ചെങ്ങന്നൂര്‍ കോണ്‍ഗ്രസിന് തന്നെ തിരികെ ലഭിക്കും; തന്റെ പോരാട്ടം ഈ ലക്‌ഷ്യം മുന്‍ നിര്‍ത്തി: ഡി.വിജയകുമാര്‍

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: എന്ത് രാഷ്ട്രീയ നീക്കങ്ങള്‍ വന്നാലും ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മാത്രമേ ജയിക്കുകയുള്ളൂവെന്ന് ചെങ്ങന്നൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഡി.വിജയകുമാര്‍ 24 കേരളയോടു പറഞ്ഞു. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്തതും തിരഞ്ഞെടുപ്പ് നോട്ടിഫിക്കേഷന്‍ വൈകിയതും ഒന്നും ചെങ്ങന്നൂരിലെ യുഡിഎഫ് വിജയത്തെ ബാധിക്കില്ല.

സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത് മുതല്‍ ചെങ്ങന്നൂരില്‍ പ്രചാരണത്തില്‍ താന്‍ സജീവമാണ്. വ്യക്തിപരമായ വോട്ടുകള്‍ ഗതി നിയന്ത്രിക്കുന്ന ചെങ്ങന്നൂരില്‍ വ്യക്തിപരമായ വോട്ടുകള്‍ തന്നെ യുഡിഎഫ് വിജയം നിര്‍ണ്ണയിക്കും. ആരുടെയൊക്കെ പ്രചാരണത്തിനു ബ്രേക്ക് വന്നു എന്നൊന്നും ഞാന്‍ നോക്കിയിട്ടില്ല. സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നത് മുതല്‍ കോണ്‍ഗ്രസ് പ്രചാരണരംഗത്ത് സ്ഥാനാര്‍ഥി എന്ന നിലയില്‍ സജീവമായി തുടരുന്നുണ്ട്.

മണ്ഡലത്തില്‍ ഞാന്‍ ചിരപരിചിതനാണ്. ആര്‍ക്കും പരിചയപ്പെടുത്തേണ്ട അവസ്ഥ വന്നിട്ടില്ല. ചെങ്ങന്നൂരില്‍ തിരഞ്ഞെടുപ്പ് നോട്ടിഫിക്കേഷന്‍ വൈകിയത് തന്നെ ബാധിച്ചിട്ടില്ല. വീട് കയറിയുള്ള പ്രചാരണങ്ങളിലാണ് ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. വിജയപ്രതീക്ഷയല്ല. ചെങ്ങന്നൂരില്‍ നിന്നും ഉള്ളത്. വിജയം കോണ്‍ഗ്രസിന് തന്നെയെന്നുള്ള ഉറച്ച പ്രതീക്ഷയാണ്.

ചെങ്ങന്നൂരില്‍ വിജയിക്കുമെന്ന് ഉറപ്പുണ്ട്. കാരണം ജനങ്ങള്‍ വോട്ട് ചെയ്യും, കേന്ദ്ര-സംസ്ഥാന ഭരണത്തില്‍ ജനങ്ങള്‍ പൊറുതിമുട്ടിയിട്ടുണ്ട്. ഇപ്പോള്‍ സംസ്ഥാനത്ത് പൊലീസ് സ്റ്റെഷനുകളില്‍ ജനങ്ങളെ തല്ലിക്കൊല്ലുകയാണ്. ഇതിന്റെ അനുരണനങ്ങള്‍ തിരഞ്ഞെടുപ്പില്‍ വരും. ഇടത് ഭരണത്തിന്നെതിരെ ശക്തമായ വികാരം സംസ്ഥാനത്ത് നിലനില്‍ക്കുന്നുണ്ട്. അത് രേഖപ്പെടുത്താനുള്ള അവസരം കൂടിയാണ് ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ്.

കഴിഞ്ഞ തവണ ചെങ്ങന്നൂരില്‍ സിപിഎം വന്നത് വിജയിച്ച കെ.കെ.രാമചന്ദ്രന്‍ നായര്‍ക്ക് വ്യക്തിപരമായി ലഭിച്ച വോട്ടിന്റെ പിന്‍ബലത്തിലായിരുന്നു. ഇത്തവണ അത്തരം വോട്ടുകള്‍ സിപിഎമ്മിന് ലഭിക്കില്ല. കഴിഞ്ഞ തവണത്തെ വിജയം വ്യക്തിപരമായ വോട്ടുകളാണ് എന്ന് വിലയിരുത്തുമ്പോള്‍ ഇക്കുറി അതിനു സാധ്യതയില്ല.

സിപിഎമ്മിന് ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ വോട്ടുകളില്ല. പക്ഷെ കോണ്‍ഗ്രസിന് വോട്ടുണ്ട്. കോണ്‍ഗ്രസിന് നഷ്ടമായ വോട്ടുകള്‍ ഇത്തവണ കോണ്‍ഗ്രസിലേക്ക് തന്നെ തിരിച്ചു വരും. ഇത് കോണ്‍ഗ്രസിന്റെ വിജയം ഉറപ്പാക്കും. അതുകൊണ്ട് തന്നെ വിജയം ചെങ്ങന്നൂരില്‍ യുഡിഎഫിന് ഒപ്പം നില്‍ക്കും. കഴിഞ്ഞ തവണ എന്‍ഡിഎയ്ക്ക് ഒപ്പം അടിയുറച്ച് നിന്ന ബിഡിജെഎസ് ഇത്തവണ ബിജെപിയ്ക്ക് മുഴുവന്‍ വോട്ടുകളും നല്‍കുമെന്ന് വിശ്വസിക്കുന്നില്ല.

ബിഡിജെഎസിലെ ഒരു വിഭാഗം വോട്ടുകള്‍ കോണ്‍ഗ്രസിന് ലഭിക്കുന്ന പ്രതീക്ഷയുണ്ട്. എന്‍യുമായി ബിഡിജെഎസ് ഇടഞ്ഞു നില്‍ക്കുകയാണ്. ഇത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. എസ്എന്‍ഡിപി വോട്ടുകളും പ്രതീക്ഷിക്കുന്നു. എസ് എന്‍ഡിപി അണികളുടെ വോട്ടുകള്‍ ലഭിക്കുമെന്നും വിശ്വാസമുണ്ട്‌. എസ്എന്‍ഡിപി പരസ്യമായി ആര്‍ക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.

കേരളാ കോണ്‍ഗ്രസ് ഇടതുമുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. ആ രീതിയിലുള്ള പ്രഖ്യാപനങ്ങള്‍ ഒന്നും കേരളാ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് വന്നിട്ടില്ല. അതുമാത്രമല്ല. ചെങ്ങന്നൂരിലെ കേരളാ കോണ്‍ഗസ് പതിറ്റാണ്ടുകളായി യുഡിഎഫ് ചിഹ്നത്തില്‍ വോട്ടു ചെയ്യുന്നവരാണ്.

നേതൃത്വത്തില്‍ നിന്ന് എന്ത് നീക്കം വന്നാലും കേരളാ കോണ്‍ഗ്രസ് അണികള്‍ യുഡിഎഫ്  സ്ഥാനാര്‍ഥിയ്ക്ക് തന്നെയേ വോട്ടു ചെയ്യൂ. വിജയം ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുമായി ചെങ്ങന്നൂരില്‍ എന്റെ നിരന്തര സാന്നിധ്യമുണ്ട്-വിജയകുമാര്‍ പറയുന്നു.

ചെങ്ങന്നൂരില്‍ ചിരപരിചിതനായ കോണ്‍ഗ്രസ് നേതാവാണ്‌ ഡി.വിജയകുമാര്‍. മുന്‍പ് തന്നെ ചെങ്ങന്നൂരിലെ സ്ഥാനാര്‍ഥിത്വം വിജയകുമാറിന് നല്‍കണമായിരുന്നു എന്ന തോന്നല്‍ ചെങ്ങന്നൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും അണികള്‍ക്കുമുണ്ട്. ശോഭനാ ജോര്‍ജിനെ തുടര്‍ച്ചയായി ചെങ്ങന്നൂരില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നതിനെതിരെ പരസ്യമായി പൊട്ടിത്തെറിച്ച പാരമ്പര്യവും വിജയകുമാറിനുണ്ട്. അതിന്റെ പേരില്‍ സസ്പെന്‍ഷനും വിജയകുമാറിന് നേരിടേണ്ടി വന്നു.

ഇപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞ ശേഷം ആകസ്മികമായി വന്ന ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വം വിജയകുമാറിനെ തന്നെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരിക്കുന്നു. കോണ്‍ഗ്രസ് നേതൃത്വം തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിനു ചെങ്ങന്നൂര്‍ വീണ്ടെടുത്ത് കോണ്‍ഗ്രസിന് തന്നെ നല്‍കാനാണ് വിജയകുമാറിന്റെ പടപ്പുറപ്പാട്.

അതിനു ചെങ്ങന്നൂര്‍ ജനത തനിയ്ക്കൊപ്പം നില്‍ക്കുമെന്ന് വിജയകുമാര്‍ ഉറച്ചു വിശ്വസിക്കുന്നു. ഈ വിശ്വാസത്തിന്റെ ബലത്തിലാണ് ചെങ്ങന്നൂരില്‍ കളം നിറഞ്ഞു കളിക്കാന്‍ വിജയകുമാര്‍ ഒരുങ്ങുന്നത്. കരുത്തരായ സ്ഥാനാര്‍ഥികളാണ് ചെങ്ങന്നൂരില്‍ വിജയകുമാറിന്റെ എതിരാളികള്‍. ആലപ്പുഴയിലെ സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായും പി.എസ്.ശ്രീധരന്‍ പിള്ള ബിജെപി സ്ഥാനാര്‍ഥിയായും ചെങ്ങന്നൂരില്‍ മാറ്റുരയ്ക്കുകയാണ്.

വിജയകുമാര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത് പോലെ വ്യക്തിപരമായ വോട്ടുകള്‍ തുണച്ചാല്‍ വിജയകുമാറിനെ വിജയം കടാക്ഷിച്ചേക്കും. വ്യക്തിപരമായ വോട്ടുകള്‍ ഒപ്പം നിന്നില്ലെങ്കില്‍, അത് വിജയകുമാറിന് മാത്രമല്ല യുഡിഎഫിനു മുന്‍പാകെ തന്നെയുള്ള ചോദ്യ ചിഹ്നമാണ്.