ജീവനില്‍ ഭയമുണ്ട്; വീണ്ടും മൊഴി കൊടുക്കാനില്ലെന്ന് നിഖില

തിരുവനന്തപുരം: എസ്​.എഫ്​.ഐയുടെ പീഡനം സഹിക്കാനാവാതെ താന്‍ ആത്മഹത്യക്ക്​ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട്​ പൊലീസിന് വീണ്ടും മൊഴി കൊടുക്കാന്‍ താത്പര്യമില്ലെന്ന് യൂണിവേഴ്‌സിറ്റി  കോളജിലെ മുന്‍ വിദ്യാര്‍ഥിനി നിഖില. ജീവനില്‍ ഭയമുണ്ടെന്നും പൊലീസിനെ വിശ്വാസമില്ലെന്നും നിഖില പറഞ്ഞു.

ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞ കാര്യങ്ങള്‍ താന്‍ അന്നും ഇന്നും നിഷേധിച്ചിട്ടില്ല. പരാതിയില്ലെന്ന്​ മാത്രമേ പറഞ്ഞിട്ടുള്ളൂ. തനിക്ക്​ 18 വയസേ ആയിട്ടുള്ളൂ. ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്​. കേസിന്റെ പുറകെ പോകാന്‍ താത്​പര്യമില്ല. നാടിന്റെ നിയമത്തേയും നിയമപാലകരേയും വിശ്വാസമില്ലെന്നും നിഖില കൂട്ടിച്ചേര്‍ത്തു.

അതേസമയം നിഖിലയുടെ  മൊഴി വീണ്ടും എടുക്കും. പരീക്ഷാക്രമമക്കേടുകളെക്കുറിച്ചും അന്വേഷിക്കും. മാധ്യമങ്ങളോട് ആരോപണങ്ങള്‍ ഉന്നയിച്ച സാഹചര്യത്തിലാണിത്. എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരായ ആരോപണങ്ങളും പരിശോധിക്കും.