ജപ്തി ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ;സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം:  നെയ്യാറ്റിന്‍കര മാരായമുട്ടത്ത് ബാങ്ക് ജപ്തി ഭീഷണിയെ തുടർന്ന് അമ്മയും മകളും തീകൊളുത്തി മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ബാങ്കിന്റെ നടപടിയില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേ​ന്ദ്രന്‍ പറഞ്ഞു. നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വെള്ളറട സിഐക്കാണ് അന്വേഷണ ചുമതല. ഇക്കാര്യത്തില്‍ ബാങ്കിന് വീഴ്ച പറ്റിയോയെന്ന് പരിശോധിക്കും.

തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ മാരായമുട്ടത്ത് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ബാങ്ക് വായ്പ മുടങ്ങിയതിന് ഇവരുടെ വീട് നാളെ ബാങ്ക് ജപ്തി ചെയ്യാനിരിക്കുകായാണെന്നാണ് വിവരം. ഇക്കാര്യം അറിയിച്ച ബാങ്കില്‍ നിന്ന് ഫോണ്‍ വന്നതിന് പിന്നാലെ അമ്മയും മകളും സ്വയം തീ കൊളുത്തുകയായിരുന്നു.

വീട് നിര്‍മ്മാണത്തിനായി കാനറ ബാങ്കില്‍ നിന്ന് 7.80 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന ഇവര്‍ക്ക് വായ്പയടക്കാന്‍ കഴിയാത്തതില്‍ മനംനൊന്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് അയല്‍ക്കാര്‍ പറയന്നത്. ജപ്തി നടപടികളുമായി ബാങ്കുകാര്‍ നിരന്തരം വിളിച്ചിരുന്നതായും അയല്‍ക്കാര്‍ പറയുന്നു.