ചര്‍ച്ചയില്‍ യുഡിഎഫ് നേതാക്കള്‍ പങ്കെടുത്തില്ല; അന്‍വറിന്റെ ആരോപണം തള്ളി എസ്ഡിപിഐ

മലപ്പുറം:  പിവി അന്‍വറിന്‍റെ ആരോപണം തള്ളി എസ്.ഡി.പി.ഐ. ലീഗുമായി നടത്തിയ ചര്‍ച്ചയില്‍ യുഡിഎഫ് നേതാക്കള്‍ പങ്കെടുത്തില്ല. ബെന്നി ബെഹ്നാന്‍ പങ്കെടുത്തെന്ന അന്‍വറിന്‍റെ ആരോപണം തെറ്റാണ്. തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു. ബിജെപി ഒഴികെയുള്ള എല്ലാ കക്ഷികളുമായും എസ്.ഡി.പി.ഐ ചര്‍ച്ച നടത്തുമെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി പറഞ്ഞു.

അതേസമയം യു.ഡി.എഫ് നേതൃത്വത്തിന്റെ അറിവോടെയാണ് മുസ്ലിം ലീഗ് നേതാക്കൾ എസ്.ഡി.പി.ഐ നേതൃത്വവുമായി ചർച്ച നടത്തിയതെന്ന് പി.വി.അൻവർ എം.എൽ.എ. യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാനും ചർച്ചക്കെത്തിയിരുന്നു. ആർ.എസ്.എസുമായും ചർച്ച നടത്തിയിട്ടുണ്ട്. ലീഗിന്റെ വർഗീയ മുഖമാണ് ചർച്ചയിലൂടെ പുറത്തുവന്നതെന്നും അദ്ദേഹം മലപ്പുറം കോട്ടക്കലിൽ പറഞ്ഞു.