ചൈനീസ് വിമാന വാഹിനികളും അവ ഉയർത്തുന്ന ചോദ്യങ്ങളും

ഋഷി ദാസ്. എസ്സ്.

ഈ അടുത്ത കാലത്താണ് ചൈന, അവർ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനി നീറ്റിലിറക്കിയത്. സോവിയറ്റ് കാലത്തെ കുസ്നെറ്സോവ് ക്ലാസ് വിമാന വാഹിനിയുടെ തനിപ്പകർപ്പാണെങ്കിലും അവരുടെ ഈ നേട്ടത്തെ ഒരു രീതിയിലും വില കുറച്ചു കാണാനാകില്ല. അവ ഉയർത്തുന്ന ഭീഷണികളെയും…

വിമാനവാഹിനികളുടെ നിർമ്മാണം വളരെ സങ്കീർണമായ ഒരു പ്രക്രിയയാണ്. വിരലിൽ എണ്ണാവുന്ന രാജ്യങ്ങൾ മാത്രമേ യുദ്ധ പ്രാധാന്യമുള്ള വിമാന വാഹിനികൾ നിർമ്മിച്ചിട്ടുള്ളു. ചൈനക്കാരുടെ വിമാനവാഹിനി സ്വപ്നങ്ങൾക്ക് അര നൂറ്റാണ്ടു പഴക്കമുണ്ട് . തങ്ങൾക്ക് വിമാനവാഹിനികൾ നിർമ്മിക്കാനുള്ള സാങ്കേതിക പ്രാപ്തി ഇല്ല എന്ന അവർ പണ്ടേ തിരിച്ചറിഞ്ഞിരുന്നു. വിമാന വാഹിനികളെ പറ്റി പഠിക്കാൻ പഴയതും ഡി കമ്മീഷൻചെയ്തതുമായ വിമാന വാഹിനികൾ കുറഞ്ഞ വിലക്ക് വാങ്ങുകയായിരുന്നു അവർ. ചൈനീസ് വിമാന വാഹിനി പദ്ധതിയുടെ ആദ്യ പടിയായി ആസ്ട്രേലിയയുടെ ചെറു വിമാനവാഹിനിയായ എച്ച് എം എസ് മെൽബോൺ ആണ് അവർ ഇതിനായി വാങ്ങിയ ആദ്യ വിമാന വാഹിനി. എൺപതുകളുടെ ആദ്യമായിരുന്നു ഇത്. ഇത്തരം കച്ചവടങ്ങൾ ഒന്നും ചൈന സർക്കാർ നേരിട്ട് നടത്തുന്നതല്ല. ഹോങ്കോങ്, മക്കാവു തുടങ്ങിയയിടങ്ങളിലെ വ്യാജ കമ്പനികളെ ഉപയോഗിച്ചാണ് അവർ ഇത്തരം ഇടപാടുകൾ നടത്തുന്നത്. ഇവമൂലം ഉണ്ടാകുന്ന അപകടങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്ന് ചൈനീസ് സർക്കാരിന് ഒഴിഞ്ഞു മാറാനാണ് അവർ ഇങ്ങനെ ചെയ്യുന്നത് എന്നാണ് കരുതപ്പെടുന്നത്.

Image may contain: ocean, sky, outdoor and water

സോവിയറ്റു യൂണിയന്റെ തകർച്ചയോടു കൂടി സോവിയറ്റു വിമാനവാഹിനികൾ റഷ്യൻ കൈകളിലെത്തി. അവയെയാണ് പിന്നീട് ചൈന നോട്ടമിട്ടത് . അതിൽ കിയെവ് എന്ന വിമാനവാഹിനിയെ അവർ നിഴൽ കമ്പനികളെ ഉപയോഗിച്ച് വാങ്ങി. സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ അവരുടെ വിമാനവാഹിനി നിർമ്മാണശാല ഉക്രൈനിന്റെ ഭൂപ്രദേശത്തായിരുന്നു. ഉക്രൈനിലെ മൈകോലിയേവ് കപ്പൽ നിർമ്മാണ ശാലയിലായിരുന്നു അവർ വിമാന വാഹിനികൾ നിർമിച്ചിരുന്നത്. 1991ൽ മികൊലയെവ് കപ്പൽ നിർമ്മാണശാലയിൽ രണ്ടു വിമാനവാഹിനികൾ പണിതീരാൻ കാത്തു കിടക്കുന്നുണ്ടായിരുന്നു .ഏതാണ്ട് 95% പണിതീർന്ന കുസ്നെറ്സോവ് (Kuznetzov)ഉം 50% പണിതീർന്ന വാര്യാഗ് (Varyag)ഉം.

Related image

സോവിയറ്റ് യൂണിയൻ ഔദ്യോഗികമായി പിരിച്ചുവിട്ട അന്ന് തന്നെ കുസ്നെറ്സോവിനെ റഷ്യ സ്വന്തമാക്കി. വര്യാഗിനെ അവർ ഉപേക്ഷിച്ചു. ഉക്രയിനിനു വര്യാഗിനെ പൂർത്തിയാക്കനുള്ള സാമ്പത്തിക സ്ഥിതിയും ഇല്ലായിരുന്നു.

ഏതാണ്ട് പത്തു വർഷം നീണ്ട ചർച്ചകൾക്കൊടുവിൽ വര്യാഗിനെ ചൈന അവരുടെ നിഴൽ കമ്പനികളെ (Shadow Companies) ഉപയോഗിച്ചുതന്നെ വാങ്ങി. അതിനെ ഒരു ഒഴുകുന്ന ഹോട്ടൽ(floating casino) ആക്കി മാറ്റുകയായിരുന്നു വാങ്ങുന്ന കമ്പനി യുടെ പ്രഖ്യാപിത ലക്ഷ്യം. 2000 ത്തിലാണ് വാര്യാഗ് ചൈനീസ് കൈകളിൽ എത്തുന്നത്. ഒരു കൊല്ലമെടുത്താണ് അവർ അതിനെ കെട്ടിവലിച്ച്‌ ചൈനയിൽ എത്തിച്ചത്.

ചൈനീസ് തുറമുഖത്ത് എത്തിയതോടുകൂടി ചൈനീസ് നാവികസേന വര്യാഗിനെ ഏറ്റെടുത്തു .”കമ്പനി ” അധികാരികൾ അപ്രത്യക്ഷരായി. അവരിൽ ചിലർ പിന്നീട് വധിക്കപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ ഉണ്ടായി. പത്തുകൊല്ലത്തെ പരിശ്രമത്തിനുശേഷം ചൈന വര്യാഗിനെ പണിതീർത്ത് ലിയാവോനിങ് (Liaoning)ആയി രംഗത്തിറക്കി . 2012ൽ ആയിരുന്നു അത്.
അതിൽ ഉപയോഗിക്കേണ്ട യുദ്ധവിമാനങ്ങൾ ചൈന സ്വന്തമാക്കിയതും സമാനമായ തന്ത്രം ഉപയോഗിച്ചായിരുന്നു .

Related image

വര്യാഗിനെ നിഴൽ കമ്പനികളിലൂടെ (Shadow Companies) സ്വന്തമാക്കിയ ചൈന അതിന്റെ സാങ്കേതിക രേഖകൾ ഉക്രൈനിൽനിന്നും(Technical Documents) വൻ വില കൊടുത്തു സ്വന്തമാക്കി. ആ സാങ്കേതിക രേഖകൾ ഉപയോഗിച്ചാണ് അവർ ഇപ്പോൾ തദ്ദേശീയമായി ഒരു വിമാനവാഹിനി നിർമ്മിച്ചു കടലിൽ ഇറക്കിയിരിക്കുന്നത് .സ്വന്തമായി വിമാനവാഹിനികൾ നിർമ്മിച്ചു പ്രവർത്തിപ്പിക്കുക എന്ന ചൈനീസ് സ്വപ്നമാണ് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നത്. ഇനിയവർക്ക് കൂടുതൽ വലിയ വിമാനവാഹിനികൾ നിർമ്മിക്കാം. ആണവ റിയാക്ടറുകൾ സ്ഥാപിച്ച്‌ ആണവ വിമാന വാഹിനികളും അവർ അടുത്ത രണ്ടു ദശകത്തിനിടക്ക് രംഗത്തിറക്കും.

ദക്ഷിണ ചൈന കടലിൽ നടത്തുന്ന അധിനിവേശ കൈകടത്തലുകൾ ഇന്ന് ലോകത്തിനുതന്നെ ഭീഷണി ആയികൊണ്ടിരിക്കുകയാണ് . ചൈനക്ക് ദക്ഷിണ ചൈന കടലിൽ യാതൊരു അവകാശവുമില്ല എന്നുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി പോലും അവർ തികഞ്ഞ പുച്ഛത്തോടെ തള്ളിക്കളയുകയാണുണ്ടായത്. വിമാനവാഹിനികൾ ചൈനയുടെ കൈയ്യേറ്റങ്ങൾക്കും , കടന്നു കയറ്റങ്ങൾക്കും ശക്തിപകരും. കൂടുതൽ വിമാനവാഹിനികൾ രംഗത്തിറക്കുന്നതോടെ ചൈനീസ് വിമാന വാഹിനികൾ ഇന്ത്യൻ സമുദ്രത്തെയും ,പസഫിക് സമുദ്രത്തെയും കലുഷിതമാക്കും. ഇന്ത്യൻ സമുദ്രത്തിൽ നമുക്ക് ചുറ്റും അവർ സ്ട്രിംഗ് ഓഫ് പെർലസ് (String of Perls) എന്നറിയപ്പെടുന്ന താവളങ്ങളുടെ ശൃംഖല തന്നെ രഹസ്യമായി പടുത്തുയർത്തിയിട്ടുണ്ട് .
ഈ താവളങ്ങൾ പലതും അവരുടെ വിമാന വാഹിനികളുടെ താവളങ്ങൾ ആയി മാറാനും സാധ്യതയുണ്ട്.