ഗിരീഷ് കര്‍ണാടിന്‍റെ നിര്യാണം: മുഖ്യമന്ത്രിയുടെ അനുശോചനം

ഇന്ത്യന്‍ നാടകവേദിയുടെ വളര്‍ച്ചയ്ക്കും സിനിമയുടെ നവോത്ഥാനത്തിനും മികച്ച സംഭാവനകള്‍ നല്‍കിയ കലാകാരനായിരുന്നു ഗിരീഷ് കര്‍ണാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സാമുദായിക ജീര്‍ണതയ്ക്കും മതമൗലികവാദത്തിനുമെതിരെ അദ്ദേഹം തന്‍റെ കലാസൃഷ്ടികളും രചനകളും ഉപയോഗിച്ചു. നാടകരംഗത്ത് അദ്ദേഹം നിരന്തരമായ പരീക്ഷണങ്ങള്‍ നടത്തി. മതനിരപേക്ഷ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ നിര്‍ഭയം പോരാടിയ കലാകാരനായിരുന്നു കര്‍ണാട്. അതുകൊണ്ടുതന്നെ വര്‍ഗീയശക്തികളുടെ ആക്രമണത്തിനും ഭീഷണിക്കും അദ്ദേഹം ഇരയായി. എന്നാല്‍ ഭീഷണിക്ക് വഴങ്ങാതെ അദ്ദേഹം തന്‍റെ കലാ-സാമൂഹ്യപ്രവര്‍ത്തനം അവസാനംവരെ തുടര്‍ന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.