‘ഗാന്ധി കുടുംബത്തിന്റെ രഹസ്യങ്ങള്‍ ക്രിസ്ത്യന്‍ മിഷേല്‍ വെളിപ്പെടുത്തും’: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: 3600 കോടിയുടെ അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതിയുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേല്‍ ഗാന്ധി കുടുംബത്തിന്റെ രഹസ്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്രിസ്റ്റ്യന്‍ മിഷേലിനെ സര്‍ക്കാര്‍ ദുബായിയില്‍ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവന്നുവെന്നും മിഷേല്‍ ചില രാഷ്ട്രീയക്കാരെ സേവിച്ചിരുന്നുവെന്നും ഇനി അയാള്‍ ചില രഹസ്യങ്ങള്‍ വെളിപ്പെടുത്തുമെന്നും മോദി പറഞ്ഞു.

കൂടാതെ രഹസ്യങ്ങളെല്ലാം വെളിപ്പെടുമെന്ന ഭയത്തില്‍ ഗാന്ധി കുടുംബം വിറക്കുകയാണെന്നും മോദി പരിഹസിച്ചു. നാല് തലമുറകളായി ഗാന്ധി കുടുംബം ചില ആനുകൂല്യങ്ങള്‍ അനുഭവിക്കുകയാണെന്നും സോണിയയ്ക്കും രാഹുലിനുമെതിരെയുള്ള കേസുകള്‍ സത്യസന്ധരുടെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരെയുള്ള ആദായ നികുതി വകുപ്പിന്റെ കേസ് വീണ്ടും തുറന്നത് തന്റെ സര്‍ക്കാരിന്റെ ജയമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

കൂടാതെ രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും ചായക്കടക്കാരനെന്നു പരിഹസിച്ചതിനെയും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നേതൃത്വമില്ലെന്നും അത് പോലൊരു പാര്‍ട്ടി രാജ്യത്തിന് ഗുണം ചെയ്യില്ലെന്നും മോദി പറഞ്ഞു. മിഷേല്‍ പാദസേവ ചെയ്ത രാഷ്ട്രീയക്കാര്‍ നിരവധിയാണെന്നും ഇത് ഇപ്പോള്‍ പുറത്തു വിടാന്‍ പറ്റില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.