ചെറിയ തോതിലുള്ള ധനകമ്മി സമ്പദ് വ്യവസ്ഥകള്‍ക്ക് അമൃത്

ഋഷിദാസ്

പലപ്പോഴും ഒരു നികൃഷ്ട പദമായിട്ടാണ് ധനക്കമ്മി എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നത്. പക്ഷെ കമ്മിയെ ഏറ്റവും ശരിയായി നിര്‍വചിക്കുന്നത് ” അധികമായാല്‍ അമൃതും വിഷമാണ് ” എന്ന പഴഞ്ചൊല്ലാണ്. സാമ്പത്തിക ശാസ്ത്രത്തില്‍ വരവും ചെലവും തമ്മിലുള്ള അന്തരത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന വാക്കാണ് ധനക്കമ്മി. വരവിനേക്കാള്‍ ചെലവ് കൂടുമ്പോള്‍ ഒരു സമ്പദ് വ്യവസ്ഥ പൊതുവില്‍ സാമ്പത്തിക കമ്മി നേരിടുന്നു.

ചെറിയ തോതിലുള്ള ധനകമ്മി സമ്പദ് വ്യവസ്ഥകള്‍ക്ക് അമൃത് തന്നെയാണ്. ത്വരിത വളര്‍ച്ചയുള്ള സമ്പദ് വ്യവസ്ഥകളില്‍ ധനകമ്മി ഒരു രാസത്വരകമായി പ്രവര്‍ത്തിക്കും. യുഎസ് ഉള്‍പ്പെടെയുള്ള പല സമ്പദ്‌വ്യവസ്ഥകളും മാന്ദ്യങ്ങളില്‍ നിന്നും കരകയറിയിട്ടുള്ളത് ധന കമ്മിയിലൂടെ സമ്പദ്വ്യവസ്ഥയെ ഊര്‍ജസ്വലമാക്കിയാണ്. സാമ്പത്തിക കമ്മിയിലൂടെ സമ്പദ് വ്യവസ്ഥയിലേക്ക് ധനം ഇറക്കുന്നതിനെ സാങ്കേതികമായി ഡെഫിസിറ്റ് ഫൈനാന്‍സിങ് എന്ന് പറയുന്നു. വളര്‍ച്ചാനിരക്ക് അധികമില്ലാത്ത ഒരു സമ്പദ് വ്യവസ്ഥയെ ഡെഫിസിറ്റ് ഫൈനാന്‍സിങിലൂടെ മുന്നോട്ടു കൊണ്ടുപോകാന്‍ ശ്രമിച്ചാല്‍ ആത്യന്തികമായി കടം തിരിച്ചടക്കാന്‍ ഉള്ള വരുമാനം പോലും സമ്പദ് വ്യവസ്ഥയില്‍ നിന്നും സര്‍ക്കാരിന് സ്വരൂപിക്കാനാകാതെ കടക്കെണി (Debt Trap) എന്ന വിഷമഘട്ടത്തിലേക്ക് സമ്പദ് വ്യവസ്ഥ വഴുതിവീഴുന്നു.

മുമ്പ് പറഞ്ഞതുപോലെ ചെലവ് വരവിനേക്കാള്‍ കൂടുതലാവുമ്പോഴാണ് കമ്മി ഉടലെടുക്കുന്നത്. ഈ സാഹചര്യം ഉടലെടുക്കുമ്പോള്‍ സര്‍ക്കാരുകള്‍ക്ക് രണ്ടു മാര്‍ഗങ്ങള്‍ അവലംബിക്കാം. ഒന്നാമത്തേത് ചെലവ് ചുരുക്കി വരവിനൊപ്പം ചെലവ് നടത്തുകയാണ്. രണ്ടാമത്തേത് കടം വാങ്ങി ചെലവ് ചുരുക്കാതെ മുന്നോട്ടു പോവുകയാണ്. ആദ്യത്തെ മാര്‍ഗം ഉദാത്തമായി തോന്നുമെങ്കിലും പലപ്പോഴും ആത്മഹത്യാപരമാണ്. ഒരു സമ്പദ്‌ വ്യവസ്ഥയിലെ പ്രാഥമികമായ സാമ്പത്തിക സ്രോതസ്സ് സര്‍ക്കാര്‍ തന്നെയാണ്. ആ സര്‍ക്കാര്‍ ചെലവ് ചുരുക്കുമ്പോള്‍ സമ്പദ് വ്യവസ്ഥയില്‍ മറ്റു വിഭാഗങ്ങളിലേക്കുള്ള ധനത്തിന്റെ ഒഴുക്ക് കുറയുന്നു. അവരും ചെലവ് ചുരുക്കാന്‍ നിര്‍ബന്ധിതരാകുന്നു. ചെലവ് ചുരുക്കല്‍ വ്യാപിക്കുമ്പോള്‍ നികുതി വരുമാനം കുറയുന്നു. ഫലത്തില്‍ കമ്മി കുറയ്ക്കാന്‍ വേണ്ടി ഒരു വര്‍ഷം ചെയ്യുന്നത്‌ അടുത്ത കൊല്ലത്തെ നികുതി വരുമാനം കുറയ്ക്കുകയും
കമ്മി കൂട്ടുകയും ചെയ്യും. ഈ നില കൂടുതല്‍ കാലം നിലനിന്നാല്‍ കൊടും മാന്ദ്യത്തിലേയ്ക്ക്‌ സമ്പദ് വ്യവസ്ഥ കൂപ്പുകുത്തും.

സാമ്പത്തിക കമ്മിയെക്കുറിച്ചുള്ള ചില ഏകദേശ സൂചികകള്‍

ചെലവ് ചുരുക്കാതെ കടം വാങ്ങി ചെലവ് നടത്തുന്നതിന് രണ്ട് ഫലങ്ങള്‍ ഉണ്ടാവാം. സര്‍ക്കാര്‍ കടം വാങ്ങി നല്ലരീതിയില്‍ ചെലവാക്കിയാല്‍ സര്‍ക്കാരിന്റെ ചെലവാക്കലിനൊപ്പം (Pubic Spending) സ്വകാര്യ ചെലവാക്കലും (Private Spending) വര്‍ധിക്കും. ചെലവാക്കല്‍ വര്‍ധിക്കുമ്പോള്‍ അതിനനുസരിച്ച നികുതി വരുമാനം വര്‍ധിക്കും. നികുതി വരുമാനം വര്‍ധിക്കുന്നത് സാമ്പത്തിക വളര്‍ച്ചയുടെ തോതിനെ വര്‍ധിപ്പിക്കും. ഇങ്ങനെയുണ്ടാകുന്ന നികുതിവരുമാന വര്‍ധനയിലെ ശതമാനം കടത്തിന്റെ പലിശയേക്കാള്‍ മൂന്നോ നാലോ ശതമാനം കൂടിയിരുന്നാല്‍ കടം തിരിച്ചടക്കാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല. വരുമാന വര്‍ധനയുടെ തോത് അതിലും വര്‍ധിച്ചാല്‍ സമ്പദ്വ്യവസ്ഥയുടെ വലിപ്പത്തോട് തട്ടിച്ചുനോക്കുമ്പോള്‍ കടത്തിന്റെ തോത് കുറയുകയും ചെയ്യും. ഇത്തരത്തിലൂടെയുള്ള ഡെഫിസിറ്റ് ഫൈനാന്‍സിങ്ങിലൂടെയാണ് ഇപ്പോഴത്തെ ഏതാണ്ട് എല്ലാ സമ്പന്ന രാജ്യങ്ങളും സാമ്പത്തിക ഉന്നതി നേടിയത് .

നികുതി വരുമാനത്തിന്റെ നിരക്ക് കടത്തിന്റെ പലിശയേക്കാള്‍ താഴുമ്പോഴാണ് കടം വിഷലിപ്തമാവുന്നത് (Toxic Debt). ഓരോ വര്‍ഷം കഴിയുമ്പോഴും കടം തിരിച്ചടക്കാന്‍ വരുമാനത്തിന്റെ കൂടുതല്‍ ഭാഗം മാറ്റി വെക്കേണ്ടി വരുന്നു. ഈ നില തുടര്‍ന്നുപോയാല്‍ വരുമാനം കൊണ്ട് കടം തിരിച്ചടക്കാന്‍ പോലുമാവാത്ത സ്ഥിതിയില്‍ എത്തിച്ചേരും. ഇത്തരത്തില്‍ കടക്കെണിയില്‍ പെട്ടുപോയാല്‍ പിന്നെ ഒരു രാജ്യത്തിന്റെ നില പരുങ്ങലിലാകും. ആ സാഹചര്യമാണ് പല രാജ്യങ്ങളെയും അസ്ഥിരങ്ങള്‍ പോലുമാക്കുന്നത്. കടക്കെണിയില്‍ പെട്ടുപോയാല്‍ രാജ്യത്തിന്റെ സ്വന്തം നാണയത്തിനുപോലും വിലയുണ്ടാകില്ല. ആ അവസ്ഥയാണ് വര്‍ഷങ്ങളായി സിംബാബ് വെയിലും വെനിസ്വേലയിലും ഉടലെടുത്തത്.

സൂക്ഷിച്ച് കൈകാര്യം ചെയ്താല്‍ സാമ്പത്തിക കമ്മി സാമ്പത്തിക വളര്‍ച്ചയെ ത്വരിതമാക്കുന്ന ഒരു പോഷക ഭക്ഷണമാണ്. മറിച്ച് നിയന്ത്രണമില്ലാതെയുള്ള കമ്മി ഒരു സാവധാനം പരക്കുന്ന വിഷവസ്തു പോലെ സമ്പദ് വ്യവസ്ഥകളെയും രാജ്യങ്ങളെയും കാര്‍ന്നു നശിപ്പിക്കും.