ചെങ്ങന്നൂരില്‍ സജി ചെറിയാന്‍റെ സ്ഥാനാര്‍ത്ഥിത്വം പരുങ്ങലില്‍; കോണ്‍ഗ്രസിനും ആശയക്കുഴപ്പം

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: ത്രിപുര തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനെ സംബന്ധിച്ച്‌
സിപിഎമ്മില്‍ ചിന്താക്കുഴപ്പം.  ഈ ചിന്താക്കുഴപ്പം ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ആഗ്രഹിക്കുന്ന സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ നില പരുങ്ങലിലാക്കുന്നു.

സജി ചെറിയാന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് സിപിഎമ്മില്‍ ചില തടസങ്ങളുണ്ട്. ഒന്ന് ജില്ലാ സെക്രട്ടറിമാര്‍ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കരുത്. അതാണ് പാര്‍ട്ടി തീരുമാനം. മാത്രമല്ല ഇപ്പോഴത്തെ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് ജയിക്കുമെന്ന് യാതൊരു ഉറപ്പുമില്ല താനും.

രണ്ടാമത് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി സജി ചെറിയാന്‍ തിരഞ്ഞെടുക്കപ്പെട്ടതേയുള്ളൂ. ഇത് രണ്ടാം തവണയാണ് സജി ചെറിയാന്‍ ആലപ്പുഴ സിപിഎം ജില്ലാ സെക്രട്ടറിയാകുന്നത്. ഒരു സിപിഎം ജില്ലാ സെക്രട്ടറി ഒരു ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെടുക എന്നത് നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സിപിഎമ്മിന് അചിന്ത്യമാണ്.

ഇന്ത്യയില്‍ സിപിഎം അധികാരത്തിലിരുന്ന രണ്ടാമത് സംസ്ഥാനമായിരുന്ന ത്രിപുരയില്‍ സിപിഎം വന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്. ഇതോടെ സിപിഎം അധികാരത്തില്‍ ഇരിക്കുന്ന ഒരേ ഒരു സംസ്ഥാനം കേരളം മാത്രമാണ്. ആ കേരളത്തില്‍ പാര്‍ട്ടിയുടെ കയ്യിലിരിക്കുന്ന സീറ്റ് പോയാല്‍ കനത്ത രാഷ്ട്രീയ തിരിച്ചടിയാണ്. പരാജയപ്പെടുന്നത് പാര്‍ട്ടി ജില്ലാ സെക്രട്ടറി കൂടിയായാല്‍ അതിന്റെ ആക്കം വര്‍ദ്ധിക്കുകയേയുള്ളൂ. പാര്‍ട്ടി ശക്തമായ കേരളത്തില്‍ പാര്‍ട്ടിയുടെ കയ്യിലിരുന്ന നിയമസഭാ സീറ്റ് കൂടി പോയി എന്ന പ്രതിസന്ധിയും അഭിമുഖീകരിക്കേണ്ടി വരുകയും ചെയ്യും.

ത്രിപുരയില്‍ സിപിഎം തോറ്റത് ബിജെപിയോടാണ്. അതുകൊണ്ടുതന്നെ ബിജെപി ഭീഷണി ഫലപ്രദമായി ചെറുക്കുന്നതിനേക്കുറിച്ചാണ് അവര്‍ ആലോചിക്കുന്നത്. ബിജെപിയ്ക്ക് പണവും അധികാരവുമുണ്ട്. ത്രിപുര ബിജെപി പിടിച്ചത് ഈ രണ്ടു കാരണങ്ങള്‍ കൊണ്ടാണ്. ത്രിപുരയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ബിജെപിയില്‍ ചേര്‍ന്ന് അവരുടെ സീറ്റിലാണ് ജയിച്ചത്.

കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി പോയത് ബിജെപിയിലാണ്. ഇവരൊക്കെ ജയിക്കുകയും ചെയ്തു. ഇത് കാരണമാണ് കോണ്‍ഗ്രസ് എന്ന് പേരുള്ള ബിജെപിയാണ് ത്രിപുരയില്‍ ജയിച്ചത് എന്ന് സിപിഎം ആരോപിക്കുന്നത്. ചെങ്ങന്നൂരില്‍ ബിജെപിയുടെ സ്ഥാനാര്‍ഥിയാകുന്നത് പി.എസ്.ശ്രീധരന്‍ പിള്ളയാണ്. മുന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കൂടിയായ ശ്രീധരന്‍പിള്ള ശക്തനായ സ്ഥാനാര്‍ത്ഥിയാണ്.

കഴിഞ്ഞ തവണ പി.സി.വിഷ്ണുനാഥ് തോല്‍ക്കാനുള്ള രണ്ടു കാര്യങ്ങളില്‍ ഒന്ന് ശ്രീധരന്‍പിള്ളയും രണ്ടു ശോഭനാ ജോര്‍ജുമായിരുന്നു. പി.സി.വിഷ്ണുനാഥ് ചെങ്ങന്നൂരില്‍ കഴിഞ്ഞ തവണ 44897 വോട്ട് നേടിയപ്പോള്‍ മൂന്നാം സ്ഥാനത്ത് വന്ന ശ്രീധരന്‍ പിള്ള 42682 വോട്ട് നേടി.

രണ്ടായിരം വോട്ടുകള്‍ മാത്രമാണ് പിള്ളയെക്കാള്‍ വിഷ്ണുനാഥ് അധികം നേടിയത്. ചെങ്ങന്നൂരില്‍ അവസാന നിമിഷം മത്സരത്തില്‍ നിന്ന് നിഷ്ക്രമിച്ച ശോഭനാ ജോര്‍ജ് 483 വോട്ടേ നേടിയുള്ളൂ എങ്കിലും കയ്യിലുള്ള നാലായിരം വോട്ടുകള്‍ കൊണ്ട്‌
ശോഭനാ ജോര്‍ജ് ഒരു കളി കളിച്ചു. ഈ കളിയാണ് പി.സി.വിഷ്ണുനാഥിന്‍റെ പരാജയത്തില്‍ കലാശിച്ചത്.

മൂന്നു തവണ ചെങ്ങന്നൂരിനെ നിയമസഭയില്‍ പ്രതിനിധീകരിച്ച ശോഭനാ ജോര്‍ജിന് ചെങ്ങന്നൂരില്‍ ശക്തമായ അടിത്തറ
ഇപ്പോഴുമുണ്ട്. കെ.കെ.രാമചന്ദ്രന്‍ നായര്‍
കഴിഞ്ഞ തവണ നേടിയ വോട്ടുകള്‍ ശ്രീധരന്‍ പിള്ള നേടിയ വോട്ടുകളെക്കാള്‍ 10000 വോട്ടുകള്‍ മാത്രമാണ്.

ബിഡിജെഎസ്, ക്രിസ്ത്യന്‍ വോട്ടുകള്‍ ഇക്കുറി ബിജെപിയ്ക്ക് ഒപ്പം കാണും. ബിജെപിയിലെ കേരളത്തിലെ വന്‍ നിര നേതാക്കളെ അപ്പാടെ വെട്ടി നിരത്തിയാണ് ബിജെപി കേന്ദ്ര നേതൃത്വം ക്രിസ്ത്യന്‍ സമുദായാംഗമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിനു രാജ്യസഭാ എംപി പദവിയും കേന്ദ്രമന്ത്രി പദവിയും നല്കിയത്. ഇതിനു പിന്നില്‍ ബിജെപി കേന്ദ്ര നേതൃത്വം കണ്ടത് കേരളത്തിലെ ക്രിസ്ത്യന്‍ വോട്ടുകള്‍ മാത്രമാണ്.

ആ ക്രിസ്ത്യന്‍ വോട്ടുകള്‍ സമാഹരിക്കാന്‍ അല്‍ഫോണ്‍സ് കണ്ണന്താനവും ഇപ്പോള്‍ ബിജെപിയ്ക്ക് ഒപ്പമുള്ള എന്‍ഡിഎയിലെ പി.സി.തോമസും സാധ്യമായ എല്ലാ ശ്രമവും നടത്തുകയും ചെയ്യും. നേമത്ത് സിപിഎമ്മിനെ പരാജയപ്പെടുത്തിയാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍
കേരളത്തില്‍ ആദ്യമായി ബിജെപി നിയമസഭയിലെത്തുന്നത്.

ചെങ്ങന്നൂരില്‍ ജയിച്ചാല്‍ കേരളത്തിലെ രണ്ടു ലോക്സഭാ സീറ്റ് വിജയത്തിനു ബിജെപിയ്ക്ക്  അത് പ്രേരണയാകും.  ഇങ്ങിനെ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് സിപിഎമ്മിന് മുന്നില്‍ ഉയര്‍ത്തുന്നത്.

സജി ചെറിയാന്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി വന്നാല്‍ ജാതിമത്സരത്തിനു കൂടി ഇത്തവണ ചെങ്ങന്നൂരില്‍ അരങ്ങൊരുങ്ങിയേക്കും. ബിജെപിയാണ് ഈ നീക്കം നടത്തുന്നത്. സജി ചെറിയാന്‍ ന്യൂനപക്ഷമായ സിഎസ്ഐ സഭയാണ്. ബിജെപി ജാതിക്കാര്‍ഡ് പുറത്തിറക്കാന്‍ സാധ്യത ഏറെയാണ്. അങ്ങിനെ വന്നാല്‍ സിപിഎമ്മിന് ആലോചിക്കേണ്ടി വരും. കാരണം ത്രിപുര മുന്നില്‍ നില്‍ക്കുന്നു. ജാതിക്കാര്‍ഡ് വന്നാല്‍ വ്യക്തിപരമായി പിടിച്ചു നില്‍ക്കാന്‍ സജി ചെറിയാന് കഴിയില്ല. അതേസമയം സജി ചെറിയാന്‍ മാര്‍ത്തോമ്മാ സഭക്കാരനായിരുന്നെങ്കില്‍ സാധ്യതയുണ്ടായിരുന്നു.

ഓര്‍ത്തഡോക്സ്‌ സഭയാണ് ചെങ്ങന്നൂരില്‍ വലുത്. ആ സഭയ്ക്കും മാര്‍ത്തോമാ സഭയ്ക്കും ബന്ധമുണ്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വഴി ഓര്‍ത്തഡോക്സ്, മാര്‍ത്തോമാ വോട്ടുകള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി
നേടിയെടുക്കും.

വര്‍ഗീയ ചേരിതിരിവുണ്ടാകുമ്പോള്‍ അത്‌ സിപിഎമ്മിന് സഹായകരമാകണമെങ്കില്‍ ക്രിസ്ത്യന്‍, മുസ്ലിം വോട്ടുകള്‍ ഏകീകരിക്കണം. ഇതും സജി ചെറിയാന്‍ വന്നാല്‍ അസാധ്യമാണ്. കാരണം ഓര്‍ത്തഡോക്സ് സഭയും സിഎസ്ഐ സഭയും തമ്മില്‍ വിവാഹ ബന്ധം പോലും ഉണ്ടാവാറില്ല. അതിനര്‍ത്ഥം ഈ സഭകള്‍ തമ്മിലുള്ള വ്യക്തമായ വിയോജിപ്പ് നിലനില്‍ക്കുന്നു എന്നതാണ്.

വിയോജിപ്പിനു അടിത്തട്ടില്‍ ഒട്ടനവധി കാര്യങ്ങള്‍ ഉണ്ട് താനും. നല്ല സിപിഎം നേതാവാണ്‌ സജി ചെറിയാന്‍. പക്ഷെ ജനകീയ നേതാവല്ല. ഇതും സജി ചെറിയാന് വെല്ലുവിളിയാണ്. സജി ചെറിയാന്റെ പേരിനൊപ്പം ഒരു പേര് കൂടി ചെങ്ങന്നൂരില്‍ തിരുകി കയറ്റാന്‍ ഒരു പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ശ്രമിച്ചിരുന്നു. അങ്ങിനെ വന്ന പേരാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിലവിലെ പ്രസിഡന്റ് എ.പത്മകുമാറിന്റെ പേര്.

സ്വാഭാവികമായും പത്മകുമാറിന്റെ പേര് കൂടി ചെങ്ങന്നൂരില്‍ ഉയര്‍ന്നു വന്നു. താന്‍ ചെങ്ങന്നൂരില്‍ സ്ഥാനാര്‍ഥിയാകുന്ന പ്രശ്നം തന്നെ ഉദിക്കുന്നില്ലെന്ന് പത്മകുമാര്‍ 24 കേരളയോടു പ്രതികരിച്ചു.

പാര്‍ട്ടി ഏല്‍പ്പിച്ച ഈ പദവി വലിയ സംതൃപ്തിയോടെ ഞാന്‍ ചെയ്തു വരികയാണ്. ഈ പദവിയിലെ ഉത്തരവാദിത്തം ഒരു കുഴപ്പവും കൂടാതെ നിറവേറ്റാനാണ് എന്റെ ശ്രമം. അതുകൊണ്ട് തന്നെ ചെങ്ങന്നൂരിലേക്ക് ഇല്ല. എന്റെ പേര് എങ്ങിനെ വന്നു എന്ന് കൂടി എനിക്കറിയില്ല – പത്മകുമാര്‍ പറഞ്ഞു.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ കോണ്‍ഗ്രസിലും ആശയക്കുഴപ്പം നിലനില്‍ക്കുന്നു. സജി ചെറിയാന്‍ സിപിഎം സ്ഥാനാര്‍ത്ഥിയായാല്‍ ആലപ്പുഴ യുഡിഎഫ് ചെയര്‍മാന്‍ എം.മുരളി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും. പക്ഷെ സജീവമായിരുന്ന മുരളി ചെങ്ങന്നൂരില്‍ നിന്നും ചെറുതായി പിന്‍വലിയുന്ന വാര്‍ത്തകള്‍ വരുന്നുണ്ട്.

സജി ചെറിയാന്‍ ആണോ സിപിഎം സ്ഥാനാര്‍ത്ഥി എന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് ആശയക്കുഴപ്പമുണ്ട്. മുരളിയുടെ അഭാവത്തില്‍ വിഷ്ണുനാഥ് സജീവവുമാണ് മണ്ഡലത്തില്‍. പക്ഷെ വിഷ്ണുനാഥ് സ്ഥാനാര്‍ഥിയായി വരുമോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ നിന്നും സ്ഥിരീകരണം വരുന്നില്ല.

വിഷ്ണുനാഥ് ചെങ്ങന്നൂരില്‍ കഴിഞ്ഞ തവണ പരാജയപ്പെട്ടു. അദ്ദേഹം എ ഐ സി സി സെക്രട്ടറിയാണ്.
ഐഐസിസി സെക്രട്ടറി ഒരു നിയമസഭാ മണ്ഡലത്തില്‍ പരാജയമടഞ്ഞാല്‍ പിന്നെ എങ്ങിനെ എഐസിസി സെക്രട്ടറിയായി തുടരും എന്നതാണ് അദ്ദേഹം അഭിമുഖീകരിക്കുന്ന പ്രശ്‌നം.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തോല്‍വിയ്ക്ക് ശേഷം എഐസിസി സെക്രട്ടറിയായി വിഷ്ണുനാഥ് തുടരുന്നത് അനുവദിച്ചേക്കില്ല. ഇത് വിഷ്ണുനാഥിന്‍റെ രാഷ്ട്രീയ ജീവിതത്തില്‍ വെല്ലുവിളി നിറയ്ക്കും.

സജി ചെറിയാന്റെ തോല്‍വിയെ സിപിഎം ഭയക്കുന്ന പോലെ ചെങ്ങന്നൂരിലെ തോല്‍വി വിഷ്ണുനാഥും ഭയക്കുകയാണ്. വിഷ്ണുനാഥ് നേരിടുന്ന അതേപ്രശ്‌നം സജി ചെറിയാന് മുന്നിലുമുണ്ട്‌. സ്വന്തം മണ്ഡലത്തില്‍ തോറ്റ സ്ഥാനാര്‍ഥി എങ്ങിനെ വീണ്ടും സിപിഎം ജില്ലാ സെക്രട്ടറിയായി തുടരും. അവിടെ സജി ചെറിയാനും സ്ഥാനം പോയേക്കും. അതുകൊണ്ടുതന്നെ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് കേരളത്തിലെ ഇടത്-വലത് മുന്നണികള്‍ക്ക് വെല്ലുവിളിയാവുകയാണ്.