ചീഫ് ജസ്റ്റിസിനെതിരെ ഗൂഢാലോചന : അന്വേഷണ സമിതിയില്‍ നിന്ന് ജസ്റ്റിസ് രമണ പിന്മാറി

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരായ ജീവനക്കാരിയുടെ ലൈംഗികപീഡനപരാതി അന്വേഷിക്കാന്‍ നിയോഗിച്ച സമിതിയില്‍ നിന്ന് ജസ്റ്റിസ് എന്‍വി രമണ പിന്‍മാറി . ജസ്റ്റിസ് രമണയെ ഉള്‍പ്പെടുത്തിയതില്‍ പരാതിക്കാരിയായ സ്ത്രീ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് രമണയുടെ പിന്‍മാറ്റം.

രഞ്ജന്‍ ഗൊഗോയിയുടെ കുടുംബസുഹൃത്താണ് ജസ്റ്റിസ് രമണ എന്നും അതുകൊണ്ട് പാനലില്‍ നിന്ന് അദ്ദേഹം സ്വയം വിട്ടു നില്‍ക്കണമെന്ന് കോടതിക്ക് നല്‍കിയ കത്തില്‍ പരാതിക്കാരിയായ സ്ത്രീ പറഞ്ഞിരുന്നു. ഇന്നലെയാണ് ഇതുമായി ബന്ധപ്പെട്ട പരാതി സ്ത്രീ കോടതിക്ക് നല്‍കിയത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ ഗൂഢാലോചന നടന്നെന്ന വെളിപ്പെടുത്തലില്‍ സുപ്രീം കോടതി അന്വേഷണം പ്രഖ്യാപിച്ചിരുന്നു.