ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി പ്രവർത്തിച്ച് ഇടതു പക്ഷത്തെ പുനരുജ്ജീവിപ്പിക്കണം ; യെച്ചൂരി

തിരുനെല്‍വേലി : വര്‍ധിച്ചു വരുന്ന തീവ്ര വലത് പിന്തിരിപ്പന്‍ ശക്തികളെ നേരിടാനും പരാജയപ്പെടുത്താനും ഇടതുപക്ഷത്തിനല്ലാതെ മറ്റൊരു ശക്തിക്കും കഴിയില്ലെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്തെ ഇടതുപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയമായി ദുര്‍ബലമായികൊണ്ടിരിക്കുകയാണെന്ന യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടണം.` ജനങ്ങള്‍ക്കിടയിലേക്ക് പോയി പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കണമെന്നും തെറ്റുകള്‍ മനസ്സിലാക്കി തിരുത്തണമെന്നും സീതാറാം യെച്ചൂരി പ്രവർത്തകരോടും അനുഭാവികളോടുമായി ആഹ്വാനം ചെയ്തു.

തിരുനെല്‍വേലിയില്‍ കൊല്ലപ്പെട്ട അശോകിന്റെ അനുസ്മരണചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു യെച്ചൂരി. മതേതര ജനാധിപത്യ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റുക എന്ന അജണ്ടയുമായാണ് കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തില്‍ തിരിച്ചെത്തിയതെന്ന് അദ്ദേഹം ആരോപിച്ചു.

ആര്‍.എസ്.എസിന്റെ അജണ്ട കൈവരിക്കുന്നതിന് ബി.ജെ.പിക്ക് പ്രതിപക്ഷ വിമുക്ത ഇന്ത്യ ആവശ്യമാണെന്നും അതിനാല്‍ വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് ഇളവുകള്‍ നല്‍കി സ്വരൂപിച്ച പണം ഉപയോഗിച്ച്‌ കര്‍ണ്ണാടകയിലും ഗോവയിലും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി.