ജപ്പാനില്‍ കനത്ത മഴ;മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടാവുമെന്ന് മുന്നറിയിപ്പ്

കിയോഷു: ജപ്പാനില്‍ കനത്ത മഴ തുടരുന്നു. കഗോഷിമയില്‍ കനത്ത മഴയില്‍ വീടിന്റെ മതില്‍ ഇടിഞ്ഞ് വീണ് ഒരു സ്ത്രീ മരണപ്പെട്ടു. ജനങ്ങളോട് എത്രയും പെട്ടെന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി .

ജപ്പാനിലെ മൂന്ന് പ്രധാനനഗരങ്ങളായ കഗോഷിമ, കിരിഷിമ, ഐറ എന്നിവിടങ്ങളില്‍ നിന്ന് എട്ട് ലക്ഷത്തോളം ആളുകളോട് എത്രയും പെട്ടെന്ന് ഒഴിഞ്ഞ് പോകാനും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി ഷിന്‍സോ ആബേയും ജനങ്ങളോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാന്‍ ആഹ്വാനം ചെയ്തു.

കഴിഞ്ഞ വെള്ളിയാഴ്ച്ച മുതല്‍ പെയ്യുന്ന മഴയില്‍ 1000 മില്ലിമീറ്റര്‍ മഴ തെക്കന്‍ കിയോഷുവില്‍ മാത്രം ലഭിച്ചുവെന്നാണ് കാലവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്ക്. മഴ കൂടാനാണ് സാധ്യതയെന്നും ഇത് മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും കാരണമാവുമെന്നും കാലവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.