ഗജ ചുഴലിക്കാറ്റ് : തമിഴ്നാടിന് കേന്ദ്ര സര്‍ക്കാര്‍ 353.7 കോടി അനുവദിച്ചു

ന്യൂഡല്‍ഹി : ഗജ ചുഴലിക്കാറ്റ് നാശം വിതച്ച തമിഴ്‌നാടിന് കേന്ദ്രസര്‍ക്കാര്‍ 353.7 കോടി രൂപ അനുവദിച്ചു. ആദ്യഘട്ടസഹായമായാണ് ഇത്രയും തുക അനുവദിച്ചത്.

അതേസമയം 15,000 കോടി രൂപ വേണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. ദുരന്തവ്യാപ്തി വിലയിരുത്തിയ കേന്ദ്രസംഘത്തിന്റെ പൂര്‍ണറിപ്പോര്‍ട്ട് ലഭിച്ച ശേഷം ബാക്കി തുക അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കി.

ഗജ ദുരന്തം വിതച്ച തമിഴ്‌നാടിനെ സഹായിക്കുന്നതിന് 10 കോടി രൂപ നല്‍കാന്‍ കേരളം തീരുമാനിച്ചിരുന്നു.

നേരത്തെ മഹാപ്രളയത്തില്‍ പെട്ട കേരളത്തിന് കൈത്താങ്ങായി തമിഴ്‌നാട് സര്‍ക്കാരും തമിഴ് ജനതയും രംഗത്തുവന്നിരുന്നു.