ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊല നടന്നിട്ട് 100 വർഷം

ന്യൂ​ഡ​ല്‍​ഹി:  ലോകത്തെ നടുക്കിയ ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയ്ക്ക് നൂറ് വര്‍ഷം. 1919 ഏപ്രില്‍ 13ന് അമൃത്സറില്‍ നടന്ന കൂട്ടക്കുരുതിയില്‍ ആയിരങ്ങളാണ് മരിച്ചുവീണത്. ഒരു നൂറ്റാണ്ടിന് ശേഷം സംഭവത്തില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് ഖേദം പ്രകടിപ്പിച്ചെങ്കിലും മാപ്പ് പറയണമെന്നാണ് ഇന്ത്യയുടെ ആവശ്യം. നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് അമൃത്‌സറിലെ രക്തസാക്ഷി സ്മാരകത്തില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

ഇന്ത്യൻ സ്വാതന്ത്യ സമരചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ സംഭവമാണ് ജാലിയൻ വാലാബാഗ് കൂട്ടക്കൊല. ബ്രിട്ടീഷ് ഭരണകൂടം പാസാക്കിയ റൗലറ്റ് എന്ന കരിനിയമത്തിനെതിരെയുള്ള പ്രതിഷേധമാണ് കിരാതമായ നടപടിയിലേക്ക് നയിച്ചത്. പ്രതിഷേധത്തിനിടെ അറസ്റ്റിലായ നേതാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബിലെ അമൃത്സറിൽ ആയിരങ്ങൾ ചേർന്ന് യോഗം സംഘടിപ്പിച്ചു.

ജാലിയൻ വാലാബാഗ് എന്ന തുറസ്സായ മൈതാനത്തായിരുന്നു യോഗം. ചുറ്റും വീടുകൾ കൊണ്ട് മതിൽ കെട്ടിയ സ്ഥലമായിരുന്നു ഈ മൈതാനം. യോഗസ്ഥലത്തേക്ക് ഇരച്ചെത്തിയ ബ്രിഗേഡിയർ റെജിനാള്ഡ് ഡയറും സംഘവും ജനങ്ങൾക്ക് നേരെ വെടിയുതിർത്തു. നൂറ് കണക്കിനാളുകൾ മരിച്ചുവീണു. 379 പേർ മരിച്ചുവെന്നാണ് ബ്രിട്ടന്റെ ഔദ്യോഗിക കണക്ക്. ആയിരങ്ങൾ കൊല്ലപ്പെട്ടുവെന്ന് ഇന്ത്യ പറയുമ്പോഴും കൃത്യമായ കണക്ക് രാജ്യത്തിന്റെ കൈവശമില്ല. 

സംഭവത്തെക്കുറിച്ച് അന്വേഷിച്ച ഹണ്ടർ കമ്മീഷൻ ഡയറിന് യാതൊരുവിധ ശിക്ഷയും ശുപാർശ ചെയ്തിരുന്നില്ല. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യം കുറിക്കപ്പെട്ട സംഭവങ്ങളിലൊന്നായി ജാലിയൻവാലാബാഗ് കൂട്ടക്കൊല കണക്കാക്കപ്പെടുന്നു. സംഭവത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മെയ് കഴിഞ്ഞ ദിവസം പാർലമെന്റിൽ ഖേദം പ്രകടിപ്പിച്ചിരുന്നു.