ചെങ്ങന്നൂരില്‍ വിജയം അനിവാര്യമെന്ന് സിപിഎം; സ്ഥാനാര്‍ത്ഥി നിര്‍ണയം പിന്നീട്‌

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് സംജാതമായിരിക്കെ ചെങ്ങന്നൂരില്‍ ജയിച്ചേ മതിയാകൂ എന്ന നിലപാടിലേക്ക് സിപിഎം സംസ്ഥാന നേതൃത്വം നീങ്ങുന്നു. ചെങ്ങന്നൂര്‍ പരമ്പരാഗതമായി കോണ്‍ഗ്രസ് ജയിച്ചിരുന്ന മണ്ഡലമായിരുന്നെങ്കിലും 2016ലെ തിരഞ്ഞെടുപ്പില്‍ സിപിഎം സീറ്റ് പിടിച്ചെടുത്തിരുന്നു. ഈ സീറ്റ് ഒരു കാരണവശാലും കോണ്‍ഗ്രസിന് അടിയറവെക്കരുത് എന്ന കര്‍ശന നിര്‍ദ്ദേശമാണ് ജില്ലാ നേതൃത്വത്തിന്‌ സംസ്ഥാന നേതൃത്വം നല്‍കിയിട്ടുള്ളത്.

2016ല്‍ ചെങ്ങന്നൂരില്‍ വിജയിച്ച കെ.കെ.രാമചന്ദ്രന്‍ നായരുടെ വിയോഗം അപ്രതീക്ഷിതമായി വന്ന തിരിച്ചടിയായാണ് സിപിഎം വിലയിരുത്തുന്നത്. എന്നാല്‍ ഈ വിയോഗത്തില്‍ അടിപതറാതെ മണ്ഡലം നില
നിര്‍ത്തണം എന്നാണ്‌ സംസ്ഥാന നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. എന്ത് വില കൊടുത്തും ചെങ്ങന്നൂര്‍ സീറ്റ് നിലനിര്‍ത്തുക എന്ന ഉത്തരവാദിത്തം ജില്ലാ നേതൃത്വത്തിനുണ്ട്. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേയ്ക്ക്‌
സിപിഎം കടന്നിട്ടില്ല. പക്ഷെ വിജയിക്കാനുള്ള എല്ലാ ഘടകങ്ങളും ഒത്തുചേരുന്ന ഒരു സ്ഥാനാര്‍ത്ഥി മതിയെന്ന് അവര്‍ തീരുമാനമെടുത്തിട്ടുണ്ട്. എന്നാല്‍ അത് ആരെന്ന കാര്യത്തില്‍ മാത്രം തീരുമാനമായിട്ടില്ല.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ കൂടി ബാധിക്കുന്ന വിഷയമായതിനാല്‍ ചെങ്ങന്നൂരില്‍ വിജയം അനിവാര്യമാണെന്ന വിലയിരുത്തലാണ് സംസ്ഥാന നേതൃത്വം നടത്തിയിരിക്കുന്നത്. ബന്ധുത്വനിയമനവിവാദം, ഓഖി ഹെലികോപ്റ്റര്‍ വിവാദം തുടങ്ങി നിലവിലെ ബിനീഷ് കോടിയേരി വിവാദം അടക്കം പല ആരോപണങ്ങള്‍ക്കും യുഡിഎഫിനു നല്‍കുന്ന മറുപടിയായിരിക്കണം ചെങ്ങന്നൂര്‍ എന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.

ഒരു പാളിച്ചയും പറ്റാതെ, ഒരു വിവാദവും ഉയര്‍ത്താതെ നിശബ്ദമായി പ്രവര്‍ത്തിച്ച് ചെങ്ങന്നൂര്‍ പിടിച്ചടക്കിയിരിക്കണം എന്നാണ് നിര്‍ദേശം. എംഎല്‍എയായിരുന്ന കെ.കെ.രാമചന്ദ്രന്‍ നായര്‍ അനുസ്മരണ സമ്മേളനത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ ശോഭനാ ജോര്‍ജിനെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ സംസ്ഥാന നേതൃത്വത്തിന് കടുത്ത നീരസമുണ്ട്. പി.സി.വിഷ്ണുനാഥിന്റെ വിജയം തടയാന്‍ താനാണ് ശോഭന ജോര്‍ജിനെ രംഗത്തിറക്കിയത് എന്നും അതുകൊണ്ടാണ് പതീറ്റാണ്ടുകളായി കോണ്‍ഗ്രസിന്റെ കൈയ്യിലിരുന്ന മണ്ഡലം സിപിഎമ്മിന് സ്വന്തമാക്കാനായത് എന്നുമാണ്‌ സജി ചെറിയാന്‍ പ്രസംഗിച്ചത്. ഈ പരാമര്‍ശം അനവസരത്തിലായിപ്പോയി എന്ന നിലപാടിലാണ്‌ സംസ്ഥാന നേതൃത്വം.

സജി ചെറിയാന്റെ പ്രസംഗം സിപിഎമ്മിനും ഇടത് മുന്നണിക്കും ദോഷമായി മാറിയിട്ടുണ്ട്. അണികള്‍ക്കിടയിലും സജി ചെറിയാന്റെ ഈ പ്രസംഗത്തെ കുറിച്ച് അതൃപ്തിയുണ്ട്. ഇതിനൊരു വിശദീകരണം നല്‍കേണ്ട അവസ്ഥയിലാണ് സജി ചെറിയാന്‍.

അതോടൊപ്പം കെ.കെ.രാമചന്ദ്രന്‍ നായരുടെ കുടുംബത്തെ സഹായിക്കുന്ന പ്രശ്നവും ചെങ്ങന്നൂരില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. കെ.കെ.ആറിന്റെ കുടുംബത്തെ പാര്‍ട്ടി ഫണ്ട് സ്വരൂപിച്ച് സഹായിക്കണം എന്നാണ് ചെങ്ങന്നൂരിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്ന വാദം. ഇതിന്റെ പേരിലും ചെങ്ങന്നൂരില്‍ അസ്വാരസ്യമുണ്ട്.

കോണ്‍ഗ്രസ് റിബല്‍ സ്ഥാനാര്‍ഥിയായ ശോഭനാ ജോര്‍ജ് നേടിയ നാലായിരം വോട്ടുകളാണ് കഴിഞ്ഞ രണ്ടു തവണ ചെങ്ങന്നൂരില്‍ വിജയിച്ചു വന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി
പി.സി.വിഷ്ണുനാഥിന്റെ പരാജയത്തിന് കാരണമായത്. കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ശ്രീധരന്‍പിള്ളയുടെ പ്രകടനവും വിഷ്ണുനാഥിന്റെ തോല്‍‌വിയില്‍ വലിയ പങ്ക് വഹിച്ചിരുന്നു. പി.സി.വിഷ്ണുനാഥ് 44897 വോട്ടുകള്‍ നേടിയപ്പോള്‍ പി.എസ്.ശ്രീധരന്‍ പിള്ള 42682 വോട്ടുകള്‍ നേടിയിരുന്നു.

ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി മോഹം നിലനിര്‍ത്തുന്ന നേതാവാണ്‌ സജി ചെറിയാന്‍ എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. വിട പറഞ്ഞ കെ.കെ.രാമചന്ദ്രന്‍ നായരുമായി പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസം സജി ചെറിയാന് ഉണ്ടായിരുന്നു എന്നതും പരസ്യമായ രഹസ്യമാണ്. 2006-ല്‍ സജി ചെറിയാന്‍ ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയുമായിരുന്നു. അന്ന് പി.സി.വിഷ്ണുനാഥിനോടാണ് സജി ചെറിയാന്‍ പരാജയപ്പെട്ടത്.

ഇപ്പോള്‍ പക്ഷെ സജി ചെറിയാനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന്
വിമുഖതയുണ്ട്. ജില്ലാ സെക്രട്ടറിയായി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടയാളാണ് സജി. പോരാത്തതിന് സംസ്ഥാന നേതൃത്വത്തിന്റെ സ്വന്തം ജില്ലാ സെക്രട്ടറിമാരില്‍ ഒരാളും. അങ്ങിനെയുള്ള ഒരാളെ പെട്ടെന്ന് പാര്‍ലമെന്ററി രംഗത്തേയ്ക്ക് മാറ്റാന്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന് ബുദ്ധിമുട്ടുണ്ട്.

ഇതറിഞ്ഞുകൊണ്ട് തന്നെയാണ് ചെങ്ങന്നൂരില്‍ ചെങ്ങന്നൂര്‍കാരനായ സ്ഥാനാര്‍ത്ഥി വേണമെന്ന മറുവാദം സജി ചെറിയാന്‍ ഉയര്‍ത്തുന്നത്. പ്രാദേശിക സിപിഎം നേതാക്കള്‍ വരെ സ്ഥാനാര്‍ത്ഥി മോഹവുമായി രംഗത്തുണ്ട്. ഇതും നേതൃത്വത്തെ അലോസരപ്പെടുത്തുന്നുണ്ട്. ഇതുകൂടി മനസില്‍ കണ്ടാണ്‌ എല്ലാ വിവാദങ്ങളും ഒഴിവാക്കി ചെങ്ങന്നൂര്‍ നേടണമെന്ന് സംസ്ഥാന നേതൃത്വം കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

മറുവശത്ത്  കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷിക്കുന്ന പി.സി.വിഷ്ണുനാഥ് മണ്ഡലത്തില്‍  പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടശേഷം വിഷ്ണുനാഥ് മണ്ഡലത്തില്‍ സജീവമല്ല. പക്ഷെ മണ്ഡലം ഉപേക്ഷിച്ചിട്ടുമില്ല. ജില്ലയിലെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളുമായി വിഷ്ണുനാഥ് നല്ല ബന്ധം സൂക്ഷിക്കുന്നില്ല എന്ന വിമര്‍ശനവും കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ഉയര്‍ത്തുന്നുണ്ട്.

അതിനിടയിലാണ്‌ വിഷ്ണുനാഥ് എഐസിസി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുകയും കര്‍ണാടക
തിരഞ്ഞെടുപ്പിന്റെ ചുമതല ലഭിക്കുകയും ചെയ്തത്. അതുകൊണ്ട് തന്നെ കര്‍ണാടകയില്‍ വിഷ്ണുനാഥിന്‌
ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വന്നു. ഇതും മണ്ഡലത്തില്‍ വിഷ്ണുനാഥിന്റെ അസാന്നിധ്യത്തിന്‌ കാരണമായി. ഇത് തിരഞ്ഞെടുപ്പില്‍ വിഷ്ണുനാഥിനു തിരിച്ചടിയാകും എന്നും ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ രാമചന്ദ്രന്‍ നായരുടെ വിയോഗ ശേഷം മണ്ഡലത്തില്‍ വിഷ്ണുനാഥ്  സജീവമാണ്.

മറുവശത്ത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം വന്നിട്ടില്ല. പാര്‍ട്ടിയില്‍ താന്‍ തുടര്‍ച്ചയായി അവഗണിക്കപ്പെടുന്നുണ്ട് എന്ന പരാതി 2016ലെ സ്ഥാനാര്‍ത്ഥി ശ്രീധരന്‍ പിള്ളയ്ക്കുണ്ട്.

ആവശ്യഘട്ടത്തില്‍ സേവനം തേടുക, പിന്നീട് ഒഴിവാക്കുക. ഇതാണ് തനിക്ക് നേരെയുള്ള പാര്‍ട്ടി നയമെന്ന തോന്നല്‍ പിള്ളയ്ക്കുണ്ട്. ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗമാക്കാതിരിക്കുന്നത് അതിനുള്ള ഏറ്റവും വലിയ ഉദാഹരണമായി പിള്ള ക്യാമ്പ് ഉയര്‍ത്തിക്കാട്ടുന്നു. അതുകൊണ്ട് തന്നെ പാര്‍ട്ടി നേതൃത്വം കടുത്ത സമ്മര്‍ദ്ദം പിള്ളയ്ക്കുമേല്‍ ചെലുത്തുന്നുണ്ട്.