ജമ്മുകാശ്മീരില്‍ 2 ഭീകരരെ സുരക്ഷാ സേന വധിച്ചു; ഏറ്റുമുട്ടല്‍ തുടരുന്നു

അനന്ത്‌നാഗ്: ജമ്മുകാശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ 2 ഭീകരരെ സുരക്ഷാ സേന വധിച്ചു. ഇന്ന് രാവിലെ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഏറ്റുമുട്ടല്‍ നടക്കുന്ന മേഖല സൈന്യം പൂര്‍ണ്ണമായി വളഞ്ഞിരിക്കുകയാണ്. മേഖലയില്‍ കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഭീകരര്‍ക്കായി നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. രാഷ്ട്രീയ റൈഫിള്‍സ്, കാശ്മീര്‍ പോലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് എന്നിവര്‍ സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്. 2 ഭീകരരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

ജൂണ്‍ 12-ന് അനന്ത്‌നാഗില്‍ ഭീകരാക്രമണം ഉണ്ടായതിന്റെ പിന്നാലെയാണ് മേഖലയില്‍ വീണ്ടും ഏറ്റുമുട്ടല്‍ ഉണ്ടായിരിക്കുന്നത്. ബുധനാഴ്ച ഉണ്ടായ ആക്രമണത്തില്‍ 6 സുരക്ഷാ സേന ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചിരുന്നു. ബൈക്കിലെത്തിയ ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ സിആര്‍പിഎഫ്-പോലീസ് പട്രോള്‍ സംഘത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.