ഗള്‍ഫില്‍ മധ്യവേനലവധി;വിമാനകമ്പനികള്‍ കേരളത്തിലേക്കുള്ള യാത്രാനിരക്ക് കുത്തനെ കൂട്ടി

തിരുവനന്തപുരം: ഗള്‍ഫില്‍ മധ്യവേനലവധി തുടങ്ങിയതോടെ വിമാനകന്പനികള്‍ കേരളത്തിലേക്കുള്ള യാത്രാനിരക്ക് കുത്തനെ കൂട്ടി. അടുത്തമാസം ഓണവും വലിയ പെരുന്നാളും കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ നാട്ടിലേക്ക് പോകുന്നവർക്ക് മൂന്നിരട്ടിയിലധികം തുക ടിക്കറ്റിന് നല്‍കേണ്ടി വരുന്നത്.

മധ്യവേനലവധിക്കാലം ആഘോഷിക്കാന്‍ നാട്ടിലേക്കു പോകുന്ന പ്രവാസികളെ പിഴിയുന്ന ശീലം വിമാന കമ്പനികള്‍ തുടരുന്നു. ഈ മാസം അഞ്ചിന് വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നും നാട്ടിലേക്കെത്താൻ ശരാശരി നിരക്ക് 25,000 മുതൽ അറുപതിനായിരം രൂപവരെ നൽകണം. വീട്ടുകാർക്കൊപ്പം ഓണവും വലിയ പെരുന്നാളും ആഘോഷിച്ച് അറബിനാട്ടിലേക്ക് തിരിച്ചു പറക്കണമെങ്കിൽ നിരക്ക് ഇതിലും കൂടും. ആഗസ്റ്റ് 29ന് തിരുവനന്തപുരത്തു നിന്നോ കൊച്ചിയിൽ നിന്നോ ദുബായി, കുവൈത്ത്, തുടങ്ങിയ മേഖലകളിലേക്ക് 32,124 മുതൽ ഒരുലക്ഷത്തി ഇരുപതിനായിരം രൂപവരെ കൊടുക്കണം. ഇതേ ദിവസം കോഴിക്കോട് റിയാദ് ഫ്ലൈറ്റുകളുടെ പരമാവധി നിരക്ക് 70,200 രൂപ.കൊള്ളയടിയിൽ എയർ ഇന്ത്യയും പിന്നിലല്ല. സെപ്റ്റം ബർ 29ന് കോഴിക്കോട് ബഹറൈന്‍ വിമാനനിരക്ക് 60,348. ഓണവും പെരുന്നാളും ഒരുമിച്ചെത്തിയ അവസരം വിമാനകമ്പനികള്‍ മുതലാക്കിയതോടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മധ്യവേനലവധിക്കാലത്തെ ഏറ്റവും കൂടിയ നിരക്കാണ് ഇപ്പോഴുള്ളത്.