ചെങ്ങന്നൂരിലെ തോൽവിയിൽ നിന്ന് പഠിക്കണം; പ്രവര്‍ത്തകര്‍ ഇനി രാഹുലിനൊപ്പം നില്‍ക്കണമെന്ന്‌ എ.കെ ആന്‍റണി

കൊച്ചി: കോണ്‍ഗ്രസ് ബൂത്ത് ഭാരവാഹികളുടെ യോഗത്തിനായി കൊച്ചിയില്‍ എത്തിയത് വന്‍ജനാവലി. അരനൂറ്റാണ്ടിലേറെ നീണ്ട തന്‍റെ രാഷ്ട്രീയ ജീവിതത്തില്‍ ഇതുപോലൊരു യോഗം താന്‍ ഇതിനുമുന്‍പ് കണ്ടിട്ടില്ലെന്ന് ചടങ്ങില്‍ സംസാരിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്‍റണി. ഈ സമ്മേളനത്തില്‍ വേണ്ടി പങ്കെടുക്കാന്‍ വേണ്ടി മാത്രമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കേരളത്തിലേക്ക് വന്നതെന്നും ഈ ആവേശം ഇനിയങ്ങോട്ടും നിലനിര്‍ത്തണമെന്നും എ.കെ ആന്‍റണി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

താഴെ തട്ടിലുള്ള പ്രവ‍ർത്തകരുടെ ചിട്ടയുള്ള യോഗങ്ങള്‍ വിളിക്കണം. മോദിയെ തറപറ്റിക്കാൻ കരുത്തുള്ള നേതാവായി രാഹുൽ വളർന്നു കഴിഞ്ഞു. ദില്ലിയിൽ ഭരണമാറ്റം ഉണ്ടാകാൻ പോകുന്നു. ജനവികാരം പിണറായിക്കും മോദിക്കും എതിരാണ്. പക്ഷെ ജയിക്കണമെങ്കിൽ അടിത്തട്ടിൽ സംഘടന വേണം. പരമാവധി എംപിമാ‍ര്‍ കോൺഗ്രസിന് ഉണ്ടാകണമെങ്കിൽ ചെങ്ങന്നൂരിലെ തോൽവിയിൽ നിന്ന് പഠിക്കണം. ബൂത്തിൽ പ്രവർത്തകരില്ലെങ്കിൽ ജനവികാരം വോട്ടാവില്ല. അതുകൊണ്ടാണ് ബൂത്ത് തല നേതാക്കളെ വിളിച്ചത്. അട്ടിത്തട്ടില്‍ പാര്‍ട്ടി കാര്യക്ഷമമായി മുന്നോട്ട് പോകണം. പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങിയാല്‍ മാത്രമേ നമ്മുക്ക് വിജയം നേടാനാവൂ-എ.കെ ആന്‍റണി കൂട്ടിച്ചേര്‍ത്തു.