നടിയെ പീഡിപ്പിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതില്‍ പിന്നെയാണ് സമൂഹമാധ്യമങ്ങളുടെ ശക്തി മലയാളികള്‍ കൂടുതല്‍ മനസ്സിലാക്കി തുടങ്ങിയത്. പി.ആര്‍ വര്‍ക്കുകള്‍, പെയ്ഡ് ന്യൂസ് തുടങ്ങിയ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ സഹജമായ വാക്കുകള്‍ സാധാരണ ജനങ്ങള്‍ക്കിടയിലേക്കെത്തിയതും ഈ സംഭവത്തിന് ശേഷമാണ്. ദിലീപ് കുറ്റക്കാരനല്ലെന്നും ജനപ്രിയ നടനാണെന്നും രാമലീല ചിത്രം പുറത്തിറങ്ങുന്നതിന് മുന്‍പ് സിനിമ സംവിധായകന്‍ മുതല്‍ ലൈറ്റ് ബോയിയുടെ വരെയാണെന്നും സിനിമ ഇറങ്ങിയതില്‍ പിന്നെ അത് നടന്റെ മാത്രം വിജയമാണെന്നുമുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റുകളും ട്രോളുകളും വാട്‌സ്ആപ്പ് പ്രചരണങ്ങളും അവയ്ക്ക് ഉദാഹരണങ്ങളാണ്.

ഇവയെല്ലാം സമൂഹത്തിനെ എങ്ങനെ മാറ്റിമറിച്ചുവെന്നുള്ളത് എണ്‍പത്തിയഞ്ച് ദിവസത്തിന് ശേഷം ദിലീപ് ജാമ്യത്തിലിറങ്ങിയപ്പോള്‍ ജയിലിന് പുറത്തുണ്ടായിരുന്ന ജനക്കൂട്ടം തെളിയിച്ചതാണ്. കൂകി വിളിക്കുന്ന ആള്‍ക്കൂട്ടത്തില്‍ നിന്നും ജയിലില്‍ പോയ ദിലീപ് ജാമ്യത്തിലിറങ്ങിയപ്പോള്‍ വരവേറ്റത് ആര്‍പ്പുവിളികള്‍ കൊണ്ടാണ്. ദിലീപേട്ടന്‍ തിരിക വന്നുവെന്നും കുറ്റക്കാരനല്ലാത്തതു കൊണ്ടാണ് ജാമ്യം കിട്ടിയതുമെന്നു വരെയുള്ള പ്രചരണങ്ങള്‍ ഉണ്ടായി. ഏഷ്യാനെറ്റ് ന്യൂസ് റീഡര്‍ വിനുവിനെ കാണാന്‍ ദിലീപ് റീത്തുമായി പോകുന്ന ദൃശ്യം വരെ പ്രചരിക്കുന്നുണ്ട്. ഇവയ്ക്കിടയില്‍ കടുത്ത സ്ത്രീവിരുദ്ധതയുടെയും പുരുഷാധിപത്യത്തിന്റെയും ഉത്തമ ഉദാഹരണമായി ലൂസര്‍സ് മീഡിയ എന്ന ഓണ്‍ലൈന്‍ ന്യൂസ് ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് നല്‍കി.

ഏട്ടനെതിരെ സംസാരിച്ച ഫെമിനിസ്റ്റുകള്‍ക്കുള്ള താക്കീതാണ് പോസ്റ്റിന്റെ ഉള്ളടക്കം. യതാര്‍ത്ഥ ക്വട്ടേഷന്‍ ഇനി കേരളം കാണാന്‍ കിടക്കുന്നതെയുള്ളൂവെന്നും ദിലീപ് മനസ് വച്ചാല്‍ പിന്നെ എല്ലാ ഫെമിനിസ്റ്റുകളുടെയും അശ്ലീലചിത്രങ്ങള്‍ പ്രചരിക്കുമെന്നാണ് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. ദിലീപേട്ടന്‍ റിട്ടേണ്‍സ് എന്ന ഹാഷ്ടാഗും നല്‍കിയിട്ടുണ്ട്.

പോസ്റ്റ് കുഴപ്പമായി എന്ന് മനസ്സിലാക്കിയതും ലൂസര്‍സ് മീഡിയ പോസ്റ്റ് പിന്‍വലിച്ചു. തുടര്‍ന്ന് രണ്ട് പ്രാവശ്യം ക്ഷമാപണം മറ്റൊരു ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ നടത്തി. എന്നാല്‍ ആ ക്ഷമാപണത്തിലും കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ലൂസര്‍സ് മീഡിയയുടെ എഡിറ്റര്‍ സ്ഥാനത്തുള്ള വ്യക്തിയാണ് അബദ്ധവശാല്‍ പോസ്റ്റ് ഇട്ടതെന്നും എഡിറ്ററെ നീക്കം ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കുന്നതിനൊപ്പം പോസ്റ്റ് തമാശയായിരുന്നുവെന്നും അതിലൂടെ സര്‍ക്കാസം ആണ് ഉദ്ദേശിച്ചതെന്നും അവര്‍ പറയുന്നു. തമാശയെന്നാല്‍ നമുക്ക് അത് ചിരിക്കാന്‍ ഉള്ളതാണ്. സര്‍ക്കാസമെന്നാല്‍ ആക്ഷേപഹാസ്യമെന്നാണ്. അതായത് മനസ്സിലാക്കാന്‍ അല്പം ചിന്താശേഷി കൂടി ആവശ്യമായ തമാശ. പക്ഷേ ഏതൊരു വീക്ഷണകോണില്‍ നിന്ന് വായിച്ചാലും അത് ഭീഷണിയുടെ സ്വരം മാത്രമേ അതിലൂടെ കാണുന്നുള്ളൂ.

ഇത്തരത്തിലുള്ള പോസ്റ്റുകള്‍ തന്നെ സമൂഹത്തിലെ അപകടകരമായ ചില പ്രവണതകളെ ചൂണ്ടിക്കാട്ടുന്നതാണ്. എതിര്‍സ്വരങ്ങളെ നിശബ്ദമാക്കാനുള്ള വഴികള്‍ അശ്ലീലപ്രചരണമാണെന്ന് ഇവരെ പഠിപ്പിച്ചതാരാണ്. സമൂഹമാധ്യമങ്ങള്‍ പോലുള്ള തുറന്ന പ്ലാറ്റ്‌ഫോമുകളില്‍ പരസ്യമായി ഇതൊക്കെ പറയാന്‍ ഇവര്‍ക്ക് എങ്ങനെ ധൈര്യം വരുന്നു. എല്ലാത്തിനുമുപരി ഒരു നഗ്നമായ ദൃശ്യം അല്ലെങ്കില്‍ മോര്‍ഫിങ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചാല്‍ പെണ്ണിന്റെ മാനം നഷ്ടപ്പെടുമെന്ന് ഇവര്‍ക്കെങ്ങനെ അനുമാനിക്കാന്‍ കഴിയുന്നു.

ഇവിടെ ചേര്‍ത്ത് വായിക്കേണ്ട മറ്റൊരു കാര്യമാണ് ദീപാ നിശാന്ത് എന്ന അധ്യാപകയുടെ ഫോട്ടോഷോപ്പ് ചെയ്ത് നഗ്‌നചിത്രവും ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയപ്പോള്‍ അവര്‍ എഴുതിയ പോസ്റ്റ്.

”തലവെട്ടി വേറൊരു നഗ്‌നമായ ഉടലിലൊട്ടിച്ചത് കണ്ട് ഹൃദയം നൊന്ത് സ്വയം തീ കൊളുത്തുകയോ ഉത്തരത്തില്‍ സ്വന്തം ശരീരം കൊളുത്തിയിടുകയോ ചെയ്യേണ്ടിവന്നിരുന്ന പാവം പെണ്‍കുട്ടികളുടെ കാലമൊക്കെ കഴിഞ്ഞു ചേട്ടന്മാരേ. ബലാല്‍സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടി, പരാതി കൊടുത്ത് രണ്ടാം ദിവസം കൂളായി ജോലിക്ക് ചെന്ന് ചെയ്തവനേം ചെയ്യിച്ചവനേം നാടുമുഴുവന്‍ കൊണ്ട് നടന്ന് പഴനിക്ക് പോവാന്‍ നോമ്പെടുത്തവരെപ്പോലെ തെണ്ടിക്കുന്ന കാലമാണ്. അതിന്റെടേലാണ് അവന്റൊരു ഫോട്ടോ മോര്‍ഫിങ് ! അതുകണ്ട് ഇവിടാരും തൂങ്ങിച്ചാവാനൊന്നും പോണില്ല! പോയി പണി നോക്ക്!”

ഒരു അധ്യാപകയായ ദീപയുടെ ആ ഫെയ്‌സ്ബുക്ക് പോസ്റ്റ് പോസീറ്റീവായുള്ള ചില മാറ്റങ്ങള്‍ സ്ത്രീകളില്‍ ഉണ്ടാക്കിയിരുന്നു. ഇതെല്ലാം ഇത്രയേയുള്ളൂവെന്ന് കാണിച്ചു കൊടുക്കലായിരുന്നു അത്. നടി അക്രമിക്കപ്പെട്ടതിന് ശേഷം നടി കാണിച്ച ധൈര്യവും സമൂഹത്തെ ഏറെ സ്വാധീനിച്ചിരുന്നു. ഒന്ന് അക്രമണത്തിനിരയായാല്‍ ഒരു ദൃശ്യം പ്രചരിച്ചാല്‍ തൂങ്ങിച്ചാവാനും എലിവിഷം വാങ്ങാനും പോകുന്ന പെണ്ണുങ്ങളുടെ കാലം കഴിഞ്ഞിരിക്കുന്നു.

ദിലീപ് ആരാധകര്‍ക്ക് ദിലീപിന് ജാമ്യം ലഭിച്ചതും ദിലീപ് ചിത്രത്തിന്റെ വിജയവും സന്തോഷപ്രദമായ കാര്യങ്ങളാണ്. അത് നമുക്ക് മനസ്സിലാക്കാം. ദിലീപ് കുറ്റക്കാരനാണെന്ന് തെളിയിക്കാത്ത പക്ഷം ന്യായീകരണങ്ങളുമാകാം. പക്ഷേ കേരളത്തിലെ സ്ത്രീകളില്‍ ഒന്നടങ്കം അരക്ഷിതാവസ്ഥ ബോധം ജനിപ്പിക്കുന്ന തരത്തിലുള്ള പ്രചരണങ്ങള്‍ നിങ്ങള്‍ ഒഴിവാക്കണം. അവ ദിലീപിന്റെ കുഴി ഫാന്‍സ്‌കാര്‍ കുഴിക്കുന്നതിനു സമമാണ്.

പോസ്റ്റുകള്‍ ഒന്നിനു പുറകെ ഒന്നായി പരാജയമായപ്പോള്‍ ലൂസര്‍സ് മീഡിയ എന്ന പേജ് പോലും ഫെയ്‌സ്ബുക്കില്‍ നിന്ന് അപ്രത്യക്ഷമായി. അതായത്, ലൂസര്‍സ് മീഡിയ ശരിക്കും പരാജിതരുടെ മീഡിയയായി മാറുകയായിരുന്നു.