ചാന്ദ്രയാന്‍ രണ്ടിൽ ‘നാസ’ ഉപഗ്രഹവും

ജൂലൈ രണ്ടാം വാരം വിക്ഷേപിക്കുന്ന ചാന്ദ്രയാൻ 2 ബഹിരാകാശവാഹനത്തിൽ അമേരിക്കൻ സ്പേസ് ഏജൻസി  നാസയുടെ നിരീക്ഷണോപകരണവുമുണ്ടാവും. നാസ നിർമ്മിച്ച ‘റിട്രോറിഫ്ലക്ടർ’ ഉൾപ്പടെ 14 ഉപകരണങ്ങളാണ് ചാന്ദ്രയാൻ രണ്ടിൽ ഉണ്ടാവുക. ചാന്ദ്രയാൻ കൃത്യമായി എവിടെയാണ് ഇറങ്ങുക എന്ന് വിലയിരുത്തുകയും ഭൂമിയിൽ നിന്ന് ചന്ദ്രനിലെ വിവിധ ഭാഗങ്ങളിലേക്കുള്ള ദൂരം കൃത്യമായി കണക്കാക്കുകയുമാണ് ഈ ഉപകരണം കൊണ്ട് ഉദ്ദേശിക്കുന്നത്.\ചാന്ദ്രയാൻ രണ്ട് വഹിക്കുന്ന  പതിനാലാമത്തെ ഉപകരണം എന്താണെന്ന് ഇതുവരെ ഇതുസംബന്ധിച്ച് നിശബ്ദത പാലിക്കുകയായിരുന്നു. എന്നാൽ മാർച്ചിൽ തന്നെ നാസയുടെ വക്താക്കൾ ‘റിട്രോറിഫ്ലക്ടർ’ ചാന്ദ്രയാനിൽ ഉണ്ടാവും എന്ന് പ്രഖ്യാപിച്ചിരുന്നു. 
മറ്റാരും ഇതുവരെയും ചെന്നെത്തിയിട്ടില്ലാത്ത  ദക്ഷിണ ധ്രുവത്തിലായിരിക്കും പര്യവേഷണം നടത്തുക. ചാന്ദ്രയാന്‍-1ല്‍ നിന്നും വ്യത്യസ്തമായി ചന്ദ്രോപരിതലത്തില്‍ ഇറങ്ങുകയും ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തുകയുമാണ് ലക്ഷ്യം.
ചന്ദ്രോപരിതലത്തിന് അടിയിലുള്ള ധാതുവസ്തുക്കളെക്കുറിച്ചും ജലത്തിന്റെ അംശത്തെക്കുറിച്ചും ചന്ദ്രോപരിതലത്തിനു അടിയിലുള്ള താപനിലയെക്കുറിച്ചും പഠിക്കും. ചന്ദ്രനെ ഭ്രമണം ചെയ്ത് ശാസ്ത്രീയ നിരീക്ഷണങ്ങള്‍ നടത്തുന്നതായിരുന്നു ചാന്ദ്രയാന്‍-1 ദൗത്യം. ചാന്ദ്രയാന്‍-2 ചന്ദ്രനെ ആദ്യം ഭ്രമണം ചെയ്യുകയും പിന്നീട് പേടകത്തില്‍ നിന്നും ഒരു ഭാഗം വേര്‍പെട്ടു ചന്ദ്രോപരിതലത്തില്‍ ഇറങ്ങുകയും ചെയ്യും. സാവധാനത്തില്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്ന ഭാഗം അതിനുള്ളില്‍ ഘടിപ്പിച്ചിട്ടുള്ള സംവിധാനത്തിന്റെ സഹായത്തോടെ  ചന്ദ്രോപരിതലത്തില്‍ ചുറ്റിത്തിരിയുകയും പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്യും.
സെപ്റ്റംബര്‍ 6നാകും പേടകം ചന്ദ്രനില്‍ ഇറങ്ങുക.അടുത്ത 14  ദിവസങ്ങള്‍ അത് പ്രവര്‍ത്തന സജ്ജമായിരിക്കും. സോളാര്‍ വൈദ്യുതിയെ ആശ്രയിച്ചാകും അതിന്റെ പ്രവര്‍ത്തനം. ചന്ദ്രനില്‍ തുടര്‍ച്ചയായ 14 ദിവസങ്ങള്‍ സൂര്യപ്രകാശമുണ്ടായിരിക്കും. തുടര്‍ന്നുള്ള 14 ദിവസങ്ങള്‍ ഇരുണ്ടതായിരിക്കും. രാത്രിയില്‍ താപനില വളരെ കുറഞ്ഞ നിലയിലേക്ക് താഴുകയും ചെയ്യും. ചന്ദ്രനില്‍ സൂര്യപ്രകാശം കിട്ടുന്ന ഒരു ദിവസം ഭൂമിയിലെ 14  ദിവസങ്ങളാണ്.അത്രയും സമയത്തേക്കാകും പേടകം പ്രവര്‍ത്തിക്കുക.