‘ജാക്ക് ആന്‍ഡ് ജില്‍’ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരുക്ക്‌

ജാക്ക് ആന്‍ഡ് ജില്‍ സിനിമയുടെ ചിത്രീകരണത്തിനിടെ നടി മഞ്ജു വാരിയര്‍ക്കു പരിക്ക്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഹരിപ്പാട്ടെ ലൊക്കേഷനിലാണ് സംഭവം. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് മഞ്ജുവിനു പരിക്കേറ്റത്.

പരുക്ക് ഗുരുതരമല്ലെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. നെറ്റിയില്‍ പരിക്കേറ്റ മഞ്ജുവിനെ ഉടന്‍ തന്നെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിക്കുകയും പ്രഥമ ശുശ്രൂഷ നല്‍കുകയും ചെയ്തു. ചിത്രീകരണം മുടങ്ങില്ല.

മഞ്ജു വാരിയർ, കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നെടുമുടി വേണു, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങി വന്‍താരനിരയും ചിത്രത്തിലുണ്ട്. ലണ്ടനാണ് മറ്റൊരു ലൊക്കേഷന്‍.

2011ൽ റിലീസായ ‘ഉറുമി’ക്കു ശേഷം സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് ‘ജാക്ക് ആൻഡ് ജിൽ’. ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന മുഴുനീള എന്റര്‍ടെയ്നറാകും ചിത്രം.