ചാമ്പക്ക പ്രമേഹത്തെ പ്രതിരോധിക്കും

 


മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന ചൊല്ല് ഏറ്റവും ചേരുന്നത് ചാമ്പക്കയ്ക്കാണ്.
കാരണം ഏറ്റവും കൂടുതല്‍ ജലാംശം അടങ്ങിയിരിക്കുന്ന ചാമ്പക്കയില്‍ കാല്‍സ്യം, വൈറ്റമിന്‍ എ, സി, ഇ, ഡി6, ഡി3, കെ തുടങ്ങി പ്രമേഹത്തെ പ്രതിരോധിക്കുന്ന ഘടകങ്ങള്‍ യഥേഷ്ടമുണ്ട്. മെലിയാനായി പരിശ്രമിക്കുന്നവര്‍ക്കു ഡയറ്റില്‍ ചാമ്പയ്ക്ക ഉറപ്പായും ഉള്‍പ്പെടുത്താം. ചാമ്പങ്ങ, ചാമ്പക്ക, ജാമ്പക്ക, ഉള്ളി ചാമ്പങ്ങ എന്നിങ്ങനെ വിവിധ പേരുകളില്‍ ഇതറിയപ്പെടുന്നു. കാര്യമായ പരിചരണമൊന്നും വേണ്ടാത്ത മരമാണ് ചാമ്പ.

ചാമ്പയ്ക്ക ഉപയോഗിച്ചുള്ള പാചക കുറിപ്പുകള്‍ 
ചാമ്പയ്ക്ക അല്‍പം പഞ്ചസാരയും വെള്ളവും ചേര്‍ത്ത് ജ്യൂസ് ഉണ്ടാക്കുന്നതിനു പുറമേ, ബീറ്റ് റൂട്ട്, തണ്ണിമത്തന്‍, മുന്തിരി തുടങ്ങിയവ കൂടെച്ചേര്‍ത്തും ജ്യൂസ് ഉണ്ടാക്കാം. ഒരേ നിറത്തിലുള്ള പഴങ്ങളാണെങ്കില്‍ കാഴ്ചയിലും സുന്ദരം.

അല്‍പം നല്ലെണ്ണ കടുകുപൊട്ടിച്ച് താളിച്ച് മുളകുപൊടി, ഉലുവ, കായപ്പൊടി എന്നിവ ചേര്‍ത്ത് മൂക്കുമ്പോള്‍ ചാമ്പയ്ക്ക ചേര്‍ത്ത് അച്ചാറുമാക്കാം. വേണമെങ്കില്‍ ഉപ്പിനു പുറമെ ഒരല്‍പം ശര്‍ക്കരപ്പാനിയും ചേര്‍ക്കാം. മിതമായി കഴിക്കണമെന്നു മാത്രം

കഷ്ണങ്ങളാക്കിയ ചാമ്പക്കയില്‍ പച്ചമുളക്, ചുവന്ന മുളകുപൊടി, മഞ്ഞപ്പൊടി, കായം, ഉലുവപ്പൊടി, ഉപ്പ് എന്നിവ ചേര്‍ക്കുക. കടുകു വറുത്തത് ഇതിലേക്കു ചേര്‍ത്ത് ഒരു മണിക്കൂര്‍ മാറ്റിവയ്ക്കുക. പിന്നീട് തൈരും ചേര്‍ത്താല്‍ പോഷകസമൃദ്ധമായ കിച്ചടിയായി.

ജാമിനും വൈനിനും ചാമ്പയ്ക്ക നല്ലത്‌ തന്നെ. പക്ഷേ പഞ്ചസാര കൂടുതലായി ചേര്‍ക്കുന്ന ഈ വിഭവങ്ങള്‍ വളരെ നിയന്ത്രിതമായി വേണം ഉപയോഗിക്കാന്‍.

കുരു കളഞ്ഞ 20 ചാമ്പയ്ക്ക കഷ്ണങ്ങളാക്കിയതിലേക്ക് അരക്കപ്പ് തേങ്ങ, ഒരു സവാള അരിഞ്ഞത്, പച്ചമുളക്, കറിവേപ്പില , ഉപ്പ് എന്നിവ യോജിപ്പിക്കുക. രണ്ട്‌ ടേബിള്‍ സ്പൂണ്‍ വെള്ളം ചേര്‍ത്ത്, പാത്രം അടച്ചു വേവിക്കുക. ഇനി അല്‍പം വെളിച്ചെണ്ണയും ചേര്‍ത്താല്‍ തോരന്‍ തയാര്‍.