ജയറാമും കണ്ണൻ താമരക്കുളവും വീണ്ടും ഒന്നിക്കുന്നു; ചിത്രം ‘പട്ടാഭിരാമന്‍’

ജയറാം–കണ്ണൻ താമരക്കുളം കൂട്ടുകെട്ടിൽ വീണ്ടുമൊരു ചിത്രം. നാലാമതും ഇവർ ഒന്നിക്കുന്ന ചിത്രത്തിന്റെ പേര് പട്ടാഭിരാമന്‍. അയ്യര്‍ ദി ഗ്രേറ്റ് എന്ന വിശേഷണത്തോടെയാണ് ജയറാം ചിത്രത്തില്‍ എത്തുന്നത്.

ജയറാമിനെ കൂടാതെ ബൈജു സന്തോഷും ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷത്തില്‍ എത്തുന്നു. ഒപ്പം ഹരീഷ് കണാരന്‍, ധര്‍മജന്‍, രമേശ് പിഷാരടി, നന്ദു, സായികുമാര്‍, തമിഴ് നടന്‍ മഹീന്ദ്രന്‍, പ്രജോദ് കലാഭവന്‍, മിയ, ഷീലു എബ്രഹാം, ഷംന കാസിം, പാര്‍വതി നമ്പ്യാര്‍, ലെന, തെസ്‌നിഖാന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

ദിനേഷ് പള്ളത്ത് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് എം ജയചന്ദ്രനാണ് സംഗീതം പകരുന്നത്. പട്ടാഭിരാമന്റെ പ്രധാന ലൊക്കേഷന്‍ തിരുവനന്തപുരമാണ്. സിനിമയിലെ മറ്റ് താരങ്ങളെ കുറിച്ചും സിനിമയുടെ പ്രമേയം എന്താണെന്നുള്ളതിനെ സംബന്ധിച്ചും കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ വരും.