ജനപദങ്ങള്‍- വൈദിക സാഹിത്യത്തില്‍-2 ജനയും പദവും

ദീപ ഡേവിഡ്

ഇന്ത്യയുടെ പൗരാണിക ചരിത്രം പഠിക്കുന്നവര്‍ ശ്രമിച്ചത്‌ നമ്മുടെ ചരിത്രത്തിനു കൃത്യമായ ഒരു കാലഗണന നല്കി് അടുക്കിവെക്കുവാന്‍ ആണ്. ചരിത്ര സംഭവങ്ങളെ അടിസ്ഥാനമാക്കി കുറച്ചൊക്കെ അത് സാധിച്ചു. പിന്നെ സാഹിത്യ കൃതികള്‍ ആണ്. അതിന്റെ രചയിതാക്കളെ കുറിച്ചോ മറ്റോ വിവരങ്ങള്‍ ലഭ്യവും അല്ല. കൂട്ടി ചേർക്കലും മറ്റും നടന്നിട്ടും ഉണ്ട്. അപ്പോള്‍ അവയിലെ പരമാർശങ്ങള്‍ ഉപയോഗിച്ചു എന്ത് ചെയ്യാന്‍ കഴിയും ?. ഇതാണ് എല്ലാവരും നേരിടുന്ന പ്രശ്നം.

എന്നാല്‍ രാജ്യം, ജനങ്ങള്‍, പൗരൻ എന്ന സങ്കല്പം, അവരുടെ ചുമതലകളും അവകാശങ്ങളും എങ്ങനെ രൂപപെട്ടു? ആൾക്കൂട്ടം എന്നതിന് അപ്പുറം ഉള്ള ഈ പരിണാമത്തിന്റെ ചരിത്രം എന്താണ് ? ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം നല്കാനുള്ള ശക്തമായ ശ്രമങ്ങള്‍ ഉണ്ടായിട്ടില്ല. പകരം എളുപ്പത്തില്‍ രാജാവിന്റെ കഥ രാജ്യത്തിന്റെ ചരിത്രം ആയി. ജനങ്ങളുടെ ജീവിതം, സംസ്കാരം ഇതൊക്കെ അവഗണിച്ചു. മനു,കൌടില്യന്‍, ശ്രീബുദ്ധന്‍ തുടങ്ങിയവരെ കുറിച്ച് ഗ്രന്ഥങ്ങള്‍ വഴിയും ഉപദേശങ്ങള്‍ വഴിയും ഒക്കെ നമുക്കറിയാം, പക്ഷെ അവരുടെ വളർച്ചയ്ക്കുള്ള ഊർജ്ജം സ്വീകരിച്ച സമൂഹത്തെക്കുറിച്ച് പറയാന്‍ നമുക്കറിയില്ല.

തന്നെക്കാള്‍ പ്രധാനപ്പെട്ടതും ബഹു മുഖവും (versatile) ആയ ഒന്നിനോട് അവനവനെ തന്നെ റിലേറ്റ് ചെയ്യാന്‍ ഉള്ള ജൈവികമായ ചോദന മനുഷ്യനുണ്ട്. സംഘം ചേർന്ന് ജീവിക്കുന്നതിനും അതിജീവനത്തിനും വേണ്ടി മനുഷ്യന് പ്രകൃതി നല്കിയ സ്വഭാവ വിശേഷം. ഇതിനെ കളക്ടീവ് കോൺഷ്യസ്നസ് അല്ലെങ്കില്‍ കൂട്ടത്തിന്റെ പൊതു ബോധംഎന്ന് പറയാം. മനുഷ്യന്റെ ജൈവ പരിണാമം അല്ല, സമൂഹജീവി ആയ അവന്റെ പരിണാമം ആണ് ഇവിടെ ഉദ്ദേശിക്കുന്നത്.

ആദ്യ വൈദിക കാലത്ത് വേട്ടക്കാരുടെ കൂട്ടമായി മനുഷ്യര്‍ വസിച്ചിരുന്നു. വ്യക്തമായ കുടുംബ ബന്ധങ്ങളോ, തങ്ങള്‍ താമസിക്കുന്ന സ്ഥലത്തിനോട് എന്തെങ്കിലും അറ്റാച്ച് മെന്റോ ആ സംഘങ്ങൾക്ക് ഇല്ലായിരുന്നു. പില്ക്കാലത്ത് ഇത്തരം സംഘങ്ങള്‍ കുറച്ചു കൂടി കെട്ടുറപ്പ് ഉള്ള ഗോത്രം ആയി പരിണമിച്ചു.

ഇവയെ പൊതുവില്‍ ”ജന” എന്ന് വിളിക്കുന്നു, ജനനം എന്നർത്ഥം വരുന്ന ”ജന്മ്” എന്ന വാക്കില്‍ നിന്നും ആണ് ജനങ്ങള്‍ എന്നർത്ഥം ഉള്ള ജന എന്ന സംസ്കൃതം വാക്കിന്റെ ഉദയം. അത് ഒരു ഗോത്രത്തിലെ ആളുകളെയോ, ഒരു കൂട്ടം ആളുകളെയോ കുറിക്കാന്‍ ആണ് കൂടുതലായി ഉപയോഗിച്ചത്. പഞ്ചജന എന്നാ മഹാഭാരതിലെ പ്രയോഗം നിഷാദരുള്പ്പെടെ അഞ്ചു വര്ണങ്ങളില്‍ ഉള്ള മനുഷ്യരെ സൂചിപ്പിക്കുന്നു. ”പദ” എന്ന വാക്ക് ജനവാസം ഉള്ള ഭൂപ്രദേശത്തെ സൂചിപ്പിക്കാനും ഉപയോഗിച്ചു.
“ജന” യില്‍ നിന്നും ഈ ഗോത്രങ്ങള്‍ ”ജനപദം” ആകുന്നതു എങ്ങനെ എന്ന് നോക്കാം. ”ജന” കാലക്രമേണ കുടുംബങ്ങള്‍ ആയി,വ്യക്തി ബന്ധങ്ങള്‍ ഉണ്ടായി. അലച്ചില്‍ സ്വഭാവം ഉപേക്ഷിച്ചു. വേട്ടയെക്കാൾ കൃഷിക്ക് പ്രാധന്യം കൈവന്നു. ഈ സമയത്ത് ജീവിക്കുന്ന സ്ഥലവുമായി ഒരു ബന്ധം ഉടലെടുത്തു. ഇങ്ങനെ മനുഷ്യഗോത്രങ്ങള്‍ ജീവിക്കുന്ന ഭൂപ്രദേശത്തെ ”ജനപദ” എന്ന് വിളിച്ചു. .

മനുഷ്യരുടെ സംഘങ്ങളുടെ പേരായ ”ജന”, പ്രദേശത്തിന്റെ പേരായ ”പദ” യുമായി കൂടിച്ചേർന്ന ഈ കാലം ആദ്യകാല വൈദിക ജനതയുടെ പരിണാമത്തിന്റെ ഒരു പ്രധാന അദ്ധ്യായം ആണ്.

territory conscious ആയ ഈ ജനതയുടെ സെറ്റില്മെ്ന്റുകള്‍ ആണ് ”ജനപദങ്ങള്‍.” വൈദിക ജനതയുടെ സംസ്കാരത്തില്‍ നഗരരാഷ്ട്രം എന്ന സങ്കല്പത്തോട് അടുത്ത് നില്ക്കുന്ന ഏറ്റവും പുരാതനമായ സ്ഥാപനം ആണ് ഇത്. ആദ്യമായി സ്ഥലവും മനുഷ്യനും ആയി ഉള്ള ബന്ധത്തെക്കുറിച്ച് പറയുന്ന സൂക്തമാണ് അഥര്‍വ വേദത്തിലെ പൃഥ്വി സൂക്തം. അതില്‍ ഇങ്ങനെ പല തരം സ്വഭാവം ഉള്ള വിവിധ ജനപദങ്ങളെ കുറിച്ച് പറയുന്നുണ്ട്. ഈ ജനപദങ്ങളിലെ ജനങ്ങള്‍ ഒരു പൊതു പൂര്‍വികനില്‍ ആണ് വിശ്വസിച്ചിരുന്നത് എന്നും ഇതില്‍ പറയുന്നുണ്ട്. ഇതിനു ഒരു ഉദാഹരണം രാമായണവും നല്കുന്നു.

രാമായണത്തില്‍ കൊസലതിന്റെ രാജാവായ ശ്രീരാമന്റെ വിവാഹ സമയത്ത് അദ്ദേഹത്തിന്റെ വംശാവലി നല്കുന്നത് ശ്രദ്ധിക്കുക
ബ്രഹ്മാവ്‌)
മരീചി
കശ്യപന്‍
വിവസ്വാന്‍(സൂര്യന്‍)
വൈവസ്വത മനു
ഇഷ്വാകു(ഋഷഭന്‍ according to jain)
. . . . . .രാമന്‍
ഇങ്ങനെ ആണ് അത്. ഇതില്‍ ഇഷ്വാകു ആണ് ആദ്യത്തെ അയോധ്യ ഭരണാധികാരി. ഇതില്‍ നിന്നും അദ്ദേഹത്തിന് മുന്പ് ഉള്ള കാലത്ത് കൊസലത്തിനു ഒരു തലസ്ഥാനം ഉണ്ടായിരുന്നില്ല എന്ന് കരുതാം. മാത്രമല്ല അതുവരെയും കോസലം എന്നത് ഒരു പ്രത്യേക സ്ഥലത്ത് തങ്ങാത്ത ഗോത്ര ജീവിതം നയിച്ചിരുന്ന”ജന” മാത്രം ആയിരുന്നിരിക്കണം. ഇഷ്വാകുവിന്റെ കാലത്ത് അവര്‍ അയോധ്യ കേന്ദ്രം ആക്കി ഒരു പ്രദേശം സ്ഥിര വാസത്തിനായി തിരഞ്ഞെടുത്തു. കശ്യപനെ ഇവര്‍ ഗോത്ര പിതാവ് ആയി കണക്കാക്കി.

മറ്റുചില ഗോത്രങ്ങള്‍ (ജനകള്‍ ) ആയ ഭാരദ്വാജന്മാര്‍, വസിഷ്ഠന്‍ മാര്‍, വാസുദേവന്‍‌മാര്‍, വൃഷ്ണികള്‍ ഒക്കെയും ഇങ്ങനെ തന്നെ തങ്ങള്‍ക്ക് ഓരോരുത്തര്ക്കും ഓരോ പൊതു പൂര്‍വികന്‍ ഉണ്ടെന്ന് കരുതിയിരുന്നു

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്പ് സിന്ധു തട നിവാസികള്‍ ഇതിലും മെച്ചമായ നഗര ജീവിത മാതൃക പടുത്തുയര്‍‍ത്തിയിരുന്നു. കാലക്രമത്തില്‍ അപ്രസക്തമായ ആ സംസ്കാരത്തിനു ശേഷം (സിന്ധു തട സംസ്കാരത്തില്‍ ലയിച്ചു കൊണ്ടോ അതിനെ പൂര്‍ണമായി നിഷ്കാസനം ചെയ്തു കൊണ്ടോ ) വന്നതും ഇന്നും തുടരുന്നതും ആയ നമ്മുടെ സംസ്കാരത്തിന്റെ കാര്യം നോക്കിയാല്‍, ഈ ജനപദങ്ങളുടെ രൂപീകരണം ആണ് ഇന്ത്യയില്‍ അലഞ്ഞു നടന്ന ഒരു കൂട്ടം ആദി മനുഷ്യരില്‍ നിന്നും സംസ്കാരം ഉള്ള മനുഷ്യനിലേക്ക് ഉള്ള മാറ്റത്തിന്റെ ചുവടുവെയ്പ്പ്.

തുടരും

അടുത്ത ഭാഗം
സംസ്കൃതവും പേർഷ്യനും നാളെ