‘ജീവിതം മെച്ചപ്പെടുത്തണോ? ആഴ്ചയിൽ ആറ് ദിവസവും സെക്‌സിലേര്‍പ്പെടൂ’

‘ജീവിതം മെച്ചപ്പെടുത്തണോ? ആഴ്ചയിൽ ആറ് ദിവസവും സെക്‌സിലേര്‍പ്പെടൂ’, പറയുന്നത് ജാക്ക് മാ. ലോകത്തിലെ ഏറ്റവും ധനികരിലൊരാൾ. 2019 ജനുവരി വരെയുള്ള കണക്ക് പ്രകാരം 39 ബില്യൺ ആസ്തി. ആഗോള റീട്ടെയിൽ ഭീമൻ ‘ആലിബാബ’യുടെ സഹസ്ഥാപകൻ. ഇക്കഴിഞ്ഞ ദിവസം തന്റെ കമ്പനിയിലെ ജീവനക്കാരുടെ സമൂഹവിവാഹത്തിൽ അനുഗ്രഹപ്രഭാഷണം നടത്തവേയാണ് ജാക്ക് മാ തന്റെ സഹപ്രവർത്തകർക്ക് വിവാദ ഉപദേശം നൽകിയത്.

‘നിങ്ങൾക്ക് നിങ്ങളുടെ മികവ്‌ വർദ്ധിപ്പിക്കണോ? എങ്കിൽ ‘669’ പാലിക്കൂ. ആറ് ദിവസം, ആറ് തവണ, ദൈർഘ്യം സുപ്രധാനം’. ഇതായിരുന്നു അദ്ദേഹം നൽകിയ ഉപദേശം. എല്ലാ വർഷവും ‘ആലിദിന’ത്തിലാണ് (മേയ് 10) സമൂഹവിവാഹം. ജോലിയില്‍ ‘996’ (രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ ജോലി, ആഴ്ചയിൽ 6 ദിവസം’) എന്ന നിർദ്ദേശം തന്റെ ജീവനക്കാർക്ക് കഴിഞ്ഞ മാസം നല്കി ജാക്ക് മാ ഒരു വിവാദത്തിന് തിരികൊളുത്തിയിരുന്നു

ചൈനയിലെ കുപ്രസിദ്ധമായ ‘996’ ജോലി സംസ്‌കാരം തന്റെ സ്ഥാപനത്തിലും നടപ്പാക്കണമെന്നാണ് ജാക് മാ ഇതുകൊണ്ട് ഉദ്ദേശിച്ചത്. മായുടെ ‘669’ നിർദ്ദേശത്തോട് ആലിബാബയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രതികരിച്ച ഒരാൾ ചോദിച്ചു: ‘996’ കഴിഞ്ഞാൽ ‘669’ന് ലോകത്ത് ആർക്ക് ശേഷിയുണ്ടാകും?’

ജാക്ക് മാ എന്ന ചൈനയിലെ വിഗ്രഹസമാന വ്യക്തിത്വത്തോട് വിയോജിച്ച് മറ്റൊരാൾ എഴുതി: ‘ഇത്തരം വൃത്തികെട്ട ഒരു ഫലിതം പൊതുവേദിയിൽ പറയുക, പിന്നെ അത് നാണമില്ലാതെ പ്രചരിപ്പിക്കുക! പ്രായപൂർത്തിയാകാത്തവരോട് എന്ത് ഉത്തരവാദിത്തമില്ലായ്മയാണ് നിങ്ങൾ കാട്ടുന്നത്? ഇക്കുറി ഞാൻ നിങ്ങളോട് വിയോജിക്കുന്നു’.