ഗോശ്രീ പാലത്തില്‍ വിള്ളല്‍; കളക്ടര്‍ പരിശോധന നടത്തി

എറണാകുളം : കൊച്ചി വല്ലാര്‍പാടം ഗോശ്രീ പാലത്തില്‍ ഇന്നലെ വിള്ളല്‍ കണ്ടെത്തിയിടത്ത് ജില്ലാ കലക്ടര്‍ സുഹാസ് പരിശോധന നടത്തി. പാലത്തില്‍ കാര്യമായ പരിശോധന നടത്താന്‍ നാഷണല്‍ ഹൈവേ അതോറിറ്റിക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. പരിശോധന പൂര്‍ത്തികരിച്ച ശേഷമേ ഗതാഗതം പുനസ്ഥാപിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുവെന്നും അധികൃതര്‍ വ്യക്തമാക്കി.

നാഷണല്‍ ഹൈവേ അതോറിറ്റി ഉദ്യേഗസ്ഥര്‍ കലക്ടറുടെ സന്ദര്‍ശനത്തിന് ശേഷം പിന്നീട് പാലത്തില്‍ പ്രാഥമിക പരിശോധന നടത്തി. വിള്ളലുണ്ടായ ഭാഗത്തെ പാളി അടര്‍ത്തിമാറ്റി കൂടുതല്‍ പരിശോധന നടത്തേണ്ടതുണ്ട്. പാലരിവട്ടം പാലത്തിന് ശേഷം വിള്ളല്‍ കണ്ടെത്തുന്ന കൊച്ചിയിലെ മൂന്നാമത്തെ പാലമാണിത്.

ഗതാഗതത്തിന് തുറന്ന് കൊടുത്ത് രണ്ട് വര്‍ഷങ്ങള്‍ക്കുള്ളിലാണ് പാലങ്ങളില്‍ വിള്ളല്‍ പ്രത്യക്ഷപ്പെടുന്നത്. ഗുരുതര പ്രശ്നങ്ങള്‍ മൂലം പാലാരിവട്ടം പാലത്തില്‍ ഗതാഗതം നിരോധിച്ചതിന് തുടര്‍ച്ചയായാണ് വല്ലാര്‍പാടം പാലത്തിലും ഗതാഗതം നിയന്ത്രിക്കേണ്ട സാഹചര്യമുണ്ടായിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ സാധിക്കില്ലെന്നും പാലത്തില്‍ വിദഗ്ദര്‍ പരിശോധന നടത്തുമെന്നും സന്ദര്‍ശനത്തിന് ശേഷം കലക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.