ജി 7 ഉച്ചകോടിയിലേക്ക് മോദിയെ ക്ഷണിച്ച് ഫ്രഞ്ച് പ്രസിഡന്റ്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ, ജി 7 ഉച്ചകോടിയിലേക്ക് ക്ഷണിച്ച്് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍. ആഗസ്റ്റ് 25 മുതല്‍ 27 വരെ ഫ്രാന്‍സില്‍ നടക്കുന്ന ഉച്ചകോടിയില്‍ മോദി പങ്കെടുക്കും. റഫാല്‍ വിവാദത്തിന് ശേഷമുള്ള മോദിയുടെ ആദ്യ ഫ്രാന്‍സ് യാത്രയായിരിക്കും ഇത്.

റഫാല്‍ യുദ്ധ വിമാനങ്ങള്‍ ഫ്രാന്‍സ് ഇന്ത്യയ്ക്ക് നല്‍കാനിരിക്കയാണ് പ്രധാനമന്ത്രിക്കുള്ള ക്ഷണം. യു.എസ്., ബ്രിട്ടന്‍, ഫ്രാന്‍സ്, കാനഡ, ജര്‍മനി, ഇറ്റലി, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് ജി-7 കൂട്ടായ്മയിലുള്ളത്. 1981 മുതല്‍ യൂറോപ്യന്‍ യൂണിയനും പങ്കെടുക്കുന്നുണ്ട്. 45ാം ജി-7 ഉച്ചകോടിയാണ് ഫ്രാന്‍സിലെ ബിയാര്‍ട്ടീസില്‍ നടക്കുന്നത്.

ഇന്ത്യ ഒരു വളരുന്ന സാമ്പത്തിക ശക്തിയാണെന്ന് മനസിലാക്കി ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ബന്ധം ദൃഢമാകുന്ന സൂചനകൂടിയാണ് ഇത്. പ്രധാനമന്ത്രി ക്ഷണം സ്വീകരിച്ച് ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നും, ചര്‍ച്ചകള്‍ നടത്തും എന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് അറിയിച്ചു.