ജനദ്രോഹമുഖമുള്ള എന്‍ഡിഎ സര്‍ക്കാരിനെ വെള്ളപൂശാനുള്ള ബജറ്റ്‌: കോടിയേരി

തിരുവനന്തപുരം > ജനദ്രോഹമുഖമുള്ള എന്‍ഡിഎ സര്‍ക്കാരിനെ വെള്ളപൂശാനാണ് കേന്ദ്രസര്‍ക്കാരിന്റെ ഇടക്കാല ബജറ്റെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. തെരഞ്ഞെടുപ്പ് സമയത്ത് നടത്താറുള്ള മൈതാന പ്രസംഗത്തിനപ്പുറത്ത് ഒന്നുമില്ലാത്ത ബജറ്റാണ്‌ അവതരിപ്പിച്ചത്‌. കോടിയേരി ഫേസ്‌ബുക്ക്‌ പോസ്‌റ്റില്‍ പറഞ്ഞു.

രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടിയല്ല, പരാജയത്തിന്റെ ആള്‍രൂപമായി നില്‍ക്കുന്ന നരേന്ദ്ര മോഡിക്കും കൂട്ടര്‍ക്കും വേണ്ടിയുള്ളതാണ് ഈ ബജറ്റ്. ബി ജെ പി സര്‍ക്കാര്‍ നേരത്തെ പറഞ്ഞപോലെ വോട്ട് ഓണ്‍ അക്കൗണ്ടോ, ഇടക്കാല ബജറ്റോ അല്ല അവതരിപ്പിച്ചത്. ഒരു സമ്ബൂര്‍ണ ബജറ്റെന്ന നിലയില്‍ ധനച്ചെലവിലും നികുതിരംഗത്തും വലിയ മാറ്റങ്ങളാണ‌് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. നാലര വര്‍ഷക്കാലം ജനങ്ങളെ കൊള്ളയടിച്ചവര്‍ പൊതുതെരഞ്ഞെടുപ്പടുക്കുമ്ബോള്‍ വഞ്ചനാ ബജറ്റുമായി രംഗപ്രവേശം ചെയ്തിരിക്കയാണ്.

കോര്‍പ്പറേറ്റുകള്‍ക്കും അതിസമ്ബന്നര്‍ക്കും വേണ്ടിയുള്ള ഭരണമായിരുന്നു മോഡിയും കൂട്ടരും നടത്തിയിരുന്നത്. സ്വാഭാവികമായും കര്‍ഷകരും തൊഴിലാളികളും മറ്റും സര്‍ക്കാരിനെതിരെ തിരിഞ്ഞു. അവരുടെ പ്രതിഷേധം രാജ്യമെമ്ബാടും വളര്‍ന്നുവരികയും ചെയ‌്തു. കര്‍ഷകവിരുദ്ധ, തൊഴിലാളി വിരുദ്ധ പ്രതിച്ഛായയാണ് സര്‍ക്കാരിനുള്ളത്. അത് മറികടക്കുന്നതിനുള്ള അഭ്യാസമാണ് ഈ ബജറ്റ്.

കര്‍ഷകരെയും അസംഘടിതമേഖലയിലെ തൊഴിലാളികളെയും മധ്യവര്‍ഗത്തെയും കൂടെ നിര്‍ത്താനുള്ള നടപടികളാണ് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. പ്രായോഗികമല്ലാത്ത പ്രഖ്യാപനങ്ങള്‍. കര്‍ഷകര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് 6000 രൂപ നല്‍കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി നടപ്പാക്കണമെങ്കില്‍ സര്‍ക്കാര്‍ തന്നെ പറയുന്നത് 75000 കോടിരൂപ വേണമെന്നാണ്. എന്നാല്‍, അടുത്ത മൂന്ന് മാസത്തേക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ടില്‍ ഇതിനുള്ള തുക വകയിരുത്താനായിട്ടില്ല. പിന്നെ എങ്ങനെയാണ് ഈ പദ്ധതി നടപ്പാക്കുക? കോടിയേരി ചോദിച്ചു.

മെഗാ പദ്ധതിയാണ് എന്ന് കൊട്ടിഘോഷിക്കുമ്ബോഴും നാലംഗ കാര്‍ഷിക കുടുംബത്തിന് ഈ പണം വീതിക്കുമ്ബോള്‍ വെറും നാല് രൂപമാത്രമാണ് ദിനംപ്രതി ലഭിക്കുക എന്ന വസ്തുതയും കാണാതെ പോകരുത്.

കാര്‍ഷികച്ചെലവും അതിന്റെ 50 ശതമാനവും എന്ന 2014ലെ മോഡിയുടെ വാഗ്ദാനം നടപ്പാക്കാത്തതാണ് കര്‍ഷകരുടെ രോഷം മോഡി സര്‍ക്കാരിനെതിരെ തിളച്ചുമറിയാന്‍ കാരണമായത്. രാജ്യത്തെ കര്‍ഷകരുടെ ആവശ്യം സ്വാമിനാഥന്‍ കമീഷന്‍ റിപ്പോര്‍ട്ട് യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കുക എന്നതാണ്. അതിനായി എന്ത് നടപടി സ്വീകരിച്ചു?

രാജ്യത്തിന്റെ യഥാര്‍ത്ത സ്ഥിതിവിവരക്കണക്കുകളും വസ‌്തുതയും വളച്ചൊടിച്ചും മറച്ചുവച്ചും നോട്ട് നിരോധനത്തിന്റെയും ജി എസ് ടി യുടേയും മറ്റും ആഘാതം മറച്ചുവച്ചും ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടാനായി ഒരു തട്ടിപ്പ് ബജറ്റവതരിപ്പിച്ചാല്‍ എല്ലാവരെയും പറ്റിക്കാം എന്ന് കരുതരുത്. തിരിച്ചറിവും വിവേകവും വിവേചന ശേഷിയുമുള്ള ജനങ്ങള്‍ ബി ജെ പി സര്‍ക്കാരിനോട് കണക്കു ചോദിക്കുക തന്നെ ചെയ്യും. കോടിയേരി പറഞ്ഞു.