ചിത്രത്തിന്‍റെ ലൊക്കേഷനില്‍ കൂട്ടത്തല്ല്; താരങ്ങൾക്കും മര്‍ദ്ദനം

ബെംഗളൂരു: ആസിഫ് അലി നായകനാകുന്ന ‘ബിടെക്’ എന്ന ചിത്രത്തിന്‍റെ ലൊക്കേഷനില്‍ കൂട്ടത്തല്ല്. ബംഗളൂരുവില്‍ വെച്ച്‌ ചിത്രത്തിലെ ഒരു രംഗം ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം. ഫ്രീഡം പാര്‍ക്കില്‍ വെച്ച്‌ ഒരു സമരമായിരുന്നു ചിത്രീകരിച്ചത്. കര്‍ണടകയില്‍ നിന്നുള്ള 400ഓളം ജൂനിയര്‍ ആര്‍ടിസ്റ്റുകളാണ് ചിത്രീകരണത്തിനുണ്ടായിരുന്നത്. ഇതില്‍ കുറച്ച്‌ പേര്‍ പൊലീസ് വേഷത്തിലായിരുന്നു.ഇവര്‍ യഥാര്‍ത്ഥ പൊലീസുകാരായി ലാത്തി വീഷിയതാണ് പ്രശ്നമായത്.

തല്ല് കാര്യമായതോടെ ആസിഫ് അലിയടക്കമുള്ള താരങ്ങള്‍ ലാത്തിയുടെ ചൂടറിഞ്ഞു. അന്യഭാഷക്കാരായ ആര്‍ടിസ്റ്റുകളായതിനാല്‍ സംഭവം നിയന്ത്രിക്കാന്‍ കഴിയാതെ വന്നു. ഇതോടെ ഷൂട്ടിങ് നിര്‍ത്തിവെക്കേണ്ടിയും വന്നു. സ്ഥലത്ത് പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.

സംഭവത്തിന് ശേഷം സംവിധായകന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളോട് ദേഷ്യപ്പെട്ടതോടെ പ്രകോപിതരായ ഇവര്‍ ലൊക്കേഷനിലെ വാഹനങ്ങളുടെ ഗ്ലാസുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. സംഭവത്തില്‍ ആസിഫ് അലി ശ്രീനാഥ് ഭാസി, അജുവര്‍ഗീസ്, സൈജു കുറുപ്പ്, അലന്‍സിയര്‍ എന്നിവര്‍ക്ക് തല്ല് കിട്ടിയെന്നാണ് റിപ്പോര്‍ട്ട്.