ജനപദങ്ങൾ 3, സംസ്കൃതം-പേർഷ്യൻ ഭാഷ ബന്ധം

ദീപ ഡേവിഡ്

ഭാഷ നോക്കുകയാണ് എങ്കിൽ സിന്ധുനദീതട സംസ്കാരത്തിന്റെ ഭാഷയും അതിനു ശേഷം വന്ന ഭാഷകളും തമ്മിൽ വലിയ വ്യത്യാസം തന്നെ ഉണ്ട്.
സംസ്കാരം നിലനിന്ന സ്ഥലം അടിസ്ഥാനമാക്കി നോക്കിയാൽ മൂന്നു പ്രധാന ഭാഷകൾ ആണ് സിന്ധു നദീതട സംസ്കാരത്തിന് ശേഷമുള്ള കാലത്ത് ഈ പ്രദേശത്തോ അതിനു സമീപത്തോ നിലനിന്നത്.
‌1,തമിഴ് ഉൾപ്പെടുന്ന പ്രാകൃത ദ്രാവിഡ ഭാഷ
‌2, സംസ്കൃതം ഉൾപ്പെടുന്ന ഉത്തരേന്ത്യൻ ഭാഷ
‌3, പേർഷ്യൻ ഉൾപ്പെടുന്ന അവസ്ത ഭാഷ.
നാലാമത് ചൈനീസ് ഉൾപ്പെടുന്ന ഒരു ഭാഷ കുടുംബവും അഞ്ചാമത് സ്ലാവ് ജനതയുടെ പ്രാകൃത ഭാഷയും (Andronovo culture) കൂടി വടക്കും വടക്കു കിഴക്കും ആയി ഉണ്ടായിരുന്നു എങ്കിലും അവയെ നമുക്ക് തൽക്കാലം ഒഴിവാക്കാം, കാരണം
അക്കാലത്തും സ്ലാവ് ജനതയുടെ സ്വന്തമായ ഭാഷ വികാസം പ്രാപിച്ചിരുന്നില്ല.

ചൈനയുമായി വ്യാപാര ബന്ധം ഉണ്ടായിരുന്നു എങ്കിൽ കൂടി ഭാഷാപരമായ അടുപ്പം കണ്ടെത്തിയിട്ടിട്ടില്ല. ഹിമാലയത്തിന്റെയും അതിന്റെ പർവത ശൃംഖലയുടെയും സാന്നിധ്യം കൊണ്ട് ആയിരിക്കാം അത്.
ബി സി 1000 മുൻപുള്ള സൗരഷ്ട്രീയരുടെ പേർഷ്യൻ ഭാഷയും സംസ്‌കൃത ഭാഷയും തമ്മിൽ താരതമ്യം ചെയ്യുന്നതിന് വേദങ്ങളിലെയും സെന്റ് അവസ്തയിലെയും ഭാഷയും നമുക്ക് സഹായമാണ്

വ്യാകരണ താരതമ്യം :

ഇതു നൽകുന്ന വിവരങ്ങൾ നോക്കിയാൽ ഒന്നാമതായി അടിസ്ഥാന വ്യാകരണ നിയമങ്ങൾ രണ്ടു ഭാഷയ്ക്കും വളരെ സാദൃശ്യമാണ്. പുരാതനമായ സെന്റ്അവസ്തയിലെ പല വരികളുടെയും സമാന സംസ്‌കൃത പദങ്ങൾ അടുക്കി വെച്ചുകൊണ്ട് നമുക്ക് ആശയം നഷ്ടപ്പെടാതെ പുനർനിർമിക്കാം എന്ന് Thomas-Burrow തന്റെ ‘The Sanskrit Language’ എന്ന പുസ്തകത്തിൽ പറയുന്നുണ്ട്.

ഉച്ചാരണ താരതമ്യം :

ഇത് മുൻപ് പറഞ്ഞിട്ടുണ്ട് എങ്കിലും ചുരുക്കി പറയാം. സെറിബ്രൽ വ്യഞ്ജന അക്ഷരങ്ങളുടെ സാന്നിധ്യം (retroflex consonants) സംസ്കൃതത്തെയും പ്രാചീന പേർഷ്യൻ അവസ്ത ഭാഷയേയും മറ്റു ഇൻഡോ-ആര്യൻ ഭാഷകളിൽ നിന്നും മാറ്റി നിർത്തുന്നു. മറ്റു യൂറോപ്യൻ ഭാഷകൾ ഉണ്ടായത് ഈ രണ്ട് ഭാഷകളിൽ നിന്നും ആണെങ്കിൽ അങ്ങനെ വരികയില്ല. ട,ഠ,ഡ,ഢ,ണ, ഇവയാണ് ഇന്ത്യൻ ഭാഷകളിൽ നിലവിൽ ഉള്ള റിട്രോഫ്ലക്‌സ് വ്യഞ്ജനങ്ങൾ.
Sh, ch, q, j, തുടങ്ങിയ ഉച്ചാരണങ്ങൾ ഈ വിഭാഗത്തിൽ പെടുന്നില്ല.
വടക്കൻ പാകിസ്ഥാനിൽ ഉള്ള ബുരുശാഖി ഭാഷ,
കിഴക്കൻ ഇന്ത്യ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ ഉള്ള മുണ്ട ഭാഷ, കിഴക്കൻ അഫ്‌ഗാനിസ്ഥാനിൽ ഉള്ള നൂറിസ്ഥാനി ഭാഷ, ആദിവാസി വിഭാഗമായ തോടർ ഭാഷ മാൻഡരിൻ, വിയറ്റനാമീസ്, ജാവനീസ് ഇവയെല്ലാം retroflex consonants ഉപയോഗിക്കുന്ന ഭാഷകൾ ആണ്. ഇതിൽ ബുരുശാഖി ഭാഷ പടിഞ്ഞാറൻ ടിബത്തിലും ഉപയോഗത്തിൽ ഉണ്ടായിരുന്നതായി കരുതുന്നു. എന്നാൽ ഇതിന് വ്യക്തമായ ഒരു ലിപി ഉണ്ടായിരുന്നില്ല. ഇപ്പോൾ ഉറുദു ഉപയോഗിക്കുന്നു. മുൻപ് Zhang-Zhung ലിപി ആണ് ഉപയോഗിച്ചിരുന്നത്. ആ ലിപി ഇപ്പോൾ പ്രചാരത്തിൽ ഇല്ല. നഷ്ടപ്പെട്ടുപോയ ആ ഭാഷ ഡീകോഡ് ചെയ്യാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.

ഭൂമിശാസ്ത്രപരമായി റിട്രോഫിലേക്‌സ് കണ്സോണെന്റ്‌സ് ഉപയോഗത്തിൽ ഇരിക്കുന്ന ഭാഷകൾ നിലനിനിൽക്കുന്ന പ്രദേശം സിന്ധുതട നാഗരികതയുടെയും പിൽക്കാല വൈദിക സംസ്കാരത്തിന്റെയും ചുറ്റുമുള്ള പ്രദേശങ്ങൾ ആയിരുന്നു എന്ന് കാണാം.

പദങ്ങളുടെ താരതമ്യം:

ഇതിനൊപ്പം തന്നെ പരിഗണിക്കേണ്ടതായ മറ്റൊരു വസ്തുത പ്രാചീന പേർഷ്യൻ ഭാഷയിലെയും സംസ്കൃതത്തിലെയും സമ്മാന പദങ്ങളുടെ ലഭ്യതയാണ്. വളരെയധികം വാക്കുകൾ ഈ ഭാഷകൾ പങ്കുവെക്കുന്നു. അർത്ഥ വ്യത്യാസം ഇല്ലാതെ തന്നെ.
എന്നാൽ ചില വാക്കുകൾ വിപരീത അർത്ഥത്തിലും ഉപയോഗിക്കുന്നുണ്ട്.
നാമ പദങ്ങൾ ആണ് ഇരു ഭാഷകളിലും കണപ്പെടുന്നതും വിപരീത അർത്ഥം കാണിക്കുന്നതും. ഉദാഹരണമായി ആഹുര/അസുര എന്ന പദം evil ആയി സംസ്കൃതത്തിൽ വരുമ്പോൾ പേർഷ്യനിൽ അതു divine സ്വഭാവമാണ്.
ദേവ എന്ന വാക്ക് ആകട്ടെ നേരെ തിരിച്ചും.
എന്നാൽ സ്വർണം, സൈന്യം, പുരോഹിതൻ തുടങ്ങിയ പദങ്ങൾ സമാന അർത്ഥത്തിൽ തന്നെ ഉപയോഗിക്കപ്പെടുന്നു.
ഇതിനുള്ള സാധ്യമായ ഒരു വിശദീകരണം വൈദിക കാലത്തിൽ ഈ രണ്ടു പ്രദേശങ്ങളിലും ശക്തരായ രണ്ടു വിഭാഗം ജനങ്ങൾ ഉണ്ടായിരുന്നു എന്നും അവർ നീണ്ട കാലത്തേക്ക് ശത്രുതയിൽ ആയിരുന്നു എന്നും ആണ്.

കഥകൾ പറയുന്നത് സത്യം ആണെങ്കിൽ ഇരുപക്ഷത്തിനും പല കാലങ്ങളിലും മേൽക്കൈ ഉണ്ടായിട്ടുണ്ട്.

കാലപ്പഴക്കം:

ഭാഷകളുടെ കാലപ്പഴക്കം നിർണയിക്കുന്നത് എന്നും വലിയ ചർച്ചകൾക്കു കാരണം ആകാറുണ്ട്. കാരണം അത് സംസ്കാരത്തിന്റെയും കാലപ്പഴക്കം ആണ്. വീഞ്ഞു പോലെയാണ് അത്. സംസ്കാരത്തിന് കാലപ്പഴക്കം കൂടും തോറും അതിന്റെ പിന്മുറക്കരുടെ വീര്യം കൂടുന്നു.
ബി സി 1800 മുതൽ സിന്ധുതട നാഗരികതയുടെ നാശ കാലം ആണ്. ബിസി 1000 ഒക്കെ ആകുമ്പോളേക്കും വൈദിക സംസ്കാരവും സംസ്കൃതവും വളരെ പ്രചാരത്തിലായി. ഇടയിലുള്ള അരനൂറ്റാണ്ടിന് അധികം കാലം ഈ മാറ്റത്തിന്റേതാണ്. സിന്ധുതട സംസ്കാരം പെട്ടന്ന് നശിച്ചതല്ല എന്ന് ഇന്ന് ഏറെക്കുറെ തെളിയിക്കപ്പെട്ടിട്ടുണ്ട് ബി സി 1200 വരെയെങ്കിലും ദുർബലമായി എങ്കിലും അത് നിലനിന്നിട്ടുണ്ട്. സംസ്കൃതവും ഏകദേശം 500 കൊല്ലത്തോളം വളർന്ന ശേഷമാണ് ബി സി ആയിരം ഒക്കെ ആകുമ്പോൾക്ക് പ്രധാന ഭാഷ പദവിയിൽ എത്തുന്നത്. അതിനർത്ഥം ഈ രണ്ടു ഭാഷകളും ഒരുമിച്ചു ഒന്നിലധികം നൂറ്റാണ്ടുകൾ വർധിച്ചിട്ടുണ്ട് എന്നാണ്.
എന്നാൽ പേർഷ്യൻ-അവസ്ത ഭാഷയ്ക്ക് നേരിട്ട് സിന്ധുതട സംസ്കാരവുമായി അങ്ങനെ കൂടിച്ചേരലിന്റെ ഒരു ചരിത്രമില്ല.
എങ്കിലും പേർഷ്യൻ-അവസ്ത ഭാഷയും വെങ്കലയുഗത്തിന്റെ അവസാന കാലത്തിൽ (ബി സി 1500) നിലനിന്നിരുന്നതായി കരുതപ്പെടുന്നു.
ബിസി 1500 മുതൽ ബി സി 1250 വരെയുള്ള കാലം പേർഷ്യ ഭരിച്ചിരുന്ന മിട്ടാണി സാമ്രാജ്യത്തിന്റെ കാലഗണന കണക്കാക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.
ഈ കാലത്തെ രാജാക്കന്മാർ, യുദ്ധ തന്ത്രങ്ങൾ, ഉപകരണങ്ങൾ തുടങ്ങി എല്ലാം തന്നെ വൈദിക ഇന്ത്യൻ സംസ്കാരവുമായി വളരെ അടുത്ത ബന്ധം പുലർത്തുന്നു അക്കലത്തെ പേർഷ്യൻ യുദ്ധതന്ത്ര പുസ്തകങ്ങൾ ഇന്ത്യൻ വിവരങ്ങൾ കൊണ്ടു നിറഞ്ഞിരിക്കുന്നു. വൈദിക ദേവതകൾ ആയ ഇന്ദ്രൻ, മിത്ര-വരുണാ ഒക്കെ ഇതിലും പ്രതിപാദിച്ചു കാണുന്നു. ഇതിൽ നിന്നും വൈദിക ദേവതകൾ മിട്ടാണി സാമ്രാജ്യ കാലത്തിനു സമാനമായി ഇന്ത്യയിൽ നിലനിന്നിരുന്നു എന്ന് വിശ്വസിക്കുന്നു. സിറിയയിൽ വെച്ചു എഴുതി എന്നു വിശ്വസിക്കുന്ന പേർഷ്യൻ കുതിര പരിശീലന ഗൈഡ് ആയ’Kikkuli’ യിലെ ഇന്ഡസ് സാന്നിധ്യം എടുത്തു പറയേണ്ടതാണ്.

സാംസ്കാരിക ബന്ധം:

തനിക്കു മുൻപുള്ള ഭാഷയിൽ നിന്നും ഈ retroflex consonants എന്തിന് വേണ്ടിയാണ് സംസ്കൃതം സ്വീകരിച്ചത് എന്ന ചോദ്യത്തിന് ഉള്ള ഉത്തരം ലളിതമാണ്. എഴുതി സൂക്ഷിക്കാത്ത ഒരു ഭാഷയാണ് സംസ്കൃതം. ഒരു അപ്പർ സൊസൈറ്റി അല്ലാതെ സാധാരണക്കാരായ ജനത സംസ്കൃതം ഒരു സംസാര ഭാഷയായി ഉപയോഗിച്ചിരുന്നോ എന്നു വ്യക്തമല്ല. ഉണ്ടെങ്കിൽ തന്നെയും അതു പ്രചരിച്ചിരുന്ന വിശാലമായ പ്രദേശം കണക്കിലെടുത്താൽ വളരെ പ്രാദേശികമായ സ്ലാങ്ങുകൾ കടന്നുകൂടാൻ സാധ്യത ഉണ്ട്. മറ്റൊന്ന് പാട്ടുപോലെ ചൊല്ലേണ്ടത് ഓർമയിൽ സൂക്ഷിക്കാൻ എളുപ്പമാണ്. മന്ത്ര ഉച്ചരണങ്ങൾക്ക് കൃത്യമായ രീതികൾ ഉണ്ട്. ഈ സാഹചര്യങ്ങൾ ആണ് കാലങ്ങളുടെ സമരസപെടൽ മൂലം ഇവയെ സംസ്കൃതത്തിൽ എത്തിച്ചത്. ഇതുപോലെ സംസ്കൃതത്തിൽ ഉള്ള പല സ്വരങ്ങളും മറ്റും അവസ്ത ഭാഷയിൽ മറ്റൊന്നായി റിപ്ലെസ് ചെയ്യപ്പെടുന്നു. സിന്ധു നദീയുടെ പേരിൽ തന്നെ അതുകാണാം. സംസ്കൃതം ‘സിന്ധു’ എന്നു ഉപയോഗിക്കുമ്പോൾ അവസ്ത അതിനെ ‘ഹിന്ദു’ എന്നു മാറ്റുന്നു. സംസ്കൃതത്തിൽ ഉള്ള സ്‌ ശബ്ദം മാറിയാണ് ഹ് ശബ്ദം അവിടെ ഇടംപിടിക്കുന്നത്.
(പിന്നീട് ഹ് ശബ്ദം ലോപിക്കുകയും ഇൻഡസ് എന്ന പദത്തിലേക്ക് എത്തിച്ചേരുകയും ചെയ്തു.)
സോമ എന്നു സംസ്കൃതത്തിലും ഹോമ എന്നു അവസ്തയിലും പറയുന്ന ലഹരിപദാർത്ഥം ഈ രണ്ടു സംസ്കാരങ്ങളിലും പ്രധാന്യമുള്ളത് ആയിരുന്നു. അഗ്നിക്ക് സമർപ്പിക്കുക എന്ന അർത്ഥത്തിൽ ഹോമം, ഹവിസ് എന്നിങ്ങനെയുള്ള വാക്കുകളും കാണാം. സോമയാഗം എന്ന ഒരു പ്രധാന പൂജ തന്നെ നടത്തപ്പെടുന്നു. സോമലത (Sarcostemma acidum)എന്ന സസ്യത്തിൽ നിന്നാണ്. സോമ എന്ന ലഹരി പദാർത്ഥം ഈ രണ്ടു പ്രാചീന ഗ്രന്ഥങ്ങളും ഒരേ പ്രാധാന്യത്തോടെ പറയുന്നു മാത്രമല്ല ഹിന്ദുക്കൾ ഇക്കാലത്തും സോമയാഗം ചെയ്യാറും ഉണ്ട്. ഇതും ഈ ഭാഷകളുടെ അടുത്ത ബന്ധത്തെ കുറിച്ചു പറയുന്നു.
അരിപ്പയുടെ ആകൃതിയിൽ സിന്ധുതട ഉൽ ഖനനത്തിൽ നിന്നും ലഭിച്ച കുംഭങ്ങൾ സോമലതയിൽ നിന്നും സോമരസം അരിച്ചു വേർതിരിച്ചു എടുക്കാൻ ഉപയോഗിച്ചിരുന്നതാണ് എന്നു കരുതുന്നു. അതിന് ആരാധനപരമായ പ്രാധാന്യം ഋഗ്വേദ കാലഘട്ടത്തിൽ ഉണ്ടായിരുന്നു. ഒരുപക്ഷേ ഇതേ പ്രാധാന്യം സിന്ധുതട സംസ്കാര കാലത്തും ഇതിന് ഉണ്ടായിരുന്നിരിക്കാം. അരിപ്പ ആകൃതിയിൽ ഉള്ള ജാർ ഉപയോഗിച്ചു സോമരസം വേർതിരിക്കുന്നത് അവരുടെ പുരോഹിതവിഭാഗത്തിന്റെ ചുമതലയിരുന്നു എന്നു കരുതുന്നു. U നോട് സദൃശ്യമായ ജാർ എന്ന ഇന്ഡസ് ലിപിയിലെ ചിഹ്നത്തിന്റെ പ്രമുഖ്യത്തിന് ഇതും ഒരു കാരണം ആകാം.
ചുരുക്കത്തിൽ ഇൻഡോ യൂറോപ്യൻ ഭാഷ കുടുംബത്തിൽ കാണാത്തതായ retroflex consonants സിന്ധു സംസ്കാരത്തിന് ശേഷം ആ പ്രദേശങ്ങളിൽ വ്യാപിച്ച ഭാഷകളിൽ പരക്കെ കാണപ്പെടുന്നു.
ഈ ഭാഷകൾ തമ്മിൽ അടുത്ത ബന്ധം പുലർത്തുന്നു. വ്യാകരണം, ഉച്ചാരണം, പദസമ്പത്ത് തുടങ്ങിയ മേഖലകളിൽ ഈ ഭാഷകൾ തമ്മിൽ വിപുലമായ കൊടുക്കൽ വാങ്ങലുകൾ നടന്നിട്ടുണ്ട്.
വളരെ ശക്തമായ ഗോത്ര കലഹങ്ങളും മറ്റും ഈ കാലത്ത് ഉണ്ടായിട്ടുണ്ട്.

ഈ വ്യത്യസ്തതകൾ ചേർന്നു നിൽക്കേണ്ടതിന്റെ അവശ്യകതയിൽ നിന്നും ആണ് ചെറിയ റിപ്പബ്ലിക്കുകൾ ആയി ജനപദങ്ങൾ ഉദയം കൊള്ളുന്നത്. ഈ ഭാഷകളുടെ പൊതു സ്വഭാവം ഒരിക്കൽ സിന്ധു തട നാഗരികതയുടെ ഭാഷയെ വായിക്കുവാൻ നമ്മളെ സഹായച്ചേക്കാം

Notes And References
വേദത്തിനും അവസ്തയ്ക്കും ഉള്ള പഴക്കത്തെ കുറിച്ച് മറ്റു അഭിപ്രായങ്ങളും ഉണ്ട്.
സൗരാഷ്ട്ര ദർശനത്തിന്റെ പ്രവാചകനായ സൗരാഷ്ട്രർ ജീവിച്ചിരുന്ന കാലഗണനയുടെ അടിസ്ഥാനത്തിലാണ് ഇതിൽ ഒരെണ്ണം കണക്കാക്കിയിട്ടുള്ളത്. സൗരാഷ്ട്രർ ജീവിച്ചത് അലക്‌സാണ്ടർക്കും 258 വർഷം മുൻപാണ് എന്ന കാലഗണന നമ്മളെ ബിസി 600-700എന്ന ഉത്തരത്തിൽ എത്തിക്കുന്നു.
മറ്റൊന്ന് പ്ലൂട്ടാർക്ക്, ഇറത്തോസ്ഥാനീസ്, സാന്തോസ്‌ തുടങ്ങിയവരുടെ അഭിപ്രായത്തിൽ ഉള്ളതാണ്. ഇതു വെച്ച് കാലപ്പഴക്കം ബി സി 6000 വരെയാകാം. കലിയുഗ കാലഗണന അനുസരിച്ചു വേദങ്ങൾ എഡിറ്റ് ചെയ്ത വ്യാസന്റെ കാലവും തമ്മിൽ ഇതു ചേർന്നു പോകുന്നുമുണ്ട്.
പഴക്കം എത്രയായാലും അവസ്തയും സംസ്കൃതവും രൂപപ്പെടുന്നത് ഏകദേശം ഒരേകാലത്താണ് എന്നു എല്ലാവരും അംഗീകരിക്കുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള ഭാഷകളിൽ കണ്സോണെന്റ്‌സ് നിലവിൽ ഉണ്ട്. അതിൽ ചില വിദഗ്ധർ സംസ്‌കൃതത്തിൽ രൂപപ്പെട്ട വന്ന retroflex consonants ഒരു വലിയ കാര്യമായി കരുതുന്നില്ല. എന്നാൽ ഭൂരിഭാഗം പേരും ഇതിനെ പ്രധാന്യമുള്ളതായി കാണുന്നു.

ബി സി 1500 – 1250കാലഘട്ടത്തിൽ യൂഫ്രട്ടീസ് ടൈഗ്രീസ് നദീതടത്തിൽ നിലവിൽ ഉണ്ടായിരുന്ന രാജവംശം ആണ് മിട്ടാണി വംശം.