ചൂട് ചായ കുടിക്കുന്നവര്‍ സൂക്ഷിക്കുക


രാവിലെ ഉറക്കമുണര്‍ന്നാല്‍ നമ്മളില്‍ ഏറെപ്പേരും അന്വേഷിക്കുന്നത് ചായയാണ്.  ഒരു ദിവസം തന്നെ ഒന്നില്‍ കൂടുതല്‍ ചായ കുടിക്കുന്നവരും കുറവല്ല. ശരീരത്തിന്റെ ക്ഷീണമകറ്റി മനസിന് ഉന്മേഷം നല്കാന്‍ നമുക്ക് ഒരു കപ്പ് ചൂട് ചായ മാത്രം മതി. എന്നാല്‍ ഇപ്പോള്‍ പുതിയ പഠനത്തില്‍ സ്ഥിരമായി പുകവലിക്കുകയും മദ്യപിക്കുകയും ചെയ്യുന്നവര്‍ ചൂട് ചായ കുടിച്ചാല്‍ അന്നനാളത്തില്‍ കാന്‍സര്‍ വരാനുള്ള സാദ്ധ്യത കൂടുതലാണെന്ന് കണ്ടെത്തിയിരിക്കുന്നു.

ചൂടുള്ള ചായ കുടിക്കല്‍, സ്ഥിരമായ മദ്യപാനം, പുകവലി തുടങ്ങിയ മൂന്ന് ശീലങ്ങള്‍ ഉള്ളവരില്‍ അര്‍ബുദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഈ ശീലങ്ങള്‍ ഇല്ലാത്തവരെ അപേക്ഷിച്ച് അഞ്ച് മടങ്ങാണെന്ന് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ബീജിംഗിലെ പെക്കിംഗ് സര്‍വകലാശാലയിലെ ഗവേഷകനായ ജൂന്‍ എല്‍വിയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ഉള്ളത്. പ്രതിവര്‍ഷം നാല് ലക്ഷത്തിലധികം പേരാണ് അന്നനാളത്തിലെ കാന്‍സര്‍ കാരണം മരിക്കുന്നതെന്നു ലോകാരോഗ്യ സംഘടനയുടെ കണക്കുകകള്‍ പറയുന്നു.

അനിയന്ത്രിതമായ കോശവളര്‍ച്ചയും കലകള്‍ നശിക്കുകയും ചെയ്യുന്ന രോഗമാണ് അര്‍ബുദം. ഓരോ വര്‍ഷവും 1.4 കോടി ജനങ്ങള്‍ ക്യാന്‍സര്‍ രോഗത്തിന് അടിമപ്പെടുകയും, അതില്‍ പകുതിയോളം പേര്‍ മരിക്കുകയും
ചെയ്യുന്ന ഭീതിജനകമായ അവസ്ഥയാണ് ഇന്ന് നില നില്‍ക്കുന്നത്. പുകവലിയാണ് ഇന്ത്യയില്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള മുഖ്യകാരണം. ശ്വാസകോശം, അന്നനാളം, മൂത്രസഞ്ചി, ആഗ്‌നേയഗ്രന്ഥി, ഉദരം, കരള്‍, വൃക്കകള്‍, വന്‍കുടല്‍, ആമാശയം, മലാശയം എന്നിവിടങ്ങളിലെ കാന്‍സര്‍ ബാധയ്ക്ക് പുകവലി കാരണമാകുന്നു.