കുന്ന 17 ദേശീയ പാര്‍ട്ടികളുടെ കണ്‍വീനര്‍ സ്ഥാനം നിലവില്‍ ജെഡിയു (ശരദ് യാദവ് വിഭാഗം) വിനെ നയിക്കുന്ന ശരദ് യാദവിനാണ്. 2019 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ പ്രതിപക്ഷ പാര്‍ട്ടികളുമായി ആശയവിനിമയം നടത്തി ബിജെപിക്കെതിരെ ശക്തമായ തിരഞ്ഞെടുപ്പ് പ്രചാരണം നടത്താനാണ് എല്‍ജെഡിയുടെ രാഷ്ട്രീയ തീരുമാനം – വര്‍ഗീസ്‌ ജോര്‍ജ് പറഞ്ഞു.

യുപിയിലെ ഫുല്‍പൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പ് മഹാസഖ്യ രാഷ്ട്രീയത്തിന്റെ കളിത്തൊട്ടില്‍ ആക്കാനുള്ള നീക്കത്തിന് പിന്നില്‍ ശരദ് യാദവ് ആയിരുന്നു കരുക്കള്‍ നീക്കിയത്. 2014ല്‍ കേശവ് പ്രസാദ് മൗര്യ 3,08,308 വോട്ടുകള്‍ക്ക് വിജയിച്ച മണ്ഡലത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി നിന്നപ്പോള്‍ ബിജെപിയ്ക്ക് യുപിയിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് തിരിച്ചടിയായി ഫുല്‍പൂര്‍ മാറി.

സമാജ്‌വാദി പാര്‍ട്ടിയുടെ നാഗേന്ദ്രപ്രതാപ് സിംഗ് പട്ടേല്‍ ബിജെപിയുടെ കുശലേന്ദ്ര സിംഗ് പാട്ടിലിനെ 59, 613 വോട്ടുകള്‍ക്കാണ് ഇവിടെ തോല്‍പ്പിച്ചത്. ബിജെപി ഉപമുഖ്യമന്ത്രിയായ കേശവ് പ്രസാദ് മൗര്യ നേടിയ 3,08,308 വോട്ടിന്റെ ഭൂരിപക്ഷം എങ്ങിനെ നഷ്ടമായി എന്ന് കണ്ടെത്താന്‍ ബിജെപിയ്ക്ക് ഇനിയും കഴിഞ്ഞിട്ടില്ല.

17 ദേശീയ പാര്‍ട്ടികളുടെ കണ്‍വീനര്‍ സ്ഥാനത്ത് നിന്നുകൊണ്ട്‌ ശരദ് യാദവ് നടത്തിയ ആദ്യ നീക്കമായിരുന്നു ഫുല്‍പൂരിലേത്. ഇതോടെയാണ് മഹാസഖ്യ രാഷ്ട്രീയത്തിന്റെ സാധ്യതകള്‍ പ്രതിപക്ഷനിര വീണ്ടും തിരിച്ചറിയുന്നത്. ഫുല്‍പൂരില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനു മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഫുല്‍പൂരിലെ പ്രതിപക്ഷ സ്ഥാനാര്‍ഥിയുടെ വിജയ സാധ്യതകള്‍ നിരത്തി 24 കേരള റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

അന്ന് 24 കേരള ശരദ് യാദവ് വിഭാഗത്തിന്റെ നേതാക്കളെ ഉദ്ധരിച്ച് നല്‍കിയ റിപ്പോര്‍ട്ടില്‍ ഫുല്‍പൂരില്‍ ഒരേ ഒരു പ്രതിപക്ഷ സ്ഥാനാര്‍ഥി മാത്രം എന്ന് വ്യക്തമാക്കിയിരുന്നു. എല്‍ജെഡി എന്ന പുതിയ പാര്‍ട്ടി ശരദ് യാദവ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പഴയ ജെഡിയുവുമായി ബന്ധപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ശരദ് യാദവ് അപ്പീല്‍ നല്‍കിയിട്ടുണ്ട്.

ജെഡിയു ചിഹ്നം ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ചതിനെതിരെയാണ് അപ്പീല്‍ നല്കിയിരിക്കുന്നത്. ആ അപ്പീലില്‍ വിധി വരും മുന്‍പ് തന്നെ പുതിയ പാര്‍ട്ടി ശരദ് യാദവ് രൂപീകരിച്ചിരിക്കുന്നു. ഈ കേസ് അടുത്ത മാസമാണ്‌ കോടതി പരിഗണിക്കുന്നത്.

ബീഹാറില്‍ രണ്ട് ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന്റെ ജെഡിയു പരാജയപ്പെട്ടതോടു കൂടി ശരദ് യാദവ് വിഭാഗത്തിലേയ്ക്കും ആര്‍ജെഡിയിലേയ്ക്കും ജെഡിയു പ്രവര്‍ത്തകരുടെ ഒഴുക്കുണ്ട്. നിലവിലെ ഈ അന്തരീക്ഷം വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്താനാണ് ലോക് താന്ത്രിക് ജനതാദളുമായി ശരദ് യാദവ് രംഗത്ത് വന്നിരിക്കുന്നത്. മേയ് 18 ലെ തല്‍ക്കത്തോറ ദേശീയ കണ്‍വെന്‍ഷന്‍ പാര്‍ട്ടിയുടെ ശക്തിപ്രകടനമായി മാറും എന്ന പ്രതീക്ഷയിലാണ് ലോക് താന്ത്രിക് ജനതാദള്‍ വൃത്തങ്ങള്‍ ഇപ്പോള്‍.