ഗോവയിലും കോൺഗ്രസിൽ കൂറുമാറ്റം ; ബി.ജെ.പിയിലേക്ക് പോകാൻ 10 എം.എല്‍.എ മാർ

പനാജി: ഗോവയിലും കോൺഗ്രസ്സിൽ പ്രതിസന്ധി. കര്‍ണാടകയിലെ രാഷ്ട്രീയ കച്ചവടത്തിനിടെയാണ് കോണ്‍ഗ്രസ് എം .എല്‍.എമാര്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് ചേക്കേറുന്നത്. ഗോവ നിയമസഭയിലെ പ്രതിപക്ഷ നേതാവടക്കം 10 കോണ്‍ഗ്രസ് എം.എല്‍.എമാരാണ് ബിജെപിയിലേക്ക് കൂറുമാറിയത്.

ബുധനാഴ്ച വൈകുന്നേരം ഗോവ നിയമസഭയിലെത്തിയ പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവേല്‍ക്കറുടെ നേതൃത്വത്തില്‍ പത്ത് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തങ്ങള്‍ കോണ്‍ഗ്രസ് വിടുകയാണെന്നും നിയമസഭയില്‍ ഇനി പ്രത്യേക ഗ്രൂപ്പായി ഇരിക്കുമെന്നും സ്പീക്കറെ അറിയിച്ചു.

15 എംഎല്‍എമാരാണ് കോണ്‍ഗ്രസിനുള്ളത് ഗോവയില്‍. നാല്‍പത് അംഗ ഗോവ നിയമസഭയില്‍ നിലവില്‍ ബിജെപിക്ക് 17 എം.എല്‍.എമാരാണുളളത് വിമതകോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂടി ചേരുന്നതോടെ ബിജെപിയുടെ അംഗസംഖ്യ 27ആവും. ഫോര്‍വേര്‍ഡ് പാര്‍ട്ടിയുടേയും സ്വതന്ത്രന്‍മാരുടേയും പിന്തുണയോടെയാണ് ബി.ജെ.പി നിലവില്‍ സംസ്ഥാനം ഭരിക്കുന്നത്. അംഗസംഖ്യ 21 കടക്കുന്നതോടെ ഒറ്റയ്ക്ക് ഭരിക്കാനുള്ള കേവലഭൂരിപക്ഷം ബിജെപിക്കുണ്ടാകും.