ജനാധിപത്യം പുരാതന ഇന്ത്യയിൽ -ചില അനുമാനങ്ങൾ

ഋഷി ദാസ്. എസ്സ്.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ . കുറവുകളും ,കുഴപ്പങ്ങളും ഉണ്ടെങ്കിലും ഇന്ത്യൻ ജനാധിപത്യം എഴുപതിലേറെ വര്ഷങ്ങളായി നിലനിന്നു പോരുന്നു എന്നുള്ളത് വലിയ ഒരത്ഭുതമായാണ് ,പല പാശ്‌ചാത്യ ചരിത്ര -രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെട്ടിട്ടുള്ളത് .

മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയും കടുത്ത ഇന്ഡ്യാ വിരുദ്ധനും വെള്ളക്കാരന്റെ വംശീയ മേന്മ എന്ന കപട വിശ്വാസത്തിന്റെ തലതൊട്ടപ്പനും ആയിരുന്ന വിൻസ്റ്റൺ ചർച്ചിൽ 1947 ൽ അഭിപ്രായപ്പെട്ടത്, ഇന്ത്യ ഒരു രാജ്യമായി ഏതാനും വർഷങ്ങളെ നിലനിൽക്കൂ എന്നാണ് . ചർച്ചിലിന്റെ ബ്രിട്ടൻ ഇന്ന് വിഘടനത്തിന്റെ വക്കിലാണ് . ഇന്ത്യയാകട്ടെ അതിശക്തമായി നിലനിൽക്കുകയും മുന്നേറുകയും ചെയ്യുന്നു .

ഇത് ഒരു യാദൃച്ഛികത അല്ല . ജനാധിപത്യത്തിന്റെ വേരുകൾ സഹസ്രാബ്ദങ്ങൾക്കുമുന്പ് തന്നെ ഈ നാട്ടിൽ വേരോടിയിരുന്നു . ജനാധിപത്യത്തിന്റെ പ്രഭവകേന്ദ്രം എന്ന് പാശ്ചാത്യർ പ്രചരിപ്പിക്കുന്ന ഗ്രീസിലെ അർദ്ധ ജനാധിപത്യ വ്യവസ്ഥകള്ക്കും വളരെ മുൻപ് തന്നെ ഇന്ത്യയിൽ ജനാധിപത്യ സമൂഹങ്ങളും രാജ്യങ്ങളും ഉണ്ടായിരുന്നു എന്നതിന് സുവ്യക്തമായ തെളിവുകൾ ഉണ്ട് .

അലക്സാൻഡറുടെ ആക്രമണകാലത്തു പശ്ചിമ ഉത്തര ഇന്ധ്യ ആകമാനം ജനാധിപത്യ സമൂഹങ്ങൾ നിലനിന്നിരുന്നു എന്ന് അലക്സാൻഡറുടെ പ്രമുഖ സേനാനായകരിൽ ഒരാളായ നീയാര്ക്കസിന്റെ വിവരണങ്ങളിൽ നിന്നും വ്യക്തമാണ് .ചെറിയ ജനാധിപത്യ സമൂഹങ്ങൾക്ക് വൈദേശിക ആക്രമണത്തിന് മുന്നിൽ പിടിച്ചു നിൽക്കാനാവില്ല എന്ന തിരിച്ചറിവാണ് അലക്‌സാണ്ടറുടെ ആക്രമണകാലത്തു രാഷ്ട്രീയമായി പലതായിരുന്നു ഇന്ധ്യ . ഏതാനും വർഷങ്ങൾക്കുള്ളിൽ ചന്ദ്രഗുപ്ത മൗര്യന്റെ നേതിര്ത്വത്തിൽ .ഇന്ത്യൻ ഉപഭൂഖണ്ഡം മുഴുവൻ ഉൾക്കൊള്ളുന്ന മൗര്യ സാമ്രാജ്യമായി മാറിയത് . ഒരു പക്ഷെ പൗരാണിക ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രഭവകേന്ദ്രമായിരുന്നിരിക്കണം ഇപ്പോഴത്തെ ബീഹാറിലെ പുരാതനമായ വൈശാലി എന്ന പ്രദേശം . വൈശാലിയിലെ ജനാധിപത്യ വ്യവസ്ഥ യവന ജനാധിപത്യത്തിനും നൂറ്റാണ്ടു മുൻപ് നിലനിന്നിരുന്നു എന്ന് മാത്രമല്ല കൂടുതൽ സുതാര്യവും ആയിരുന്നു

വൈശാലിയിലെ ജനാധിപത്യം

പുരാതന ഭാരതത്തിലെ ഒരു മഹാനഗരമായിരുന്നു വൈശാലി .പാടലീപുത്രം ഉദയം ചെയ്യുന്നതിനുമുന്പ് ഒരു പക്ഷെ വൈശാലി ആയിരുന്നിരിക്കാം ഉത്തര ഭാരതത്തിലെ ഏറ്റവും വലിയ മഹാനഗരം .ഇന്നേക്ക് ഇരുപത്താറു നൂറ്റാണ്ടുകൾക്ക് മുൻപാണ് വൈശാലിയിലെ ജനാധിപത്യ വ്യവസ്ഥ നിലനിന്നിരുന്നത് . ജനാധിപത്യത്തിന്റെ പ്രാക് രൂപമായ ശക്തരായ പ്രതിനിധികളുടെ ഭരണമാണ് ഇവിടെ നിലനിന്നിരുന്നത് .7707 ശക്തരായ പ്രാദേശിക പ്രമുഖനായിരുന്നു വൈശാലിയിലെ ജന പ്രതിനിധികൾ .രാജാധികാരം പാരമ്പര്യം ആയിരുന്നില്ല .വർഷത്തിലൊരിക്കൽ പ്രതിനിധികൾ യോഗം ചേരും .ഒരു വർഷത്തേക്ക് അവരിൽ നിന്നുള്ള ഒരാളിനെ തന്നെ രാജാവായി തെരഞ്ഞെടുക്കും അതായിരുന്നു നിയമം .രാജാവിന് പരമാധികാരം ഉണ്ടായിരുന്നില്ല .നിയമ വ്യവസ്ഥയുടെ അടിസ്ഥാനത്തിലായിരുന്നു ഭരണം

രാജാവിനെ സഹായിക്കാൻ ഒൻപതു ഉപ രാജാക്കന്മാരെയും വർഷാവർഷം തെരഞ്ഞെടുത്തിരുന്നു .7707 പ്രതിനിധികളെ ഗണ രാജാക്കന്മാർ എന്നാണ് പറഞ്ഞിരുന്നത് . രാജാവ് ,ഉപരാജാവ് ,സേനാപതി ,ഭണ്ഡാഅഗ്രിക എന്ന ധനകാര്യ മന്ത്രി എന്നിവരായിരുന്നു ഭരണ സംവിധാനത്തിന്റെ നായകർ . വളരെ വിപുലമായ നീതിനിർവഹണ സംവിധാനമാണ് വൈശാലി രാജ്യത്തിനുണ്ടായിരുന്നത് .ഏഴു തലങ്ങളിലുള്ള ന്യായാധിപന്മാരും കോടതികളും ഉണ്ടായിരുന്നു എന്നാണ് രേഖകൾ .പാവനിപൊത്തക എന്ന നിയമ സംഹിതയും ഇവിടെ നിലനിന്നിരുന്നു . ലിച്ചാവികൾ എന്നായിരുന്നു ഇവിടുത്തെ ജനത അറിയപ്പെട്ടിരുന്നത് ,അതിനാൽ ഈ രാജ്യത്തിന് ലിച്ചാവി റിപ്പബ്ലിക് എന്നും ചിലർ പേര് നൽകാറുണ്ട് . അർത്ഥശാസ്ത്രത്തിൽ ഇവരെ ഒരു ഗണ സംഘം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് .

ബി സി ഇ അഞ്ചാം ശതകത്തിൽ മഗധ ചക്രവർത്തി അജാത ശത്രു വൈശാലിയെ കീഴ്പെടുത്തി തന്റെ സാമ്രാജ്യത്തിന്റെ ഭാഗമാക്കിയതോടെ വൈശാലിയിലെ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ജനാധിപത്യ വ്യവസ്ഥ അസ്തമിച്ചു . പിന്നീട് പാടലീപുത്രം മഹാനഗരമായതോടെ വൈശാലി യുടെ പ്രാധാന്യം കുറഞ്ഞു .
.
സമാനമായ ജനാധിപത്യ വ്യവസ്ഥിതികൾ ദക്ഷിണ ഇന്ത്യയിലും നിലനിന്നിരുന്നു എന്ന് പുരാതന തമിഴ് സാഹിത്യ രചനകളിലൂടെ കണ്ണോടിച്ചാൽ മനസ്സിലാകും .കൂടുതൽ തെളിവുകൾ ലഭ്യമാകുന്നതോടെ പുരാതന ഇന്ത്യയിലെ ജനാധിപത്യ വ്യവസ്ഥകളുടെ ആഴവും പരപ്പും കൂടുതൽ തെളിഞ്ഞു വരും . കഴിഞ്ഞ ഒരു നൂറ്റാണ്ടായി പാച്ചാത്യ സംവിധാനങ്ങളും അവരുടെ ഇവിടുത്തുകാരായ പാദ സേവകരും നിരന്തരം പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത് ,ജനാധിപത്യം ഒരു പാച്ചാത്യ സങ്കൽപ്പമാണെന്നും നാം ആ സങ്കല്പം അവരിൽ നിന്നും കടം കൊണ്ടതാണ് എന്നുമാണ് . പക്ഷെ വൈശാലി പോലുള്ള ജനാധിപത്യ സമൂഹങ്ങളുടെ പൗരാണികതയുടെ വെളിച്ചത്തിൽ ജനാധിപത്യം എന്ന സങ്കല്പം തന്നെ ഉത്ഭവിച്ചത് ഇന്ത്യയിലാ യിരിക്കാനാണ് സാധ്യത.