ചക്ക പാട്ടുമായി കുട്ടൻപിള്ളയുടെ ശിവരാത്രി

 

പ്രേക്ഷകഹൃദയങ്ങളിൽ ഇടംപിടിക്കാൻ കുട്ടൻപിള്ളയുടെ ശിവരാത്രിയിലെ ‘ചക്ക പാട്ട്’ എത്തി. സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന ചിത്രമാണ് കുട്ടൻ പിള്ളയുടെ ശിവരാത്രി. ചക്കപാട്ടെന്നാണ് ആദ്യ ഗാനത്തിനു പോരുനല്‍കിയിരിക്കുന്നത്.

‘ഏയ്ഞ്ചൽസ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജീൻ മാർക്കോസാണ് ഈ ചിത്രം രചന നിർവഹിച്ചു സംവിധാനം ചെയ്യുന്നത്.

കുട്ടൻപിള്ള എന്ന മധ്യവയസ്കനായ പൊലീസ് കോൺസ്റ്റബിൾ ആയാണ് സുരാജ് വെഞ്ഞാറമ്മൂട് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ഈ കഥാപാത്രം തന്റെ അച്ഛനെ ഓർമ്മിപ്പിക്കുന്നു എന്നും, തന്നെ ഈ ചിത്രത്തിലേക്ക് ഏറ്റവും കൂടുതൽ ആകർഷിച്ചതും അതാണ് എന്നും സുരാജ് വെഞ്ഞാറമൂട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഏറെയും പുതുമുഖങ്ങൾ അണിനിരക്കുന്ന ഈ ചിത്രത്തിൽ ബിജു സോപാനം, മിഥുൻ രമേശ്, രാജേഷ് ശർമ്മ, കൊച്ചു പ്രേമൻ, ശ്രീകാന്ത് മുരളി, അർജുൻ, പ്രവീൺ എന്നിവരും പ്രധാന താരങ്ങളാണ്. ദുബായിൽ നടന്ന ഓഡിഷനിലൂടെയാണ് ഇതിലെ നിരവധി അഭിനേതാക്കളെ കണ്ടെത്തിയത്.

അൻവർ അലിയുടേതാണ് ഗാനങ്ങൾ. പ്രശസ്ത ഗായിക സയനോര ഫിലിപ്പ് ആണ് സംഗീത സംവിധായിക. ഫാസിൽ നാസറാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് ഷിബിഷ്. കലാസംവിധാനം സുരേഷ് കൊല്ലം. പ്രൊജെക്ട് ഡിസൈനർ ജിതിൻ മാർക്കോസ്. പ്രൊഡക്ഷൻ കൺട്രോളർ ബാബുരാജ് മനിശ്ശേരി.
ആലങ്ങാട്ടു പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജി നന്ദകുമാറാണ് ഈ ചിത്രം നിർമ്മിക്കുന്നത്.