ചെങ്ങന്നൂരില്‍ സിപിഎം ചര്‍ച്ചകള്‍ സി.എസ്.സുജാതയെ ചുറ്റിപ്പറ്റി; കോണ്‍ഗ്രസില്‍ വിഷ്ണുനാഥിനൊപ്പം എബി കുര്യാക്കോസും

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: ചെങ്ങന്നൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മുന്നണികള്‍ ബലാബലത്തിന് ഒരുങ്ങവെ നിലവില്‍ മണ്ഡലം കൈവശമുള്ള സിപിഎമ്മിലെ ചര്‍ച്ചകള്‍ സി.എസ്.സുജാതയെ ചുറ്റിപ്പറ്റിയാണ്.

ചെങ്ങന്നൂരില്‍ എംഎല്‍എയായിരുന്ന സിപിഎമ്മിന്റെ കെ.കെ.രാമചന്ദ്രന്‍ നായരുടെ വിയോഗത്തെ തുടര്‍ന്ന് ഒഴിവുവന്ന സീറ്റ് നിലനിര്‍ത്താന്‍ അനുയോജ്യയായ
സ്ഥാനാര്‍ത്ഥി എന്ന നിലയ്ക്കാണ് സി.എസ്.സുജാതയിലേയ്ക്ക് ചര്‍ച്ചകള്‍ നീങ്ങുന്നത്.

സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായ സജി ചെറിയാന് ചെങ്ങന്നൂരില്‍ മത്സരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിന്‌ പാര്‍ട്ടി സമ്മതം മൂളാന്‍ സാധ്യത കുറവാണ്. രണ്ടാമതും സിപിഎം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനാലാണ് സജി ചെറിയാന്റെ സാധ്യത മങ്ങുന്നത്.

പൊതുവേ ചെങ്ങന്നൂരില്‍ സമ്മതയായ സി.എസ്.സുജാത വഴി സീറ്റ് നിലനിര്‍ത്താന്‍ കഴിയുമെന്നാണ് സിപിഎം കേന്ദ്രങ്ങള്‍ കരുതുന്നത്. സിപിഎം സംസ്ഥാന കമ്മറ്റിയംഗംവും ജനാധിപത്യാ മഹിളാ അസോസിയേഷന്‍ കേന്ദ്ര കമ്മറ്റി അംഗവുമാണ് സുജാത. മാവേലിക്കര മുന്‍ എംപി, ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിലെ സുജാതയുടെ മികവാര്‍ന്ന പ്രവര്‍ത്തനവും അവരുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

നായര്‍ സമുദായ അംഗമായ സുജാതയുടെ ഭര്‍ത്താവ് ഈഴവ സമുദായമായതിനാല്‍ രണ്ടു സമുദായങ്ങള്‍ക്കും സ്വീകാര്യവുമാകും. ഇങ്ങിനെ ഒട്ടനവധി ഘടകങ്ങളാണ് സുജാതയ്ക്ക് അനുകൂലമാകുന്നത്. മറുവശത്ത് കോണ്‍ഗ്രസില്‍ പി.സി.വിഷ്ണുനാഥ് സ്ഥാനാര്‍ത്ഥിയാകുമെന്നാണ് കരുതപ്പെടുന്നതെങ്കിലും എബി കുര്യാക്കോസിന്റെ പേര് കൂടി ചര്‍ച്ചയില്‍ വരുന്നുണ്ട്.

ആലപ്പുഴ ഡിസിസി സെക്രട്ടറിയാണ് എബി കുര്യാക്കോസ്. വിഷ്ണുനാഥിന് തന്നെയാണ് സാധ്യതയെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരിഗണനയ്ക്കായി ഒരു പാനല്‍ അയയ്ക്കാനാണ്‌ കോണ്‍ഗ്രസ് ഒരുങ്ങുന്നത്. ഈ പാനലിലാണ് എബി കുര്യാക്കോസിന്റെ പേര് കൂടി ഉള്‍പ്പെടുത്തുക.

വിഷ്ണുനാഥ് വേണോ എബി കുര്യാക്കോസ് വേണോ എന്ന് രാഹുല്‍ ഗാന്ധി തീരുമാനിച്ചോട്ടെ എന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ഉള്ളിലിരിപ്പ്. ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ എബി കുര്യാക്കോസിന്റെ പേര് മണ്ഡലത്തില്‍ സജീവമാക്കിയിട്ടുണ്ട്.

പി.സി.വിഷ്ണുനാഥ് കഴിഞ്ഞ തവണ പരാജയപ്പെട്ടതിനാലും മറുവശത്ത് എന്തുവന്നാലും ജയിക്കുമെന്ന സിപിഎമ്മിന്റെ വാശിയും പരിഗണിച്ചാണ്‌
ചെങ്ങന്നൂര്‍ കേന്ദ്രീകരിച്ച് ചില രാഷ്ട്രീയ നീക്കങ്ങള്‍ക്ക്‌ കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്. മതം അടിസ്ഥാനമാക്കി ഒരു പോരാണ്‌ കോണ്‍ഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്.

എബി കുര്യാക്കോസ് മാര്‍ത്തോമാ സമുദായാംഗമാണ്. മാര്‍ത്തോമാ സഭയ്ക്ക് 12,000 വോട്ടുകള്‍ ചെങ്ങന്നൂരിലുണ്ട്. സജി ചെറിയാന്‍ സിഎസ്ഐ സഭാ സമുദായാംഗമാണ്. കഷ്ടി രണ്ടായിരം വോട്ടുകള്‍ മാത്രമേ സിഎസ്ഐ സഭയ്ക്ക് ചെങ്ങന്നൂരിലുള്ളൂ. അതേസമയം മാര്‍ത്തോമാ സഭയും ഓര്‍ത്തഡോക്സ്‌ സഭയും തമ്മില്‍ വലിയ ബന്ധമുണ്ട്.

കഴിഞ്ഞ രണ്ട്‌ പതീറ്റാണ്ടായി ചെങ്ങന്നൂരില്‍ മാര്‍ത്തോമാ സഭാ വോട്ടുകള്‍ ഓര്‍ത്തഡോക്സ് സഭാ സ്ഥാനാര്‍ത്ഥിയ്ക്കാണ് നല്‍കിയിട്ടുള്ളത്. ഇപ്പോള്‍ മാര്‍ത്തോമാ സഭാ സ്ഥാനാര്‍ത്ഥി വന്നാല്‍ ചെങ്ങന്നൂരില്‍ ശക്തമായ ഓര്‍ത്തഡോക്സ്‌ സഭ, മാര്‍ത്തോമാ സ്ഥാനാര്‍ത്ഥിയ്ക്ക് പിന്തുണ നല്‍കും. നല്‍കാതിരിക്കാന്‍ സാധ്യത കുറവാണ്.

ഇതുവരെ ചെയ്ത സാഹായത്തിന് തിരിച്ചുള്ള സഹായമാണത്. ഈ കണക്കുകൂട്ടലാണ് എബി കുര്യാക്കോസ് കോണ്‍ഗ്രസ് പാനലില്‍ വരാന്‍ കാരണമായത്. ചെങ്ങന്നൂരില്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് 30000-ല്‍ കൂടുതല്‍ വോട്ടുകളുണ്ട്. 50000-ല്‍ കൂടുതല്‍ വോട്ടുകള്‍ ഉണ്ട് ക്രിസ്ത്യന്‍ സമുദായ അംഗങ്ങള്‍ക്ക്. ഈ വോട്ടുകള്‍ പൂര്‍ണമായും
സമാഹരിക്കാനുള്ള കോണ്‍ഗ്രസ് നീക്കമാണ് എബി കുര്യാക്കോസിന്റെ പേര് സജീവമാകുന്നതിന്‌ പിന്നില്‍.

എബിയുടെ പേര് പാനലില്‍ ഉള്‍പ്പെടുത്തുമ്പോള്‍ തന്നെ ജ്യോതി വിജയകുമാറിന്റെ പേര് കൂടി കെപിസിസി ചെങ്ങന്നൂരില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. സി.എസ്.സുജാത സിപിഎം സ്ഥാനാര്‍ത്ഥിയാവുകയാണെങ്കില്‍ ഒരു വനിതാ സ്ഥാനാര്‍ത്ഥി എന്ന നിലയിലാണ് ജ്യോതിയുടെ പേര് ഉള്‍പ്പെടുത്തുന്നത്.

ജ്യോതിയ്ക്ക് പാര്‍ട്ടി മെമ്പര്‍ഷിപ്പ് പോലുമില്ല എന്നാണ് അവര്‍ക്കെതിരെ ഉയരുന്ന ആക്ഷേപം. നല്ല പരിഭാഷകയാണ് ജ്യോതി എന്നത് മാത്രമാണ് ജ്യോതിക്കുള്ള അധിക യോഗ്യത. ബിജെപി ചെങ്ങന്നൂരില്‍ പി.എസ്.ശ്രീധരന്‍ പിള്ളയിലേയ്ക്ക്‌ തന്നെ നീങ്ങുകയാണ്. ചെങ്ങന്നൂരിനോട്‌ ഗുഡ് ബൈ പറയാന്‍ ഒരുങ്ങി നിന്ന ശ്രീധരന്‍ പിള്ള പക്ഷെ ബിജെപി സമ്മര്‍ദ്ദം ശക്തമാക്കിയതിനെ തുടര്‍ന്ന് ഒരു തവണ കൂടി ചെങ്ങന്നൂരില്‍ കളത്തിലിറങ്ങാന്‍ തയ്യാറെടുക്കുകയാണ്.

പക്ഷെ കഴിഞ്ഞ തവണ ചെങ്ങന്നൂരില്‍ ശ്രീധരന്‍ പിള്ളയുടെ വോട്ടുകള്‍ കുത്തനെ കൂട്ടിയ ബിഡിജെഎസ് ഇത്തവണ എന്‍ഡിഎയില്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. എന്തായാലും ഇടത്-വലത് മുന്നണികളും എന്‍ഡിഎയും ചെങ്ങന്നൂരിലെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടിഫിക്കേഷന് കാക്കുകയാണ്, ബലാബലത്തിന്‌
കച്ചമുറുക്കാന്‍.