ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ചത് എന്‍ഡിഎയില്‍ ആലോചിച്ച്‌: തുഷാര്‍ വെള്ളാപ്പള്ളി

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ചത് എന്‍ഡിഎയില്‍ ആലോചിച്ചാണെന്ന്‌ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി 24 കേരളയോട് പറഞ്ഞു. ചെങ്ങന്നൂരിലെ സ്ഥാനാര്‍ഥി നിര്‍ണയം എന്‍ഡിഎയുമായി ആലോചിച്ചല്ല ബിജെപി നടത്തിയതെന്നും അത് ശരിയായില്ലെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നേരത്തെ പറഞ്ഞിരുന്നു. വെള്ളാപ്പള്ളിയുടെ ഈ വാദമാണ് തുഷാര്‍ തള്ളിക്കളഞ്ഞത്.

ബിജെപി മത്സരിച്ച സീറ്റാണ് ചെങ്ങന്നൂര്‍. ചെങ്ങന്നൂരില്‍ ശ്രീധരന്‍ പിള്ളയെ മത്സരിപ്പിക്കുന്ന കാര്യം എന്‍ഡിഎയില്‍ ആലോചിട്ടുണ്ട്. ബിഡിജെഎസിനെയും അറിയിച്ചിട്ടുണ്ട്. ചെങ്ങന്നൂര്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഒരു തര്‍ക്കത്തിനും അടിസ്ഥാനമില്ലെന്നും തുഷാര്‍ പറഞ്ഞു.

ഫെബ്രുവരി ഒന്‍പതിന് കാണിച്ചുകുളങ്ങരയില്‍ കൂടിയ ബിഡിജെഎസ് സംസ്ഥാന നേതൃയോഗത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടുണ്ട്. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഏറ്റവും അടിത്തട്ടില്‍ ബൂത്ത് കമ്മറ്റികള്‍ രൂപവത്ക്കരിക്കാനും പ്രവര്‍ത്തനം ശക്തിപ്പെടുത്താനും യോഗത്തില്‍ തീരുമാനിച്ചു. നിലവില്‍ ബിഡിജെഎസ്, എന്‍ഡിഎയില്‍ തുടരുകയാണ്. ബിഡിജെഎസ്, എന്‍ഡിഎ വിടുകയാണ് എന്ന മട്ടില്‍ വാര്‍ത്തകള്‍ വരുന്നുണ്ട്. ആ വാര്‍ത്തകളില്‍ അടിസ്ഥാനമൊന്നുമില്ല. എന്‍ഡിഎയില്‍ ഉറച്ചു നിന്ന് ബിഡിജെഎസ് മുന്നോട്ട് പോകുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

ചെങ്ങന്നൂരില്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തി കരുത്ത് തെളിയിക്കണമെന്ന് ബിഡിജെഎസ് ആലപ്പുഴ ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ സംസ്ഥാന നേതൃത്വം ഇത് തള്ളിക്കളയുകയായിരുന്നു.