ഗാന്ധിജിയുടെ കൈയ്യൊപ്പ് പതിഞ്ഞ ചിത്രവും കാള്‍ മാക്‌സ് എഴുതിയ കത്തും ലേലത്തില്‍ വിറ്റു

മഹാത്മാ ഗാന്ധിയുടെ കൈയൊപ്പ് പതിഞ്ഞ ചിത്രവും 19-ാം നൂറ്റാണ്ടില്‍ കാള്‍ മാക്സ് എഴുതിയ കത്തും ലേലത്തില്‍ വിറ്റു. മഹാത്മാ ഗാന്ധിയുടെ കൈയൊപ്പ് പതിഞ്ഞ ചിത്രം 41,806 ഡോളറിനാണ് ലേലത്തില്‍ വിറ്റത്. ഏതാണ്ട് 27 ലക്ഷം രൂപ വിലവരും ഇതിന്. 1931 സെപ്റ്റംബറില്‍ ലണ്ടനില്‍ നടന്ന രണ്ടാം വട്ടമേശ സമ്മേളനത്തില്‍വെച്ച് മദന്‍ മോഹന്‍ മാളവ്യയോടൊപ്പം ഗാന്ധി നടക്കുന്ന ചിത്രമാണ് വന്‍ തുകയ്ക്ക് ലേലത്തില്‍ വിറ്റു പോയത്. എം.കെ. ഗാന്ധി എന്ന് ഇടംകൈ കൊണ്ടാണ് ഗാന്ധി ചിത്രത്തില്‍ ഒപ്പിട്ടിരിക്കുന്നത്.

19-ാം നൂറ്റാണ്ടില്‍ കാള്‍ മാക്സ് എഴുതിയ കത്ത് 53,509 ഡോളറിന് വിറ്റു പോയി. 35 ലക്ഷം ഇന്ത്യന്‍ രൂപയാണ് ഇതിന് ലഭിച്ചത്. ലണ്ടനില്‍ നിന്ന് ഇംഗ്ലീഷ് എഡിറ്റര്‍ കൊലെറ്റ് ഡോബ്സണിന് അയച്ചതാണ് കത്ത്. 1903ല്‍ ലിയോ ടോള്‍സ്റ്റോയി എഴുതിയ കത്ത് 13 ലക്ഷത്തിനും ലേലത്തില്‍ വിറ്റു. ബോസ്റ്റണ്‍ ആസ്ഥാനമാക്കിയ ആര്‍ആര്‍ ഓക്ഷന്‍ കമ്പനിയാണ് ലേലം സംഘടിപ്പിച്ചത്. ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് ഏഴുവരെയായിരുന്നു ലേലം.