ചർച്ച് ആക്റ്റ് ഉയർത്തുന്ന പ്രശ്നങ്ങൾ

വെള്ളാശേരി ജോസഫ്

“ഭൂമിയിൽ നിക്ഷേപിക്കരുത്; സ്വർഗ്ഗത്തിൽ നിക്ഷേപിക്കുവിൻ. നിൻറ്റെ നിക്ഷേപം എവിടെ ആയിരിക്കുന്നുവോ അവിടെ ആയിരിക്കുന്നു നിൻറ്റെ ഹൃദയവും” – ഇതു പറഞ്ഞത് ക്രിസ്തുവാണ്. ക്രിസ്തുവിൻറ്റെ പേരിലുള്ള സഭക്ക് ഇത്തരം ആത്മീയതുടേയും, ഭക്തിയുടേയും മാർഗങ്ങളൊക്കെ കൈമോശം വന്നിരിക്കുന്നു എന്ന വിമർശനം അംഗീകരിക്കുന്ന ഒരാളാണ് ഇതെഴുതുന്നത്. പക്ഷെ വിമർശനം ഉന്നയിക്കുന്നത് പോലെ അത്ര ലളിതമല്ല യഥാർഥ ജീവിതം നയിച്ച് കാണിക്കുവാൻ. വിമർശകർക്കും പോലും അത് സാധ്യവുമല്ല. ഭൗതിക ജീവിതം നയിക്കുമ്പോൾ ഭൗതിക സ്വത്തുക്കൾ വേണം. ഈ യാഥാർഥ്യ ബോധത്തിൽ ഊന്നിയായിരിക്കണം കേരളത്തിൽ ഇപ്പോൾ ഉയർന്നു വരുന്ന വിഷയമായ ‘ചർച്ച് ആക്റ്റിനെ’ നോക്കി കാണേണ്ടത്.

ദേവസ്വം, ബ്രഹ്മസ്വം, രാജസ്വം – ഈ രീതിയിലായിരുന്നു പണ്ട് മധ്യ കേരളത്തിൽ വലിയ തോതിൽ ഭൂമി തരം തിരിക്കപ്പെട്ടിരുന്നത്. രാജ ഭരണം പോയതോട് കൂടിയും, ഭൂ പരിഷ്കരണം നിലവിൽ വന്നതോട് കൂടിയും ഇത്തരത്തിൽ തരം തിരിക്കപ്പെട്ട ഭൂമി സർക്കാരിൻറ്റെ അധീനതയിലായി. ദേവസ്വം ബോർഡുകൾ രൂപീകരിച്ചു സർക്കാർ ഇപ്പോൾ ക്ഷേത്ര ഭരണം നടത്തുന്നു. ആ രീതിയിൽ ക്രിസ്ത്യൻ ദേവാലയങ്ങളുടെ സ്വത്തും സർക്കാർ ഏറ്റെടുക്കുമോ എന്ന ആശങ്കയാണ് ചിലർക്കൊക്കെ. ചർച്ച് ആക്റ്റിനെനെതിരെ ഉയരുന്ന ആശങ്കകളും അത്തരത്തിൽ ഉള്ളതാണെന്ന് തോന്നുന്നു. ദേവസ്വം ബോര്‍ഡ്, വക്കഫ് ബോര്‍ഡ് എന്നുള്ളപോലെ സഭാ സ്വത്തുക്കൾ കൈകാര്യം ചെയ്യുവാൻ ഒരു ബോര്‍ഡ് ഉണ്ടാകുമെന്നുള്ള സഭയുടെ ആശങ്ക അടിസ്ഥാനരഹിതമാണെന്നാണ് തോന്നുന്നത്.

Image result for ചർച്ച് ആക്റ്റ്

പാരമ്പര്യ രീതിയിലുള്ള സ്വത്തവകാശമല്ല കേരളത്തിൽ ക്രൈസ്തവ സഭക്ക് ഉണ്ടായിരുന്നത്. ഇന്ന് കാണുന്ന മിക്ക സ്വത്തുക്കളും വിശ്വാസികൾ ദാനം കൊടുത്തതാണ്. പണ്ടൊക്കെ ഭൂമിക്ക് അത്ര വിലയില്ലാതിരുന്നതിനാൽ അതൊന്നും പ്രശ്നവും അല്ലായിരുന്നു. പക്ഷെ ഗൾഫ് പണവും ‘റെമിറ്റൻസസും’ കൂടിയ കാലത്ത് ആ ദാനം കിട്ടിയ ഭൂമിയൊക്കെ പൊന്നു പോലെയായി. ആശുപത്രിക്കും അനാഥാലയത്തിനും പള്ളിക്കും വേണ്ടി വിശ്വാസികൾ ദാനം കൊടുത്ത ഭൂമിക്ക് ഇന്ന് പൊന്നു പോലത്തെ വിലയുണ്ട്. അവിടെയാണ് പ്രശ്നം മുഴുവനും വരുന്നത്. ഷോപ്പിംഗ് കോംപ്ലക്‌സുകളും, മറ്റു വ്യാപാര സ്ഥാപനങ്ങളുമായി മാറി കൊണ്ടിരിക്കുന്ന ഇത്തരം ദാനം കിട്ടിയ ഭൂമിയുടെ മേൽ പലർക്കും കണ്ണുണ്ട്. പക്ഷെ സ്വത്ത് കൈകാര്യം ചെയ്യുന്നവർ ഓർക്കേണ്ട മറ്റൊരു കാര്യവുമുണ്ട്. ആധാർ കാർഡും, പാൻ കാർഡും ഒക്കെ ബാങ്ക് അക്കവ്ൺണ്ടുകളും പണവും കൈകാര്യം ചെയ്യാൻ നിർബന്ധമായിരിക്കുന്ന ഇക്കാലത്ത് പണമിടപാടുകളിലെല്ലാം സർക്കാരിൻറ്റെ പക്കൽ രേഖയുണ്ട്. ഇത് പലരും കാണുന്നതേ ഇല്ലാ.

Related imageസഭയുടെ സ്വത്തുക്കളെല്ലാം ചാരിറ്റബിള്‍ സംഘടനയായിട്ടാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതുകൊണ്ട് സഭാ സ്വത്തുക്കളില്‍ സഭയ്ക്ക് സര്‍ക്കാരില്‍ നികുതികള്‍ കൊടുക്കേണ്ട ആവശ്യമില്ല. സഭയുടെ വാര്‍ഷിക റിപ്പോര്‍ട്ടോ, വരുമാനമോ ഒരു വിശ്വാസി അറിയുകയുമില്ല. ഇതൊക്കെ കൊണ്ട് നേഴ്സുമാരെയും പ്രൈവറ്റ് അദ്ധ്യാപകരെയും തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്യിപ്പിച്ച് പണം ഉണ്ടാക്കുന്ന സംഘടനാ ആയി സഭ ചില സ്ഥലങ്ങളിൽ മാറിയിട്ടില്ലേ എന്നു സംശയിക്കണം. നല്ല ശമ്പളം കൊടുക്കുന്ന സ്ഥാപനങ്ങളും ഉണ്ടെന്നുള്ള കാര്യം വിസ്മരിക്കുന്നില്ല. പക്ഷെ സഭയുടെ സ്വത്തുക്കളിൽ ഓഡിറ്റ് വേണമെന്ന് പറയുമ്പോള്‍ അതെങ്ങനെ വിശ്വാസ ലംഘനമാകും???

പണവും, രാഷ്ട്രീയ അധികാരവും, ഭൗതിക സുഖങ്ങളുമാണ് സഭയ്ക്കും, പല സഭാധ്യക്ഷൻമാർക്കും വൈദികർക്കും ഈ കാലഘട്ടത്തിൽ ചീത്ത പേരുണ്ടാക്കാൻ അടിസ്ഥാന കാരണം. കത്തോലിക്ക സഭ വളർന്നത് തന്നെ കോൺസ്റ്റൻറ്റയിൻ ചക്രവർത്തിയുടെ രാജകീയ അധികാരത്തിൽ കൂടിയാണ്. നാലാം നൂറ്റാണ്ടിലെ റോമാ സാമ്രാജ്യം ക്രിസ്തീയ വിശ്വാസത്തെ ഉൾക്കൊണ്ട് റോമാ സാമ്രാജ്യത്തിൻറ്റെ ഒദ്യോഗിക ഭരണ പ്രത്യയ ശാസ്ത്രമാക്കിയതോടെ തുടങ്ങിയതാണ് രാഷ്ട്രീയ അധികാരങ്ങളോടുള്ള ക്രൈസ്തവ സഭയുടെ ബന്ധം. കുരിശു യുദ്ധങ്ങളും, സ്പാനീഷ് യുദ്ധങ്ങളും, രക്തച്ചൊരിച്ചിലുകളും ഉൾപ്പെടെ അനേകമനേകം കഥകൾ സഭയ്ക്ക് പറയാനുണ്ട്. മധ്യ കാലഘട്ടത്തിൽ യൂറോപ്പിൽ പ്ലേഗ് പടർന്നു പിടിച്ചതിനു ശേഷം വത്തിക്കാൻറ്റെ നേതൃത്വത്തിൽ പല വിചാരണകളും നടന്നിട്ടുണ്ട്. യൂറോപ്പിലും, ഗ്രീസിലും ആ ചരിത്ര സംഭവങ്ങളെ കുറിച്ച് തുറന്ന ചർച്ചകൾ ഇപ്പോൾ നടക്കുന്നു; അനേകം പുസ്തകങ്ങൾ എഴുതപ്പെട്ടുന്നു. ‘Dangerous Beauty ‘ പോലുള്ള പ്രസിദ്ധമായ ഹോളിവുഡ് ചിത്രങ്ങൾ വെനീസിലെ അത്തരം കുറ്റവിചാരണകളുടെ ചരിത്രമായി വന്നതാണ്. ക്രൈസ്തവ സഭയിലെ മാർപാപ്പാമാരുടെ ചരിത്രം എടുത്തു നോക്കിയാലും മദ്ധ്യകാല സഭ അന്ധകാരത്തിൽ കൂടി കടന്നു പോയിരുന്നു എന്ന് കാണാം. യൂറോപ്യൻ രാജ്യങ്ങളുടെ മേൽ മാർപ്പാപ്പയ്ക്ക് അധികാരം ഉണ്ടായിരുന്നു. വ്യഭിചാരവും കൊലകളും മദ്ധ്യകാലത്ത് മാർപാപ്പാമാരുടേയും ബിഷപ്പുമാരുടേയും ചരിത്രത്തിലുണ്ട്. ഇത്തരം കുറ്റ കൃത്യങ്ങളൊക്കെ ഭൗതിക സമ്പത്തിലധിഷ്ഠിതവും ആയിരുന്നു.

Image result for ചർച്ച് ആക്റ്റ്

ക്രൈസ്തവ സഭയിൽ കാര്യങ്ങൾ എല്ലാം തീരുമാനിക്കുന്നത് പുരോഹിതരും മെത്രാനും ഒക്കെ ആണ്. എട്ടും പത്തും കൊല്ലം സെമിനാരി പഠനം പൂർത്തീകരിച്ചാൽ വിശ്വാസികളുടെ പൂർവിക തലമുറകൾ ദാനം കൊടുത്ത സ്വത്തുക്കളുടെ അവകാശികൾ പിന്നീട് ഈ തീയോളജിയൻമാരാകും. ഇത് മാറേണ്ടതുണ്ട്. പക്ഷെ സർക്കാർ ഏറ്റെടുക്കുന്നതാണോ പരിഹാര മാർഗം??? അല്ലേയല്ല. സർക്കാർ ഏറ്റെടുത്ത സ്വത്തുക്കളെല്ലാം ഒരിക്കലും നല്ല രീതിയിൽ നടത്തപ്പെട്ടിട്ടില്ല എന്നത് തന്നെ കാരണം. സോഷ്യലിസ്റ്റ് മധുര, മനോജ്ഞ സ്വപ്നങ്ങൾക്ക് അടിമപ്പെട്ടിരിക്കുന്നവർ സഭാ സ്വത്തുക്കൾ സർക്കാർ ഏറ്റെടുക്കുന്നതിനെ അനുകൂലിച്ചേക്കാം. കേരളത്തിൽ നിന്നുള്ള എഴുത്തുകാരിൽ മഹാ ഭൂരിപക്ഷവും സോഷ്യലിസ്റ്റ് മധുര, മനോജ്ഞ സ്വപ്നങ്ങൾക്ക് അടിമപ്പെട്ടവരാണ്. അതുകൊണ്ട് സോഷ്യലിസ്റ്റ് സ്വപ്നങ്ങളല്ലാതെ സാമൂഹ്യ മാറ്റങ്ങൾക്ക് വേറൊരു രീതി ഉണ്ടെന്നു പറഞ്ഞാൽ അവർ അംഗീകരിക്കില്ല. മിക്കവാറും പറയുന്നവനെ തെറി വിളിക്കും; വ്യക്തിപരമായി ആക്രമിക്കാനും, അവഹേളിക്കുവാനും ശ്രമിക്കുകയും ചെയ്യും. ക്രൈസ്തവ സഭയുടെ സ്വത്തുക്കൾ ഏറ്റെടുക്കുന്നതിനെ പറ്റി പറയുമ്പോഴും ഇത് സംഭവിക്കുവാൻ ഇടയുണ്ട്.

സഭയുടെ സ്വത്തുക്കൾ ഭരിയ്ക്കാനും മേൽനോട്ടം നടത്താനും പള്ളി കമ്മിറ്റികളേയും, തെരെഞ്ഞെടുക്കപ്പെട്ട അൽമായൻമാരേയും ഏൽപിക്കിക്കുകയാണ് വേണ്ടത്. അവർക്കും ഭൗതിക കാര്യങ്ങളിൽ പങ്കാളിത്തം ഉണ്ടാവണം. സഭയിലെ നവീകരണക്കാരെ സഭാവിരോധികളായി കാണുന്നതു ശരിയല്ല. നൂറ്റാണ്ടുകൾക്കു മുമ്പ് സുറിയാനി ക്രിസ്ത്യാനികളുടെ ഭൗതിക ഭരണം അങ്ങനെയാണെന്നാണ് കേട്ടിട്ടുള്ളത്. അൽമായ സംഘടനയായ ‘അർക്കാദിയാക്കോൺ’ സ്ഥാനം പൗരസ്ത്യ സഭയിലുണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. സഭയുടെ വരവും ചിലവും ആസ്തിയും ബാധ്യതയും എല്ലാ വർഷവും ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ഇടവക വെബ്സയിറ്റുകളിലും, രൂപതാ വെബ്സയിറ്റുകളിലും പ്രസിദ്ധീകരിക്കുന്നത് നല്ലതാണ്. ആവശ്യമുള്ളവർ അതൊക്കെ നോക്കികാണുമ്പോൾ തന്നെ സുതാര്യത എന്ന് പറയുന്നത് സഭയുടെ എല്ലാ പ്രവർത്തനങ്ങളിലും വരും.

Image result for ചർച്ച് ആക്റ്റ്

നല്ല ജീവിതം നയിക്കുന്ന അനേകം സന്യസ്തരും വൈദികരും ഇപ്പോഴും സഭയിലുണ്ട്. ജസ്റ്റിസ് കൃഷ്ണയ്യർ ഏകദേശം ഒമ്പതു വർഷങ്ങൾക്കു മുമ്പ് ഡ്രാഫ്റ്റ് ചെയ്ത ബില്ലാണ് ചർച്ച് ആക്റ്റ്. കൃഷ്ണയ്യർ ഹിന്ദുവാണെന്നു പറഞ്ഞു കൊണ്ട് കത്തോലിക്കരുടെ ഭൗതിക നിയമങ്ങൾ എഴുതാൻ അവകാശമില്ലെന്നൊക്കെ പറയുന്നത് അങ്ങേയറ്റം സങ്കുചിത മനോഭാവമാണ്. നിയമ വ്യവസ്ഥയോട് ആദരവുള്ളവർ ഒരിക്കലും ഇത്തരത്തിൽ അഭിപ്രായം പറയുവാൻ പാടുള്ളതല്ല. കേരള ചര്‍ച്ച് ആക്റ്റിനെതിരെ കേരളത്തിലെ ബിഷപ്പുമാര്‍ പള്ളികളില്‍ വായിക്കാന്‍ ഇടയലേഖനമിറക്കേണ്ട ഒരാവശ്യവും ഇല്ലായിരുന്നു. കേരള അസംബ്ലിയിൽ ചർച്ച് ആക്റ്റ് ചർച്ച ചെയ്യാൻ സഭാ നേതൃത്വങ്ങൾ ആഗ്രഹിക്കുന്നില്ലാ എന്നുള്ളതൊക്കെ ജനാധിപത്യ കേരളത്തിന് ഒട്ടും അഭിമാനിക്കുവാൻ ഇടം നൽകുന്ന വാർത്തകൾ അല്ല.