ജൂഥേ ദോ പൈസേ ലോ

സിദ്ധിഖ് പടപ്പിൽ

ടൈറ്റിൽ കണ്ടപ്പോൾ തന്നെ എല്ലാവരുടെയും മനസ്സിൽ മാധുരിയുടെ പച്ചയും, വെള്ളയും നിറത്തിലുള്ള ലെഹംഗ ഓടി വന്നിരിക്കും. കൂടെ കുട്ടിത്തം തോന്നിപ്പിക്കുകയും ആരെയും ആകർശിപ്പിക്കാൻ പോന്നതുമായ സൽമാൻ ഖാന്റെ വശ്യമനോഹര ചിരിയും. സിനിമയെയും പാട്ടിനെയും പറ്റിയല്ല ഉദ്ദേശിക്കുന്നത്‌. മറിച്ച്‌ ഈ ഗാനചിത്രീകരണത്തിൽ കാണിക്കുന്ന, ഉത്തരേന്ത്യയിൽ പ്രചാരത്തിലുള്ള ‘ജൂത്താ ചോരി’ എന്ന ആചാരത്തെക്കുറിച്ചാണ്‌.

ജൂഥാ ചുപായ്‌ എന്നും ജൂഥാ ചോരി എന്നും അറിയപ്പെടുന്ന വിവാഹചടങ്ങുകളിലെ കളി ഉത്തരേന്ത്യയിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്നു. കല്ല്യാണ ചടങ്ങിനെത്തിയ വധൂവരന്മാർ മണ്ഡപത്തിൽ കയറുന്നതിന്ന് മുൻപ് ഷൂസ്‌ താഴെ അഴിച്ച്മാറ്റി വെക്കും. ഇത്‌ കാണുന്ന വധുവിന്റെ അനിയത്തിമാരോ, കസിൻസുകളോ വരന്റെ ഷൂസ്‌ എടുത്ത്‌ മാറ്റി ഒളിപ്പിച്ച്‌ വെയ്ക്കും. പിന്നീട്‌ ഷൂ ഇടാൻ വരുമ്പോൾ സ്ഥലം ശൂന്യമായി കിടക്കുന്നത്‌ കാണുമ്പോൾ സഹോദരിയോട്‌ ചോദിക്കും. കളിയും ചിരിയും ചമ്മലുമൊക്കെ നിറഞ്ഞ വേളയിൽ അനിയത്തി ഷൂ ഞങ്ങൾ ഒളിപ്പിച്ച്‌ വെച്ചിട്ടുണ്ട്‌, ഒരു ഉചിതമായ തുക നൽകിയാൽ മാത്രമേ അത്‌ തിരിച്ച്‌ നൽകൂ എന്ന നിബന്ധന വെയ്ക്കും. ആവശ്യപ്പെടുന്ന തുകയിൽ ഇച്ചിരി ബാർഗൈനൊക്കെ നടത്താൻ വരന്റെ അനിയന്മാരും, കസിൻസുകളും ഒരു ശ്രമം നടത്തും. അനിയത്തിയോടുള്ള വാത്സല്യത്താലും കൂടിയിരിക്കുന്ന സദസ്സിന്ന് മുന്നിൽ ചമ്മാതിരിക്കാനുമായി വരൻ കാശ്‌ നൽകി, ഷൂ സ്വന്തമാക്കുന്നതോടെ ഈ ചടങ്ങിന് തിരശ്ശീല വീഴും.

തമിഴ്‌ ബ്രാഹ്മണർക്കിടയിൽ മറ്റൊരു വേർഷനുണ്ട്. തിരക്കഥയെഴുതിയ ഒരു നാടകം പോലെ. കല്ല്യാണ ചടങ്ങിന് തയ്യാറായി നിൽക്കുന്ന വരൻ കല്ല്യാണ ദിവസം രാവിലെ ഒരു കുടയും, വടിയും വിശറിയുമായി കാശിക്ക്‌ പോകാനൊരുങ്ങിയ വേഷത്തിൽ സദസ്സിലേക്ക്‌ വരുന്നു. കിഴികെട്ടി കക്ഷത്തിൽ വെച്ചിരിക്കുന്ന നാഴി അരിയും, വേദപുസ്തക ഭാണ്ഡവുമുണ്ടാവും കൈയ്യിൽ. എനിക്ക്‌ കല്ല്യാണത്തിലൊന്നും താൽപര്യമില്ല. ഞാൻ കാശിക്ക്‌ പോകുന്നു എന്ന് വിളിച്ച്‌ പറയുമ്പോൾ ഞെട്ടുന്നത്‌ അച്ഛനായിരിക്കും. ഇത്‌ ഈ സമുദായത്തിലെ എല്ലാ വിവാഹ ചടങ്ങിലും നടക്കുന്ന ഒരു ‘ആചാര നാടക’മാണ്‌ എന്നത്‌ കൊണ്ട്‌ ആ അച്ഛന് അറ്റാക്ക്‌ വരുന്നില്ലെന്ന് മാത്രം. ശേഷം വരന്റെ കാലിൽ വീണ് ആ പിതാവ്‌ കെഞ്ചണം. മോനേ, സന്യാസം സ്വീകരിക്കരുത്‌. താങ്കൾക്ക്‌ എന്റെ മകളുടെ ‘കന്യകാത്വം’ ഞാൻ തരുന്നു. സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചാൽ വരൻ തന്റെ വേഷവിധാനമൊക്കെ അഴിച്ച്‌ മാറ്റി സമ്മതം മൂളും.

ഇത്‌ പോലെയുള്ള തമാശകൾ കാസറഗോഡൻ വിവാഹങ്ങളിലുമുണ്ടാകാറുണ്ട്‌. വിവാഹചടങ്ങുകൾക്ക്‌ ശേഷം വൈകുന്നേരം വധുവിന്റെ വീട്ടിലായിരിക്കും വരനും അടുത്ത സുഹൃത്തുക്കൾക്കുമുള്ള ഡിന്നർ. ഭക്ഷണത്തിന്ന് ശേഷം വധുവിന്റെ കസിൻസ് പെണ്ണിനെ ബെഡ്‌റൂമിലേക്ക്‌ ആനയിച്ച്‌ കൊണ്ട്‌ പോകും. ശേഷം ഹാളിലിരിക്കുന്ന വരന്റെ അടുത്ത്‌ ചുറ്റും കൂടി അവിടന്ന് വിട്ട്‌ പോകാതിരിക്കാൻ തടസ്സം പോലെ നിൽക്കും. വരനാവട്ടെ ഇവിടെ നിന്ന് ഒഴിവായി വധുവിന്റടുത്തെത്താൻ വെമ്പി നിൽക്കുകയായിരിയ്ക്കും . ഒരു മാന്യമായ തുകയോ അല്ലെങ്കിൽ പ്രദേശത്തെ ഏറ്റവും മുന്തിയ ഹോട്ടലിലെ ഡിന്നർ ഓഫറോ മുമ്പോട്ട്‌ വെച്ചാൽ മാത്രം പുതിയാപ്ലയെ ബെഡ്‌റൂമിൽ അയക്കൂ എന്ന വാശിയിൽ വരൻ സന്ധിയിലേർപ്പെടും. അതിന് ശേഷമേ പുതിയാപ്ലയെ പോകാൻ അനുവദിക്കുകയുള്ളൂ.

ഇത്തരം കളിതമാശകൾ വിവാഹ ചടങ്ങുകളുടെ പൊലിമ കൂട്ടുകയും പരസ്പരം പരിചയമില്ലാത്ത രണ്ട്‌ വീടുകളിലെ ചെറുപ്പക്കാർ തമ്മിൽ പരിചയപ്പെടാനും ഊഷ്മള ബന്ധം കെട്ടിപ്പെടുക്കുവാനും സഹായിക്കുമെന്നതിൽ തർക്കമില്ല. വീട്ടിലെ മുതിർന്നവർ ഇത്തരം കളി തമാശകളെ പ്രോത്സാഹിപ്പിക്കാറില്ലെങ്കിലും കുട്ടികളുടെ ഇഷ്ടത്തിന്ന് വഴങ്ങി മിണ്ടാതെ അനുകൂലിക്കുന്നതും കണ്ടിട്ടുണ്ട്‌. ചില യഥാസ്ഥിതികരായ വിശ്വാസികൾ ഇതിനെ ആഭാസമെന്ന് പറഞ്ഞ്‌ മുദ്ര കുത്തുകയും പല്ലും, നഖവുമുപയോഗിച്ച്‌ എതിർക്കുന്നതും കാണാം. എന്തൊക്കെ തന്നെയായാലും മാന്യമായ കളിതമാശകൾ വിവാഹ ചടങ്ങുകളിലെ മാറ്റ്‌ കൂട്ടുമെന്നാണ്‌ കരുതുന്നത്‌.