ചൂട് കൂടുന്നു; മുന്‍കരുതല്‍ എന്തൊക്കെ?

കൊടും വേനലിലേക്ക് ഇനി അധികം ദൂരമില്ലങ്കില്‍ പോലും ഇപ്പോള്‍ സംസ്ഥാനത്ത് ചൂട് കൂടിവരികയാണ്. തുലാ മഴയില്ലാത്തതാണ് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ചൂട് കൂടാന്‍ കാരണം. മുന്‍വര്‍ഷങ്ങളേക്കാള്‍ ചൂടു കൂടുന്നതോടെ അതിഗുരുതരമായ അവസ്ഥയിലേക്ക് സംസ്ഥാനം എത്തുമെന്നതാണ് വിദഗ്ദരുടെ മുന്നറിയിപ്പ്. സര്‍വേ റെക്കോര്‍ഡുകളും ഭേദിക്കുന്നതാവും ഇത്തവണത്തെ ചൂട് എന്ന് വിദഗ്ദര്‍ പറയുന്നു.

മണ്ണിലെ ഈര്‍പ്പമില്ലാതായി ജല സ്രോതസ്സുകളും സംഭരണികളും നേരത്തെ വറ്റും. ശുദ്ധ ജലമില്ലാതാകുന്നതോടെ ജലജന്യ രോഗങ്ങള്‍ക്കുള്ള സാധ്യതയും ഏറെയാണ്. അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ തോതും ഇത്തവണ വളരെ കുറവാണ്.
മുണ്ടൂര്‍ ഐആര്‍ടിയിലെ താപമാപിനിയില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് 39 ഡിഗ്രി സെല്‍ഷ്യസാണ്. മുന്‍ വര്‍ഷങ്ങളില്‍ ഈ കാലത്തുണ്ടായിരുന്നതിലും മൂന്ന് ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ രാത്രിയില്‍ അപ്രതീക്ഷിതമായി കിട്ടിയ വേനല്‍ മഴയില്‍ പ്രതീക്ഷ വേണ്ടെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍.

മുന്‍കരുതല്‍ എന്തൊക്കെ?

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: വെയിലുള്ള സ്ഥലത്താണ് ജോലിചെയ്യുന്നതെങ്കില്‍ ഇടയ്ക്ക് തണലുള്ള സ്ഥലത്തേക്ക് മാറിനിന്ന് വിശ്രമിക്കണം. ദാഹമില്ലെങ്കിലും ഒരു മണിക്കൂര്‍ ഇടവിട്ട് 1 – 2 ഗ്ലാസ് വെള്ളം കുടിക്കുക, ജോലി സമയം ക്രമീകരിക്കുക, ഉച്ചക്ക് 12 മണി മുതല്‍ 3 മണി വരെയുള്ള സമയം വിശ്രമിച്ച് രാവിലെയും വൈകീട്ടും കൂടുതല്‍ സമയം ജോലി ചെയ്യുക, കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക, കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക, വീടിനകത്ത് ധാരാളം കാറ്റുകടക്കുന്ന രീതിയിലും ഉള്ളിലുള്ള ചൂട് പുറത്തു പോകത്തക്ക രീതിയിലും ജനലുകളും വാതിലുകളും തുറന്നിടുക, വെയിലത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളില്‍ ഇരിക്കാതിരിക്കുക, പ്രത്യേകിച്ച് കുട്ടികളെ ഇരുത്താതിരിക്കുക.

സൂര്യതാപമേറ്റ് പൊള്ളലേറ്റാല്‍ ശരീരം തണുപ്പിക്കുകയാണ് പ്രാഥമിക ചികിത്സയില്‍ പ്രധാനം. വീശുക, ഫാന്‍, എ സി എന്നിവയുടെ സഹായത്തോടെ ശരീരം തണുപ്പിക്കുക. കൂടാതെ കട്ടികൂടിയ വസ്ത്രങ്ങള്‍ മാറ്റുക മാത്രമല്ല എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുകയും വേണം.