ജമ്മുവില്‍ തെരഞ്ഞെടുപ്പ് പശ്ചിമ ബംഗാളിലേതിനെക്കാള്‍ സമാധാനപരം ; മമതക്കെതിരെ വിമർശനവുമായി മോദി

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ നടന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മമതാ സര്‍ക്കാരിനെ കുറ്റപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് . ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പ് പശ്ചിമ ബംഗാളിലെതിനേക്കാള്‍ സമാധാനപരമാണെന്ന് ദേശീയ മാധ്യമത്തോട് മോദി പറഞ്ഞു.

കശ്മീരിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് ഒരു പോളിങ് ബൂത്തില്‍നിന്നും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം അനേകം പേര്‍ ബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് സമയത്ത് കൊല്ലപ്പെട്ടു . വീടുകള്‍ അഗ്നിക്കിരയാക്കി. ജാര്‍ഖണ്ഡിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും അവര്‍ പാലായനം ചെയ്തെന്നും അവര്‍ ചെയ്ത തെറ്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചു എന്നതായിരുന്നെന്ന് മോദി കൂട്ടിച്ചേര്‍ത്തു. ബംഗാളിലെ അക്രമത്തെ കുറിച്ച്‌ ജനാധിപത്യവിശ്വാസികളും നിഷ്പക്ഷരായിരുന്നവരും നിശബ്ദത പുലര്‍ത്തുന്നുവെന്നത് ഏറെ ഉത്കണ്ഠയുണ്ടാക്കുന്നെന്നും മോദി പറഞ്ഞു. എന്നോടുള്ള വെറുപ്പിന്റെ പേരില്‍ അവര്‍ മറ്റെല്ലാം ക്ഷമിക്കുകയാണ്. ഈ നടപടി രാജ്യത്ത് പ്രശ്‌നങ്ങളുണ്ടാക്കും- മോദി പ്രതികരിച്ചു