ജി 20 ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെത്തി

ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെത്തി. ജപ്പാനിലെ ഒസാക്കയിലാണ് ഉച്ചകോടി നടക്കുന്ന വേദി.അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാടിമര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് എന്നിവര്‍ ഇന്ന് ഒസാകയിലെത്തും.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ള ലോകനേതാക്കളുമായി ഉച്ചകോടിക്കിടെ മോദി കൂടിക്കാഴ്ച നടത്തും. ഇറാന്‍ യുഎസ് സംഘര്‍ഷം, ഹോങ്കോങ് പ്രക്ഷോഭം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളും ഉച്ചകോടിയില്‍ ചര്‍ച്ചയായേക്കും.

സ്ത്രീ ശാക്തീകരണം, സാങ്കേതികവിദ്യ, സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കല്‍ എന്നിവയാണ് ഉച്ചകോടിയുടെ പ്രധാന അജണ്ടകള്‍. 2022-ല്‍ നടക്കാന്‍ പോകുന്ന ജി 20 ഉച്ചകോടിയുടെ ആതിഥേയരാവാന്‍ തയ്യാറെടുക്കുന്ന ഇന്ത്യക്ക് ഒസാക്ക ഉച്ചകോടി നിര്‍ണായകമാവും.