ചുഴലിക്കാറ്റ്: അമേരിക്കയിലെ അലബാമയില്‍ മരണം 23ആയി

അലബാമ: അമേരിക്കയിലെ ഈസ്റ്റ് അലബാമയിലുണ്ടായ ചുഴലിക്കാറ്റില്‍ 23 മരണം, ഞായറാഴ്ചയാണ് വന്‍ നാശനഷ്ടം വരുത്തിയ ചുഴലിക്കാറ്റ് അമേരിക്കയില്‍ വീശിയടിച്ചത്. മരണനിരക്ക് ഉയര്‍ന്നേക്കുമെന്നാണ് സൂചന. എത്രപേര്‍ക്ക് പരിക്കേറ്റുവെന്ന് ഇതുവരെ തിട്ടപ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന് കൗണ്ടി ഷെരീഫ് ജെയ് ജോന്‍സ് പറഞ്ഞു.

266 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയതെന്നാണ് നാഷണല്‍ വെതര്‍ സര്‍വീസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈസ്റ്റ് അലബാമ മെഡിക്കല്‍ സെന്ററില്‍ മാത്രം 40 ഒളം പേരെ ചികില്‍സയ്ക്കായി പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മരിച്ച 23 പേരില്‍ ആറു വയസുള്ള കുട്ടിയും ഉള്‍പ്പെടുന്നു എന്നാണ് വാര്‍ത്ത.

ചുഴലിക്കാറ്റ് വീശിയടിച്ച ഇടങ്ങളില്‍ ഇതുവരെ അധികൃതര്‍ക്ക് എത്തിപ്പെടാന്‍ സാധിക്കാത്ത ദുരിത പ്രദേശങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. പലസ്ഥലങ്ങളിലും ചുഴലിക്കാറ്റില്‍ പെട്ടവര്‍ കുടുങ്ങികിടക്കുന്നുണ്ടെന്നും. വന്‍മരങ്ങള്‍ റോഡിലേക്ക് കടപുഴകി വീണതിനാല്‍ ഇവരില്‍ എത്താന്‍ സാധിക്കുന്നില്ല എന്നുമാണ് പ്രദേശിക ഭരണകൂടം പറയുന്നത്. എന്നാല്‍ അഗ്‌നിശമന സേനയും പൊലീസും ഈ തടസങ്ങള്‍ നീക്കിവരുകയാണ് എന്നാണ് റിപ്പോര്‍ട്ട്.