ജാര്‍ഖണ്ഡിലെ ആള്‍കൂട്ടക്കൊലപാതകം, ഭരണപക്ഷത്തിന്റെ നിശബ്ദത ഞെട്ടിക്കുന്നു; രാഹുല്‍ ഗാന്ധി

ജാര്‍ഖണ്ഡില്‍ മോഷണക്കുറ്റം ആരോപിച്ച് തബ്രെസ് അന്‍സാരിയെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്ര ഗവണ്‍മെന്റിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി.ആള്‍ക്കൂട്ട കൊലപാതകം മനുഷ്യത്വത്തിനേറ്റ കളങ്കമാണെന്നും അധികാരികളുടെ നിശബ്ദത തന്നെ ഞെട്ടിക്കുന്നുവെന്നും രാഹുല്‍ വിമര്‍ശിച്ചു.

മരണാസന്നനായ യുവാവിനെ പൊലീസ് ദിവസങ്ങളോളം കസ്റ്റഡിയില്‍ വച്ച നടപടി ആരെയും ഞെട്ടിക്കുന്നതാണെന്നും ബി ജെ പി ഭരിക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിശബ്ദതയെ ചോദ്യം ചെയ്തുകൊണ്ട് രാഹുല്‍ ട്വീറ്ററില്‍ പ്രതികരിച്ചു.

ഝാര്‍ഖണ്ഡിലെ ഖര്‍സ്വാന്‍ ജില്ലയില്‍ ജൂണ്‍ 18നാണ് 24കാരനായ തബ്രെസ് അന്‍സാരിയെ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം ആക്രമിച്ചത്. ഗുരുതരാവസ്ഥയില്‍ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ച അന്‍സരി ജൂണ്‍ 22 ന് മരണപ്പെട്ടു.