ചെവിയില്‍ ബഡ്സ് ഉപയോഗിക്കുമ്പോള്‍

 

ചെവിക്കുള്ളിലെ അഴുക്ക് കളയാന്‍ കാട്ടന്‍ ബഡ്സ്, പിന്‍, സ്ലൈഡ്, തീപ്പെട്ടിക്കൊള്ളി തുടങ്ങിയവ ഉപയോഗിക്കുന്നവരുണ്ട്. ഇവയില്‍ ബഡ്‌സ് ഉപയോഗിക്കുന്നത് പലര്‍ക്കും ഒരു ശീലമാണ്. എന്നാല്‍ ചെവിക്കുള്ളിലെ അഴുക്ക് നീക്കം ചെയ്യാന്‍ ബഡ്സ് ഉപയോഗിക്കുന്നത് ചെവിക്ക് ദോഷം ചെയ്യുമെന്നാണ് പുതിയ പഠനം. നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെയര്‍ എക്സലന്‍സിന്റെ പഠനത്തിലാണ് ബഡ്സ് ഉപയോഗത്തിന്റെ ദോഷവശങ്ങളെക്കുറിച്ച് പറയുന്നത്.

ചെവിയിലെ അഴുക്ക് അഥവാ ചെവിക്കായം രൂപപ്പെടുന്നത് ചെവിയിലെ അഴുക്കും പൊടിയും കളയാനുള്ള സ്വാഭാവികമായ ശുചീകരണ പ്രക്രിയയാണ്. ശരീരത്തിലെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇത് സ്വയം പുറന്തള്ളപ്പെടും. എന്നാല്‍ പലരും ബഡ്സ് ഉപയോഗിച്ച് ചെവിക്കായം പുറത്ത് കളയുകയാണ് ചെയ്യുന്നത്. എന്നാല്‍ ബഡ്സ് ഉപയോഗം ചെവിക്കുള്ളിലെ മൃദുവായ തൊലിക്ക് പരിക്കേല്‍ക്കാന്‍ കാരണമാകുമെന്നും ഇത് കേള്‍വിയെ തന്നെ തകരാറിലാക്കുമെന്നുമാണ് റിപ്പോര്‍ട്ട്.

ബഡ്സ് ഉപയോഗിക്കുന്നതുമൂലം ചെവിക്കായം കൂടുതല്‍ ഉള്ളിലേക്ക് പോകുകയും ചെവിക്കല്ലിനു ക്ഷതം സംഭവിക്കാന്‍ കാരണമാകുകയും ചെയ്യും. ചെവിക്കുള്ളില്‍ ചൊറിച്ചിലോ അസ്വസ്ഥതകളോ തോന്നിയാല്‍ ഡോക്ടറുടെ സഹായം തേടുകയാണ് ഉത്തമം.