ജലദോഷത്തെ നിയന്ത്രിക്കാന്‍ സ്വാഭാവികമായ വഴികള്‍

 


ജലദോഷം വരുമ്പോള്‍ എല്ലാവര്‍ക്കും അസഹ്യവും, അലോസരപ്പെടുത്തുന്നതുമാണ്. കാലാവസ്ഥാ മാറ്റമോ പനിയോ ജലദോഷത്തിന് കാരണമാകാം. മറ്റ് കാരണങ്ങളാലും ജലദോഷമുണ്ടാകാം. അമിതമായ തുമ്മല്‍, ചുമ, തൊണ്ടയിലുണ്ടാകുന്ന അസ്വസ്ഥതകള്‍, നേരിയ തലവേദന ഉള്‍പ്പെടെയുള്ളവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. ഇതിനെ മറികടക്കാന്‍ ഉയര്‍ന്ന അളവിലുള്ള ആന്റിബയോട്ടിക്കുകളെ ആശ്രയിക്കുകയാണ് പലരും. എന്നാല്‍ ജലദോഷത്തെ നിയന്ത്രിക്കാന്‍ സ്വാഭാവികമായ വഴികളുണ്ട്. അഞ്ച് ഭക്ഷണ പദാര്‍ഥങ്ങള്‍ ഇതിന് നിങ്ങളെ സഹായിക്കും.
വെളുത്തുള്ളിയും സവാളയും

വെളുത്തുള്ളിയിലും സവാളയിലുമുള്ള ആന്റിബാക്ടീരിയല്‍ ഘടകങ്ങള്‍ പനിയുടെ ലക്ഷണങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളവയാണ്. ആരോഗ്യദായകമായ സൂപ്പ് രീതിയില്‍ ഇവ കഴിക്കാം.

തേന്‍

ആയുര്‍വേദമരുന്നുകളില്‍ പലതിലും തേന്‍ ഒരു പ്രധാനഘടകമാണ്. ബാക്ടീരിയയെ തടയാന്‍ കഴിവുള്ള തേന്‍ ഒട്ടേറെ രോഗങ്ങള്‍ക്ക് പ്രതിരോധവും തീര്‍ക്കുന്നു. തിളപ്പിച്ചാറിയ പാലിലോ ഇളം ചൂടുള്ള വെള്ളത്തിലോ തേന്‍ ചേര്‍ത്തു കഴിക്കുന്നത് ജലദോഷത്തില്‍ നിന്ന് ആശ്വാസം നല്‍കാന്‍ സഹായിക്കും. ശരീരത്തിന് ഉണര്‍വും ഉന്മേഷവും നല്‍കാന്‍ തേനുപയോഗിക്കാം

ഗ്രീന്‍ ടീ

ആന്റി ഇന്‍ഫ്‌ലമേറ്ററി ഘടകങ്ങള്‍ അടങ്ങിയ ഫ്‌ലവനോയിഡ് ധാരാളമായി ഗ്രീന്‍ ടീയില്‍ അടങ്ങിയിട്ടുണ്ട്. ഇത് മികച്ച രോഗപ്രതിരോധ ശേഷിക്കും അതുവഴി മികച്ച ശാരീരിക അവസ്ഥക്കും സഹായകം. ജലദോഷത്തിന് കാര്യമായ മാറ്റമുണ്ടാക്കാന്‍ ഗ്രീന്‍ ടീക്ക് സാധിക്കും.
വിറ്റാമിന്‍ സി


വിറ്റാമിന്‍ സി, മനുഷ്യ ശരീരത്തിന് ഏറെ ആവശ്യമുള്ള പോഷകമാണ്. വിറ്റാമിന്‍ സി കൂടുതലായുള്ള ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ പ്രതിരോധ ശേഷിയെ ഉയര്‍ത്തും. പപ്പായ, ഓറഞ്ച്, സ്‌ട്രോബറി, കാപ്‌സിക്കം, മത്തങ്ങ തുടങ്ങിയവ വിറ്റാമിന്‍ സിയുടെ സാന്നിധ്യം കൂടുതലുള്ളവയാണ്.

ബ്ലൂബെറി പഴങ്ങള്‍

ആന്റി ഓക്‌സിഡന്റ് ഘടകങ്ങള്‍ ധാരാളമായുള്ള ബ്ലൂബെറി പഴങ്ങള്‍ (നീല നിറത്തില്‍ മുന്തിരിപോലുള്ള ഒരു പഴം) കഴിക്കുന്നത് രോഗപ്രതിരോധ ശേഷി ഉയര്‍ത്തും. പ്രഭാത ഭക്ഷണത്തിനൊപ്പമോ തനിച്ചോ ഇവ കഴിക്കാം.