ജനാധിപത്യത്തിൽ തുല്യ നീതി പാലിക്കപ്പെടുന്നുണ്ടോ…?

അനീഷ് സഹദേവൻ

സ്വതന്ത്ര്യലബ്ദി 71 വർഷം പിന്നിട്ടിരിക്കുന്നു. ഒന്ന് തിരിഞ്ഞു നോക്കിയാല്‍ എന്തുണ്ട് നമ്മുടെ കൈയ്യില്‍..?  വളച്ചൊടിച്ച ചരിത്രവും, വിചിത്രമായ വരട്ടുവാദങ്ങളും മാത്രം. മാതൃരാജ്യത്തെ വിറ്റ് പണം സമ്പാദിക്കുന്ന ദേശ സ്നേഹികളും ഉണ്ട്. നാം കൊടുക്കുന്ന നികുതി പണം കൊണ്ട് കൊഴുത്തു തടിച്ച രാഷ്ട്രീയക്കാരും അവരുടെ കുട്ടിക്കുരങ്ങന്മാരും. എല്ലാം കൂടി നാട്‌ കുട്ടിച്ചോർ ആക്കുന്നു. ഇവരുടെയെല്ലാം തനി നിറം എന്താണ്…?

ഒക്കെ ഒരു കണക്കാണ്. എല്ലാ രാഷ്ട്രീയ കക്ഷികളും ഒരുപോലെ തന്നെയാണ് എന്ന വിശ്വാസം നമ്മളിൽ അടിയുറപ്പിക്കുന്ന പ്രവർത്തികളാണ് അവർ ചെയ്യുന്നത്. പുറമേ നിന്ന് മോടി കാണിക്കുന്നതും, മേനി നടിക്കുന്നതും ഒഴിവാക്കിയാൽ എല്ലാ കക്ഷികളുടെയും, മത സംഘടനകളുടെയും ഉദ്ദേശം രാജ്യത്തെയും ജനങ്ങളെയും നന്നാക്കൽ അല്ല. സ്വന്തം കീശയും, പണപ്പെട്ടിയും ആരും അറിയാതെ വീർപ്പിക്കുക എന്നത് തന്നെയാണ്.

ഈ കക്ഷികളിലും, സംഘടനകളിലും ആദർശ ശുദ്ധിയോടെ പ്രവർത്തിക്കുന്നവരെ എങ്ങിനെയും വ്യക്തിഹത്യ ചെയ്തും, അപമാനിച്ചും നിഷ്പ്രഭരാക്കുന്നു. സത്യസന്ധതയും, ആത്മാർത്ഥതയും ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്ന് നീക്കം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. അരാഷ്ട്രീയ വാദികൾ ആയ രാഷ്ട്രീയക്കാർ ജനങ്ങളെയും അരാഷ്ട്രീയമായി തന്നെ സ്വാധീനിക്കുന്നു. തങ്ങൾ വിശ്വസിക്കുന്ന രാഷ്ട്രീയ കക്ഷി എന്തു തെറ്റ് ചെയ്താലും ന്യായീകരിക്കുന്ന രീതി ഇന്ന് വ്യാപകമാണ്. അത് കയ്യോടെ പിടിക്കപ്പെട്ടാൽ മതം അല്ലെങ്കിൽ, ഇര വാദം പറഞ്ഞു രക്ഷപ്പെടാനും രക്ഷപ്പെടുത്താനും ആളുകൾ ഉണ്ട്.

പ്രവൃത്തിയും, പ്രവർത്തനവും തമ്മിലെ ചേർച്ചക്കുറവും പ്രകടമാണ്. മതഭീകര സംഘടനകളുമായുള്ള യോജിച്ചുള്ള പ്രവർത്തനം മുഖ്യ ധാരാ രാഷ്ട്രിയ കക്ഷികൾക്ക് അഭികാമ്യം അല്ല എന്ന് പറയുകയും, എന്നാൽ ഒരേ സമയം പിന്നിലൂടെ അവർക്ക് ഓശാന പാടുകയും ചെയ്യുന്ന നേതാക്കൻമാർ. ഒരേ സമയം ഫാസിസത്തെ എതിർക്കുകയും പിൻതുണക്കുകയും ചെയ്യുന്നവർ. തങ്ങൾ ചെയ്യുന്നതും ഫാസിസം ആണ് എന്നത് മറച്ചു പിടിച്ച് ഭീതി വിതക്കുന്നവർ. നിർഭാഗ്യവശാൽ ഇങ്ങിനെയുള്ളവരാണ് ഇന്ന് നമ്മുടെ രാഷ്ട്രീയ കക്ഷികളുടെ മിക്ക നേതാക്കളും.

ജനാധിപത്യവും, സമത്വവും പ്രസംഗിക്കുകയും അഹിംസ മുദ്രാവാക്യവും ആക്കിയവർ ചെയ്യുന്നത് നേരെ തിരിച്ച് . ജനാധിപത്യ രാഷ്ട്രത്തിൽ പാർട്ടികളുടെ സംഘടനാ തിരഞ്ഞെടുപ്പുകൾ ഒന്നും തന്നെ ജനാധിപത്യ പരം അല്ല. പിന്നെ എന്തിന് ജനാധിപത്യത്തിൽ അവർ പ്രവർത്തിക്കുന്നു.

ഒരേ ഒരു വർഷത്തെ കേന്ദ്ര സംസ്ഥാന ബജറ്റ് കൊണ്ട് മാത്രം നാട്ടിലെ പട്ടിണി തുടച്ച് നീക്കാൻ കഴിയും. എന്തുകൊണ്ട് ചെയ്യുന്നില്ല എന്ന് നാം ചിന്തിക്കുന്നുണ്ടോ?

ആയിരക്കണക്കിന് സാമ്പത്തിക വിദഗ്ദ്ധരുള്ള രാജ്യത്ത് നടപ്പിലാക്കാൻ അനായാസമായ ഇക്കാര്യം നടത്താൻ താൽപര്യം ഇല്ലാത്ത പാർട്ടികൾ തന്നെ ആണ് കാരണം. ഏതു ജന ക്ഷേമ പദ്ധതിയും നടപ്പിലാക്കാനാകാതെ പരാജയം അടയുന്നത് നമുക്ക് ഇന്ന് സാധാരണ കാര്യം ആണ്. നടപ്പിലാക്കായ പദ്ധതികളിലാണെങ്കിൽ ഗുണഭോക്താക്കൾ അസംതൃപ്തരും ആണ്. വിദേശ മാതൃകയിൽ ഉള്ള ഒരു വികസനം അല്ല നമുക്ക് വേണ്ടത്. നമ്മുടേതായ ഒന്നാണ്. ഇന്ത്യക്കാരന് ഇണങ്ങിയ ഒന്ന്.

നിലവിലെ എല്ലാ പാർട്ടിയിലും, അവയിലെ നേതാക്കൻമാരിലും ഉള്ള പ്രതീക്ഷ അസ്ഥാനത്താണ് എന്ന് അവർ തെളിയിച്ചിട്ടുണ്ട്. പല വട്ടം. ജനാധിപത്യം എന്നാൽ തുല്യ നീതി എന്ന അർത്ഥം പാലിക്കപ്പെടുന്നുണ്ടോ?… ചിന്തിക്കേണ്ടിയിരിക്കുന്നു. പ്രവർത്തിക്കേണ്ടിയിരിക്കുന്നു.