ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാഷ്ട്രീയ ധ്രുവീകരണമുണ്ടാകും; കത്തോലിക്കാ സഭയുടെ രംഗപ്രവേശത്തിന്‌ പിന്നില്‍ സഭാ രാഷ്ട്രീയം: ആന്റണി രാജു

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കേരളത്തില്‍ രാഷ്ട്രീയ ധ്രുവീകരണമുണ്ടാകുമെന്ന്‌ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു. 24 കേരളയോട് പറഞ്ഞു. ബിജെപി കൂടി സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായി കഴിഞ്ഞ സാഹചര്യത്തില്‍ സംസ്ഥാനത്ത്‌  രാഷ്ട്രീയ ധ്രുവീകരണത്തിനുള്ള
സാധ്യതകളേറെയാണ് – ആന്റണി രാജു 24 കേരളയോട് പറഞ്ഞു.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സജി ചെറിയാന്‍ സീറ്റ് തിരിച്ചു പിടിക്കും. അത് സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ്‌. സജി ചെറിയാന്‍ സിപിഎം ജില്ലാ സെക്രട്ടറി കൂടിയാണ്. സര്‍ക്കാരിന്റെ മദ്യനയത്തിന്നെതിരായി രംഗത്ത് വന്ന കത്തോലിക്കാ സഭാ നിലപാടുകള്‍ തള്ളിക്കളയുന്നതായും ആന്റണി രാജു പറഞ്ഞു.

സഭയുടെ വെല്ലുവിളി ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ
സാധ്യതകളെ ബാധിക്കില്ല. സഭയ്ക്കായി പ്രത്യേകം വോട്ടുണ്ടോ? സഭാ വോട്ടുകള്‍ എന്ന് പറഞ്ഞാല്‍ വിശ്വാസികളുടെ വോട്ടാണ്. വിശ്വാസികള്‍ക്കെല്ലാം വിവിധ രാഷ്ട്രീയ നിലപാടുകളുണ്ട്. സഭയുടെ രാഷ്ട്രീയം തന്നെ വിശ്വാസികളുടെ രാഷ്ട്രീയമാകാറില്ല.

കത്തോലിക്കാ സഭ ഇപ്പോള്‍ ഇടത് സര്‍ക്കാരിന്റെ മദ്യ നയത്തിനെതിരെ നിലപാട് എടുത്തിരിക്കുന്നു. ഈ നിലപാടിന് പിന്നില്‍ സഭയ്ക്കകത്തെ രാഷ്ട്രീയമുണ്ട്. സഭ പറഞ്ഞാലൊന്നും വിശ്വാസികള്‍ വോട്ടുചെയ്യണമെന്നില്ല. സഭ തന്നെ പ്രതിസന്ധിയില്‍ അകപ്പെട്ട സമയം കൂടിയാണിത്-ആന്റണി രാജു ചൂണ്ടിക്കാട്ടി.

ജെഡിയു ഇടതുമുന്നണി പ്രവേശനം കാത്ത് നില്‍ക്കുന്നുണ്ടെങ്കിലും മുന്നണി പ്രവേശന കാര്യത്തില്‍ ആദ്യം ജനാധിപത്യ കേരളാ കോണ്‍ഗ്രസിനെയാണ് പരിഗണിക്കുക. ഞങ്ങളെ ഇടതുമുന്നണിയില്‍ പ്രവേശിപ്പിക്കാതെ മറ്റു കക്ഷികളെ പരിഗണിക്കില്ല.

വളരെ നേരത്തെ മുതല്‍ തന്നെ ഇടതുമുന്നണിയുമായി സഹകരിച്ച് പോരുന്ന പാര്‍ട്ടിയാണ് ജനാധിപത്യ കേരളാ കോണ്‍ഗ്രസ്. അപ്പോള്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസിനെ മുന്നണിയില്‍ എടുക്കാതെ ജെഡിയുവിനെ ഇടതുമുന്നണി പരിഗണിക്കാന്‍ സാധ്യതയില്ല. അത് ശരിയായ രീതിയുമല്ലല്ലോ.

ഇടതുമുന്നണി പ്രവേശനം കാത്തുനില്‍ക്കുന്ന പാര്‍ട്ടികളെ പരിഗണിക്കാതെ പുതിയതായി വന്ന കക്ഷികളെ എടുത്താല്‍ അതില്‍ നിന്നും വരുന്ന സന്ദേശം ഈ പാര്‍ട്ടികള്‍ക്ക് ഇടതുമുന്നണി പ്രവേശനം ഉണ്ടാകില്ല എന്നല്ലേ? അപ്പോള്‍ ഇടതുമുന്നണിയില്‍ പ്രവേശനം കാത്തിരിക്കുന്ന പാര്‍ട്ടികള്‍ ഇടതുപക്ഷത്തോട് സഹകരിക്കുന്നത് അവസാനിപ്പിക്കും.

ഒരുപാട് പാര്‍ട്ടികള്‍ മുന്നണി പ്രവേശനം കാത്തു നില്‍ക്കുന്നുണ്ടെങ്കിലും എല്ലാവരെയും ഇടതുമുന്നണിയില്‍ പ്രവേശിപ്പിക്കുമോ എന്ന കാര്യത്തില്‍ തീര്‍ച്ചയില്ല. പക്ഷെ ഇനി മുന്നണി പ്രവേശനം നടത്തുമ്പോള്‍ അതില്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് എന്തായാലും ഇടംപിടിക്കും.

രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിമറിഞ്ഞതിനാല്‍ ഇടതുമുന്നണി പ്രവേശനം കാത്ത് നില്‍ക്കുന്ന കക്ഷികളെ അതിവേഗം തന്നെ മുന്നണിയില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. ജോസഫ് ഗ്രൂപ്പുമായി പിരഞ്ഞശേഷം അവരുമായി ജനാധിപത്യ കേരളാ കോണ്‍ഗ്രസ് വലിയ ബന്ധം പുലര്‍ത്തുന്നില്ല. അവരും ഞങ്ങളും വ്യത്യസ്ത പാര്‍ട്ടികള്‍
എന്ന രീതിയില്‍ തന്നെയാണ് ഇരു പാര്‍ട്ടി നേതാക്കളും പരസ്പരം വീക്ഷിക്കുന്നത്.

പക്ഷെ ജോസഫ് ഗ്രൂപ്പുമായി ഭാവിയില്‍ ഒരു ബന്ധവും കാണില്ലെന്ന് ഞങ്ങള്‍ക്ക് പറയാന്‍ കഴിയില്ല. രാഷ്ട്രീയം എങ്ങിനെ വേണമെങ്കിലും മാറി മറിയാന്‍ സാധ്യതയുള്ള രംഗമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ഞങ്ങളുടെ തോല്‍വി അത് അന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ സംഭവിച്ചതാണ്.

നിയമസഭാ തിരഞ്ഞെടുപ്പിലെ കൂട്ടത്തോല്‍വി ഞങ്ങള്‍ പ്രതീക്ഷിച്ചതല്ല. നാല് സീറ്റുകളില്‍ ഞങ്ങള്‍ പരാജയപ്പെട്ടു. പക്ഷെ അത് പഴയ കാര്യമാണ്. ഞങ്ങള്‍ അന്ന് ജയിച്ചിരുന്നെങ്കില്‍, മൂന്നോ നാലോ എംഎല്‍എമാര്‍ പാര്‍ട്ടിക്ക് ഉണ്ടായിരുന്നെങ്കില്‍ സ്ഥിതി മാറുമായിരുന്നില്ലെ?

ഭരണമുന്നണിയിലെ പ്രബല കക്ഷിയായി ഞങ്ങള്‍ മാറിയേനെ. പിണറായി മന്ത്രിസഭയില്‍ ഞങ്ങളും ഉണ്ടാകുമായിരുന്നു. ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്റെ കാര്യം മാത്രമല്ല. കെ.ബി.ഗണേഷ് കുമാര്‍, വിജയന്‍ പിള്ള, കോവൂര്‍ കുഞ്ഞുമോന്‍ തുടങ്ങിയ എംഎല്‍എമാര്‍ക്കൊന്നും ഇടത് മുന്നണി മന്ത്രിപദവി നല്‍കിയിട്ടില്ല.
അടുത്ത ഇടതുമുന്നണി വിപുലീകരണത്തില്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് മുന്നണിയില്‍ ഇടംപിടിക്കും – ആന്റണി രാജു പറഞ്ഞു.